Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായി സദ്യ നൽകിയ കണ്ണന്താനത്തെ തള്ളി വിഎസ്; മറുപടിയുമായി കണ്ണന്താനം

V S Achuthanandan, Alphons Kannanthanam

തിരുവനന്തപുരം ∙ അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചതിൽ അഭിനന്ദനീയമായി ഒന്നുമില്ലെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദന്‍. ബിജെപി മന്ത്രിസഭയിൽ ചേർന്നതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തിരിക്കുകയാണെന്നും വിഎസ് വിമർശിച്ചു. ഇടതു സഹയാത്രികനു സംഭവിക്കാവുന്ന ഏറ്റവും വലിയ അപചയമാണിത്. സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷം കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും വിഎസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

അതേസമയം, പ്രായമേറെയുള്ള ആളായതുകൊണ്ട് വിഎസ് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്ന് കണ്ണന്താനം പ്രതികരിച്ചു. വിഎസിന് എന്തും പറയാം. ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

സംസ്ഥാന ലാൻഡ് റവന്യൂ കമ്മിഷണറായിരിക്കെ ഐഎഎസിൽനിന്നും രാജിവച്ച അൽഫോൻസ് കണ്ണന്താനം തുടർന്നങ്ങോട്ട് ഇടതുപക്ഷ സഹയാത്രികനായിരുന്നു. 2006ൽ കാഞ്ഞിരപ്പള്ളിയിൽനിന്നും ഇടതു സ്വതന്ത്രനായി മൽസരിച്ച അദ്ദേഹം മികച്ച വിജയം നേടി നിയമസഭയിലെത്തി. എന്നാൽ, എംഎൽഎ സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ കണ്ണന്താനം ബിജെപിയിലേക്കു കൂടുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ്, സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷം കൂടുതൽ ജാഗരൂകരാകണമെന്ന മുതിർന്ന നേതാവിന്റെ മുന്നറിയിപ്പ്.

അതേസമയം, കണ്ണന്താനത്തോടു മുഖ്യമന്ത്രി പിണറായി വിജയനും വിഎസും സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യവും ശ്രദ്ധേയമാണ്. അല്‍ഫോൻസ് കണ്ണന്താനം മികച്ച പാര്‍ലമെന്‍റേറിയനാണെന്ന പിണറായി വിജയന്റെ പുകഴ്ത്തലിനു കടകവിരുദ്ധമാണ് കണ്ണന്താനത്തെ കണ്ണടച്ച് എതിർക്കുന്ന വിഎസിന്റെ നിലപാട്. നിയമസഭയില്‍ തിളങ്ങിയതുപോലെ പാര്‍ലമെന്‍റിലും കണ്ണന്താനത്തിനു മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകുമെന്നും കേന്ദ്രമന്ത്രിയായ ശേഷം കണ്ണന്താനത്തിനു നൽകിയ ഉച്ചവിരുന്നിനിടെ പിണറായി പറഞ്ഞിരുന്നു.

related stories