Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇർമ’യുടെ വ്യാജ വിഡിയോയുമായി വൈറ്റ്ഹൗസ്; നന്ദി പറഞ്ഞ് തടിയൂരി

Dan Scavino വെള്ളക്കെട്ടിൽ മുങ്ങിയ മിയാമി രാജ്യാന്തര വിമാനത്താവളം എന്ന പേരിൽ ഡാൻ സ്കാവിനോ ട്വിറ്ററിൽ പങ്കുവച്ച വിഡിയോ ദൃശ്യം.

വാഷിങ്ടൻ∙ ഫ്ളോറിഡയെ ദുരിതത്തിലാക്കി ആഞ്ഞടിച്ച ഇർമ ചുഴലിക്കാറ്റിന്റെ തെറ്റായ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് വൈറ്റ് ഹൗസ് പുലിവാലു പിടിച്ചു. വൈറ്റ് ഹൗസ് സോഷ്യൽമീഡിയ ഡയറക്ടർ ഡാൻ സ്കാവിനോ, ഇർമ ദുരിതത്തിന്റേതെന്നു പറഞ്ഞ് ട്വീറ്റ് ചെയ്ത വിഡിയോ ആണ് വിവാദമായത്. വെള്ളക്കെട്ടിൽ മുങ്ങിയ മിയാമി രാജ്യാന്തര വിമാനത്താവളം എന്ന പേരിലാണ് ഡാൻ വിഡിയോ പങ്കുവച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് എന്നിവരോടൊപ്പം എന്നുള്ള അടിക്കുറിപ്പ് കൂടിയായതോടെ വിഡിയോ കത്തിപ്പടർന്നു.

എന്നാൽ, വിഡിയോ വ്യാജമാണെന്ന പ്രതികരണങ്ങൾ ഉടനെവന്നു. അധികം വൈകാതെ മിയാമി വിമാനത്താവളം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ വിശദീകരണവുമായി രംഗത്തെത്തി. ആ വിഡിയോ ഞങ്ങളുടേതല്ലെന്നും അങ്ങനെയൊരു സംഭവമില്ലെന്നും അവർ വ്യക്തമാക്കി.

ഇതേത്തുടർന്ന് ഉരുണ്ടുകളിക്കാനും കണ്ടില്ലെന്നു നടിക്കാനുമൊന്നും ഡാൻ‌ സ്കാവിനോ തയാറായില്ല. നേരത്തേ പങ്കുവച്ച വിഡിയോ ഡിലീറ്റ് ചെയ്തെന്നും വിവരത്തിനു നന്ദിയുണ്ടെന്നും അറിയിച്ച് ഡാനിന്റെ സന്ദേശമെത്തി. നൂറുകണക്കിന് വിഡിയോകളും ചിത്രങ്ങളുമാണ് തനിക്ക് ഇർമയുടെ പേരിൽ കിട്ടുന്നത്. അതെല്ലാം പരമാവധി പരിശോധിച്ചാണ് പങ്കുവയ്ക്കുന്നതെന്നും ഡാൻ അറിയിച്ചു. തെറ്റു തിരുത്തിയ ഡാനിന് മിയാമി രാജ്യാന്തര വിമാനത്താവള അധികൃതരും നന്ദി അറിയിച്ചു.