Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവേകാനന്ദൻ കാവി വസ്ത്രം ധരിച്ചതാണോ അവഗണനയ്ക്കു കാരണം? ബിജെപി

Krishna Das P K

തിരുവനന്തപുരം ∙ സ്വാമി വിവേകാനന്ദന്‍റെ ചിക്കാഗോ പ്രസംഗത്തിന്‍റെ 125–ാം വാർഷിക ദിനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരളത്തിലെ കോളജുകളിൽ പ്രദർശിപ്പിക്കാൻ തയാറാകാത്ത സംസ്ഥാന സർക്കാർ, രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തിന്‍റെ കടയ്ക്കൽ കത്തിവയ്ക്കുകയാണെന്ന് ബിജെപി. ഇത് സ്വാമി വിവേകാനന്ദനോടുള്ള അവഹേളനമാണ്. ഇതേപ്പറ്റി ചാൻസലർ കൂടിയായ ഗവർണർ വിശദീകരണം തേടണമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ നിർദ്ദേശങ്ങള്‍ പാലിക്കാൻ തയാറല്ലെങ്കിൽ കേന്ദ്ര ഫണ്ടും വേണ്ടെന്നു വയ്ക്കാൻ സംസ്ഥാനം തയാറാകണം. ജിഹാദി ഭീകരരെ തൃപ്തിപ്പെടുത്താനാണ് ഇടതു സർക്കാർ കേന്ദ്ര നിർദ്ദേശം അവഗണിച്ചത്. ജിഹാദി വോട്ടിനായി കേരളത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിൽ മത്സരമാണ്. വിവേകാനന്ദൻ കാവി വസ്ത്രം ധരിച്ചതാണോ അവഗണനക്ക് കാരണമെന്ന് സർക്കാർ വ്യക്തമാക്കണം. അഫ്സൽ ഗുരു, യാക്കൂബ് മേമൻ തുടങ്ങിയ രാജ്യദ്രോഹികളുടെ പ്രസംഗം കേരളത്തിലെ സർവകലാശാലകളിൽ കേൾപ്പിക്കാൻ തയാറായവരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തമസ്കരിച്ചത്. പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ട് യുവാക്കൾ പ്രചോദിതരാകുമെന്ന് ഭയന്നാണ് സിപിഎം അതിനെ എതിർക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു.

ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറണമെന്നും ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ എന്ത് മതവിദ്വേഷ പ്രസംഗമാണ് നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.

related stories