Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യകളെ തിരികെ അയയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുഎൻ

Rohingya Muslims

ജനീവ ∙ ഇന്ത്യയിൽ അഭയം തേടിയെത്തിയ രോഹിൻഗ്യ മുസ്‍ലിംകളെ മ്യാൻമറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടന. രോഹിൻഗ്യ മുസ്‍ലിംകളെ ലക്ഷ്യമിട്ട് മ്യാൻമറിൽ വലിയ സംഘർഷം നടക്കുമ്പോഴും അവരെ നാട്ടിലേക്ക് തിരിച്ചയ്ക്കാനുള്ള നീക്കം അപലപനീയമാണെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ സെയ്ദ് റാ അദ് അൽ ഹുസൈൻ വ്യക്തമാക്കി. ജനീവയിൽ നടക്കുന്ന യുഎൻ മനുഷ്യാവകാശ കൗൺസിലിന്റെ 36–ാം വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 40,000–ഓളം രോഹിൻഗ്യ മുസ്‌ലിംകൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽ 16,000 പേർക്ക് അഭയാർഥികളാണെന്നതിന്റെ ഔദ്യോഗിക രേഖകൾ ലഭിച്ചിട്ടുള്ളതാണ്. ഇവർക്കെതിരെ മ്യാൻമറിൽ കടുത്ത വംശീയ സംഘർഷം നടക്കുമ്പോഴും അതിനിടയിലേക്ക് ഇവരെ മടക്കി വിടാനുള്ള നീക്കം ഖേദകരമാണ് – ഹുസൈൻ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ കൂട്ടത്തോളെ അഭയാർഥികളെ തിരിച്ചയയ്ക്കാൻ ഇന്ത്യയ്ക്ക് അധികാരമില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനവും നടക്കുന്ന സ്ഥലത്തേക്ക് ഇവരെ മടക്കിവിടാനും സാധ്യമല്ല – ഹുസൈൻ ചൂണ്ടിക്കാട്ടി. രോഹിന്‍ഗ്യകളെ നാട്ടിലേക്കു തിരിച്ചയയ്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയും മനുഷ്യാവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകാനും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Rohingya Crisis

രോഹിൻഗ്യ ഗ്രാമങ്ങൾ ലക്ഷ്യമിട്ട് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളാണ് ദിനംപ്രതി അരങ്ങേറുന്നതെന്നും ഹുസൈൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള റിപ്പോർട്ടുകളും സാറ്റലൈറ്റ് ചിത്രങ്ങളും പീഡനത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് അവിടെ മരിച്ചുവീഴുന്നത്. മറ്റു സ്ഥലങ്ങളിലേക്കു ജീവനും കൊണ്ട് രക്ഷപ്പെടുന്നവരെ പോലും ഇവർ വെറുതെ വിടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രോഹിൻഗ്യകൾ ബംഗ്ലദേശിലേക്ക് രക്ഷപ്പെടുന്നതു തടയാൻ മ്യാന്‍മർ അധികൃതർ അതിർത്തിയിൽ മൈനുകൾ കുഴിച്ചിടുന്നുവെന്ന റിപ്പോർട്ടുകൾ ഗൗരവകരമാണെന്നും ഹുസൈൻ വ്യക്തമാക്കി. പതിറ്റാണ്ടുകളായി മാനുഷികവും രാഷ്ട്രീയപരവുമായ അവകാശങ്ങൾ നിരസിക്കപ്പെട്ട ജനതയാണ് രോഹിൻഗ്യകൾ. എന്നിട്ടും ജീവനോടെ വിടണമെങ്കിൽ പൗരത്വം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്ന നിർദ്ദേശം മനുഷ്യാവകാശ ലംഘനമാണെന്ന് അദ്ദേഹം വ്യക്തമാക്കി.