Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തിന്റെ സല്യൂട്ട്; ആത്മവിശ്വാസത്തിന്റെ ഈ പരേഡിന്

swathi സ്വാതി മഹാദികും(ഇടത്) നിധി മിശ്ര ദുബെയും ചെന്നൈയിലെ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ.

ചെന്നൈ∙ സൈന്യത്തിന്റെ യൂണിഫോമണിഞ്ഞു രണ്ടു വനിതകൾ. ഇവർ ആത്മവിശ്വാസത്തിന്റെ പരേഡ് നടത്തുമ്പോൾ ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് നൽകാം. ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ ഒരു വർഷത്തോളം നീണ്ട കഠിന പരിശീലനത്തിനു ശേഷം ഇന്നലെ കർമരംഗത്തിറങ്ങിയ 322 പേരിൽ ലഫ്റ്റനന്റുമാരായ സ്വാതി മഹാദികും നിധി മിശ്ര ദുബെയുമുണ്ട്. പൊതുവായി മറ്റൊരു മേൽവിലാസം കൂടി ഇവർക്കുണ്ട് - ഇരുവരുടെയും ഭർത്താക്കന്മാർ സൈനികരായിരുന്നു.

രാജ്യത്തിനായി ജീവൻ ത്യജിച്ച കേണൽ സന്തോഷ് മഹാദികിന്റെ ഭാര്യയാണു മുപ്പത്തെട്ടുകാരിയായ സ്വാതി. 2015 നവംബറിൽ കശ്മീരിലെ കുപ്‌വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണു സന്തോഷ് രക്തസാക്ഷിയായത്. മഹാരാഷ്ട്രാ സ്വദേശിനിയായ സ്വാതി അധ്യാപികയായിരുന്നു. ഭർത്താവിന്റെ ചിതയ്ക്കരികിൽ നിൽക്കുമ്പോഴാണ് അദ്ദേഹത്തിനു പ്രിയപ്പെട്ട സൈനിക യൂണിഫോം അണിയാനുള്ള തീരുമാനമെടുത്തത്. മൂത്തമകൾ കാർത്തികിയും മകൻ സ്വരാജും പിന്തുണ നൽകി.

കഠിന പരിശീലനത്തിലൂടെ സർവീസ് സിലക്‌ഷൻ ബോർഡ് (എസ്എസ്ബി) പരീക്ഷ പാസായ സ്വാതി ചെന്നൈയിലെ ട്രെയ്നിങ് അക്കാദമിയിലെത്തി. പാസിങ് ഔട്ട് പരേഡിനുശേഷം മക്കളെ ചേർത്തുപിടിച്ച് സ്വാതി പറഞ്ഞു, എന്നും അദ്ദേഹത്തിന് ആദ്യപ്രണയം ഈ യൂണിഫോമിനോടായിരുന്നു. ഇപ്പോൾ അതും എനിക്കു സ്വന്തമായല്ലോ.

സൈന്യത്തിലെ മഹർ റജിമെന്റിൽ നായിക്കായിരുന്ന ഭർത്താവ് മുകേഷ് ദുബെ ഹൃദയാഘാതത്തെ തുടർന്നു മരിക്കുമ്പോൾ നിധിക്കു പ്രായം 21; നാലുമാസം ഗർഭിണിയും. വിധിയോടും ജീവിതത്തോടും തോൽക്കാൻ മധ്യപ്രദേശുകാരിയായ നിധിക്കു മനസ്സില്ലായിരുന്നു. സൈന്യം തന്നെയാണു വഴിയെന്നു മനസ്സിലുറപ്പിച്ച നിധി, അഞ്ചാം തവണയാണു സർവീസ് സിലക്‌ഷൻ ബോർഡ് പരീക്ഷ പാസായത്. പാസിങ് ഔട്ട് പരേഡിനു സാക്ഷിയാകാൻ ഏഴു വയസ്സുകാരൻ മകനുമുണ്ടായിരുന്നു.

ധനമന്ത്രിയുടെ മകളും

ചെന്നൈ∙ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയവരിൽ ഉത്തരാഖണ്ഡിലെ ധനമന്ത്രിയുടെ മകളും. സംസ്ഥാന ധനമന്ത്രി പ്രകാശ് പന്തിന്റെ മകൾ നമിത പന്താണു ലഫ്റ്റനന്റ് റാങ്കോടെ സൈനിക സേവനത്തിനിറങ്ങുന്നത്. പ്രകാശും ഭാര്യ ചന്ദ്രയും മകളുടെ പാസിങ് ഔട്ട് പരേഡിനു സാക്ഷികളാകാനെത്തി.