Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത സ്വത്തിൽ അന്വേഷണം: ഏഴ് എംപിമാരും 98 എംഎൽഎമാരും കുടുങ്ങും

INDIA RUPEE Representational Image

ന്യൂഡൽഹി ∙ ഏഴു ലോക്‌സഭാംഗങ്ങളുടെയും 98 എംഎൽഎമാരുടെയും ആസ്‌തിയിൽ വൻവർധനയുണ്ടെന്നും പൊരുത്തക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് (സിബിഡിടി) സുപ്രീം കോടതിയെ സത്യവാങ്‌മൂലത്തിലൂടെ അറിയിച്ചു. ആരോപണ വിധേയരുടെ പേരും ആസ്‌തിവിവരങ്ങളും രഹസ്യരേഖയായി കോടതിക്കു കൈമാറി.

‘ലോക്‌പ്രഹരി’ എന്ന സംഘടന നൽകിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. മൊത്തം 26 ലോക്‌സഭാംഗങ്ങൾക്കും 11 രാജ്യസഭാംഗങ്ങൾക്കും 257 എംഎൽഎമാർക്കും ആസ്‌തിയിലുണ്ടായ വർധന പരിശോധിക്കണമെന്നാണു ഹർജിയിലെ ആവശ്യം. ആസ്‌തി മാത്രമല്ല, അതിന്റെ സ്രോതസ്സും വെളിപ്പെടുത്താൻ വ്യവസ്‌ഥ ചെയ്യണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

സിബിഡിടിക്കും തിരഞ്ഞെടുപ്പു കമ്മിഷനും കോടതി നേരത്തേ നോട്ടിസ് അയച്ചിരുന്നു. ഹർജിക്കാർ നൽകിയ പട്ടികയുടെ അടിസ്‌ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു ചിലരുടെ ആസ്‌തിയിൽ വൻവർധന കണ്ടെത്തിയതെന്നു സിബിഡിടിയുടെ സത്യവാങ്‌മൂലത്തിൽ പറയുന്നു. ആദായനികുതി വകുപ്പിലെ അന്വേഷണവിഭാഗം ഡയറക്‌ടർ ജനറലിന്റെ റിപ്പോർട്ട് വിവരാവകാശ രേഖയായി നൽകാനാവില്ല.

എന്നാൽ, രഹസ്യരേഖയായി കോടതിക്കു നൽകാം. നാമനിർദേശ പത്രികയ്‌ക്കൊപ്പം നൽകുന്ന സത്യവാങ്‌മൂലത്തിൽ സ്‌ഥാനാർഥികൾ ആസ്‌തി വെളിപ്പെടുത്താറുണ്ട്. ഇതിൽ നൽകുന്ന വിവരങ്ങൾ ആദായനികുതി നിയമത്തിലെ വ്യവസ്‌ഥകൾപ്രകാരം പരിശോധിക്കാറുണ്ട്.

നികുതി റിട്ടേണും സത്യവാങ്‌മൂലത്തിലെ വിവരങ്ങളും തമ്മിൽ പൊരുത്തപ്പെടാത്തപ്പോൾ കൂടുതൽ അന്വേഷണമെന്നതാണു രീതി. ഇപ്പോൾ പൊരുത്തക്കേടു കണ്ടെത്തിയ കേസുകളിൽ കൂടുതൽ അന്വേഷണം നടത്തുമെന്നു സിബിഡിടി അറിയിച്ചു. ആസ്‌തിയിൽ വൻവർധനയുള്ള എംപിമാരുടെയും എംഎൽഎമാരുടെയും വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ തയാറാവാത്തതിനെ കഴിഞ്ഞ ആറിനു കേസ് പരിഗണിച്ചപ്പോൾ കോടതി ശക്‌തമായി വിമർശിച്ചിരുന്നു. വിവരങ്ങൾ ലഭ്യമാക്കാൻ ജസ്‌റ്റിസ് ജസ്‌തി ചെലമേശ്വർ അധ്യക്ഷനായ ബെഞ്ച് അന്നാണു നിർദേശിച്ചത്.

related stories