Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു; ഒരാൾ കീഴടങ്ങി

kashmir

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ സുരക്ഷാ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. മറ്റൊര ഭീകരൻ കീഴടങ്ങി. ഞായറാഴ്ച പുലർച്ചെ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് സംഭവം. ഈ വർഷം മേയിൽ ഭീകരർക്കൊപ്പം ചേർന്ന ആദിൽ എന്നയാളാണ് കീഴടങ്ങിയത്. സൈന്യത്തിന്റെ പിടിയിലാകുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഇയാൾ കീഴടങ്ങിയതെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടലിനിടെ ഒരു ഭീകരൻ ആയുധം വച്ച് കീഴടങ്ങുന്നത് സമീപകാലത്ത് ആദ്യമാണ്.

ഏറ്റുമുട്ടലിനിടെ സമീപത്തെ വീട്ടിൽ കയറി ഒളിച്ച ഭീകരനെ സൈന്യം നയപരമായി കീഴടങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു. കൊലപ്പെടുത്തില്ലെന്ന ഉറപ്പിനെ തുടർന്ന് വീടിനു പുറത്തെത്തിയ ഇയാൾ, കൈവശമുണ്ടായിരുന്ന എകെ–47 തോക്ക് കൈമാറിയശേഷം കീഴടങ്ങുകയായിരുന്നു.

ഷോപിയാനിലെ ചിത്തിപ്പോരയിൽനിന്നുള്ള ആദിലിനെ ചോദ്യം ചെയ്യലിനു വിധേയനാക്കിയെങ്കിലും, ‌ഇയാൾ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇയാൾക്കൊപ്പമുണ്ടായിരുന്ന താരിഖ് അഹമ്മദ് ദാർ എന്ന ഭീകരന്റെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. സമീപകാലത്ത് കശ്മീരിനെ പിടിച്ചുകുലുക്കിയ പല ഭീകരാക്രമണങ്ങളിലും പങ്കാളിയായിരുന്നു ദാറെന്ന് അധികൃതർ അറിയിച്ചു.