Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജ്വല്ലറിയുടെ ചുമർ തുരന്ന് 4.75 കിലോ സ്വർണം കവർന്നു; നഷ്ടപ്പെട്ടത് 1.30 കോടിയുടെ സ്വർണം

ollur-jewellary-robbery കവർച്ച നടന്ന ജ്വല്ലറിയിൽ പൊലീസ് പരിശോധന നടത്തുന്നു. ചിത്രം: ഉണ്ണി കോട്ടക്കൽ

ഒല്ലൂർ (തൃശൂർ) ∙ അർധരാത്രി ജ്വല്ലറിയുടെ ചുമർ തുരന്ന് 4.75 കിലോ സ്വർണാഭരണങ്ങൾ കവർന്നു. ഒല്ലൂർ സെന്ററിലെ ആത്മിക ജ്വല്ലറിയിൽ വെള്ളിയാഴ്ച രാത്രിയിലാണ് കവർച്ച. തൊട്ടുപിന്നിൽ പൂട്ടിക്കിടന്ന ഓട്ടുകമ്പനിയുടെ ഷെഡ് പൊളിച്ചു ജ്വല്ലറിയുടെ പിൻഭാഗത്തെത്തിയ കവർച്ചക്കാർ ഗ്യാസ് കട്ടർ അടക്കമുള്ള സാമഗ്രികൾ ഉപയോഗിച്ചു പിറകിലെ ചുമർ തകർത്താണ് മോഷണം നടത്തിയത്. 1.30 കോടി രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നാണു പ്രാഥമിക കണക്ക്.

സിസിടിവി ക്യാമറയിൽ മോഷ്ടാവിന്റെ അവ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ചിയ്യാരം പേരാത്ത് രഘുനാഥിന്റെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. തറയിൽ പ്രത്യേകം തയാറാക്കിയ സേഫ് ലോക്കറിനുള്ളിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. വളകൾ, മാലകൾ, നെക്‌ലേസുകൾ തുടങ്ങിയവയാണ് ഇതിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ കട തുറക്കാൻ ജീവനക്കാരെത്തിയപ്പോഴാണു കവർച്ച പുറത്തറിയുന്നത്. ജ്വല്ലറിയുടെ പിൻഭാഗത്തോടുചേർന്നുള്ള ഓട്ടുകമ്പനി 10 വർഷമായി പൂട്ടിക്കിടക്കുകയാണ്. ജ്വല്ലറിക്കും ഓട്ടുകമ്പനിക്കുമിടയിൽ 10 മീറ്റർ സ്ഥലമേയുള്ളു. ഓട്ടുകമ്പനിയുടെ ഭിത്തിയുടെ മുകൾഭാഗം നിർമിച്ചിരിക്കുന്നത് ഓടുകൾ അടുക്കിവച്ചാണ്. ഒരാൾക്കു നൂഴ്ന്നിറങ്ങാവുന്ന വലുപ്പത്തിൽ ഈ ഓടുകൾ ഇളക്കിമാറ്റിയാണ് മോഷ്ടാക്കൾ ജ്വല്ലറിയുടെ ചുമരിനടുത്തെത്തിയത്. കോൺക്രീറ്റുകൊണ്ട് നിർമിച്ചിരിക്കുന്ന ചുമർ ഗ്യാസ് കട്ടർ ഉപയോഗിച്ചു തുരന്ന് അകത്തുകയറി.

സേഫ് ലോക്കറിനു മുൻപു ഗ്രിൽ അടക്കം മൂന്ന് ഉറപ്പേറിയ വാതിലുകളുണ്ട്. ഇവ മൂന്നും ഇളക്കിമാറ്റി. കവർച്ചയ്ക്കുശേഷം മോഷ്ടാക്കൾ പിൻഭാഗത്തുകൂടി രക്ഷപ്പെട്ടു എന്നും പൊലീസ് കരുതുന്നു. പിൻഭാഗത്തുനിന്ന് ഒഴിഞ്ഞ ബാഗുകളും ഗ്യാസ് കട്ടറും സിലിണ്ടറും മറ്റു സാമഗ്രികളും കണ്ടെത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. ജ്വല്ലറിയിൽ രാത്രി കാവൽക്കാരനുണ്ടായിരുന്നില്ലെന്നാണു വിവരം. 2005ൽ ഇതേ ജ്വല്ലറിയുടെ ഇതേ സ്ഥാനത്തെ ചുമർ തുരന്നു മോഷ്ടാക്കൾ മൂന്നു കിലോ സ്വർണാഭരണം കവർന്നിരുന്നു. മോഷ്ടാക്കളെ പിന്നീടു പിടികൂടിയെങ്കിലും സ്വർണം കണ്ടെത്താനായില്ല.

related stories