Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനറൽ കൗൺസിൽ ചൊവ്വാഴ്ച; എംഎൽഎമാരെ ‘ഒളിച്ചുകടത്തി’ ദിനകരൻ

TTV Dhinakaran ടി.ടി.വി. ദിനകരൻ തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാർക്കൊപ്പം (ഫയൽ ചിത്രം)

ചെന്നൈ ∙ തമിഴ്നാട്ടിൽ പളനിസാമിക്കും പനീർസെൽവത്തിനുമെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്ന വിമത നേതാവ് ടി.ടി.വി. ദിനകരന്‍, പുതുച്ചേരിയിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച അണ്ണാ ഡിഎംകെ ജനറല്‍ കൗണ്‍സില്‍ ചേരാനിരിക്കെ കൂര്‍ഗിലെ സ്വകാര്യ റിസോര്‍ട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. ഒപ്പമുണ്ടായിരുന്ന കമ്പം എംഎല്‍എ ജക്കയ്യന്‍, എടപ്പാടി പക്ഷത്തേക്കു കൂറുമാറിയതിനെ തുടര്‍ന്നാണ് ദിനകരന്റെ മറുനീക്കം. കൊഴിഞ്ഞുപോക്ക് തുടർന്നാൽ എംഎല്‍എമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം രൂപപ്പെടുെമന്ന ആശങ്കയും ദിനകരനുണ്ട്.

അതിനിടെ, മുഖ്യമന്ത്രിക്കുള്ള പിന്തുണ പിന്‍വലിച്ച അണ്ണാ ഡിഎംകെ എംഎല്‍എമാരോട് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചു. നേരത്തെ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് ജക്കയ്യന്‍ ഒഴികെയുള്ള എംഎല്‍എമാര്‍ മറുപടി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ബാക്കിയുള്ള പതിനെട്ട് എംഎല്‍എമാര്‍ നേരിട്ട് ഹാജരാകണമെന്ന് കാണിച്ച് സ്പീക്കര്‍ നോട്ടിസ് നല്‍കിയത്.

നേരത്തെ, ദിനകരന്‍റെ നേതൃത്വത്തില്‍ എംഎല്‍എമാരും എംപിമാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് നിയമസഭയില്‍ വിശ്വാസവോട്ട് നടത്തണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. മൂന്ന് എംഎല്‍എമാര്‍ കൂടി മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കുള്ള പിന്തുണ പിന്‍വലിച്ചതിനു പിന്നാലെയാണ് ദിനകരൻ ഗവർണറെ കണ്ടത്.

എന്നാൽ, വിശ്വാസവോട്ട് തേടാനുള്ള സമ്മർദം ശക്തമായിരിക്കെ, സംസ്ഥാന സർക്കാരിനു 124 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായി പളനിസാമി– പനീർസെൽവം പക്ഷം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം പാർട്ടി ആസ്ഥാനത്തു വിളിച്ചുചേർത്ത എംഎൽഎമാരുടെ യോഗം മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിക്കും ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനും പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് അവകാശവാദം.

യോഗത്തിൽ 111 എംഎൽഎമാർ പങ്കെടുത്തെന്നും ദിനകരനൊപ്പമുള്ള ഒൻപതു പേർ ഫോണിലൂടെ പിന്തുണ വാഗ്ദാനം ചെയ്തെന്നും മന്ത്രി ഡി.ജയകുമാർ പറഞ്ഞു. അണ്ണാ ഡിഎംകെ ചിഹ്നത്തിൽ ജയിച്ച മൂന്നു സ്വതന്ത്രരുടെ പിന്തുണയും ജയകുമാർ അവകാശപ്പെട്ടു. എന്നാൽ, യോഗത്തിൽ 109 എംഎൽഎമാർ മാത്രമാണു പങ്കെടുത്തതെന്ന് ആരോപിച്ച് ഡിഎംകെ, വിശ്വാസവോട്ടിനു വേണ്ടിയുള്ള ആവശ്യം ആവർത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദിനകരനും വിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.