Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശികലയെ പുറത്താക്കി അണ്ണാ ഡിഎംകെ പ്രമേയം; കോടതിയിൽ കാണാമെന്ന് വെല്ലുവിളി

O. Panneerselvam and K. Palaniswami

ചെന്നൈ ∙ ശശികല പക്ഷത്തെ വെട്ടിനിരത്തി അണ്ണാ ഡിഎംകെയെ കൈപ്പിടിയിലൊതുക്കി പളനിസാമി–പനീർസെൽവം ദ്വയം. ചെന്നൈയിൽ ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗം വി.കെ. ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കുന്നതായി പ്രമേയം പാസാക്കി. ശശികലയുടെ ബന്ധുവും ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ ടി.ടി.വി. ദിനകരനേയും പാർട്ടിയിൽനിന്ന് പുറത്താക്കി. ദിനകരൻ നിയോഗിച്ച പാർട്ടി ഭാരവാഹികളേയും നീക്കാൻ ജനറൽ കൗൺസിൽ തീരുമാനിച്ചു.

ജയലളിതയെ സ്ഥിരം ജനറൽ സെക്രട്ടറിയായി നിലനിർത്താനും ജനറൽ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ജയലളിത നിയമിച്ച ഭാരവാഹികളും പാർട്ടിയിൽ നിലനിൽക്കും. തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ എടപ്പാടി പളനിസാമിയും മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവവും ചേർന്ന സമിതിയാകും ഇനി പാർട്ടിയെ നയിക്കുക. പനീർസെൽവത്തെ ചീഫ് കോഓഡിനേറ്ററായും പളനിസാമിയെ അസിസ്റ്റന്റ് കോഓഡിനേറ്ററായും കൗൺസിൽ തിരഞ്ഞെടുത്തു.

അതേസമയം, ജനറൽ കൗണ്‍സിലിന്റെ തീരുമാനം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ശശികല പക്ഷം ഏറ്റുമുട്ടലിന് തയാറാണെന്ന സൂചന നൽകിയതോടെ, അണ്ണാ ഡിഎംകെയിൽ വീണ്ടും പൊട്ടിത്തെറിക്കു വഴിതെളിഞ്ഞു. തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇവർ വ്യക്തമാക്കി. ജനറൽ കൗൺസിൽ വിളിക്കാൻ പളനിസാമിക്ക് അധികാരമില്ലെന്ന് ശശികല വിഭാഗം ചൂണ്ടിക്കാട്ടി. ജനറൽ സെക്രട്ടറിക്കാണ് ഇതിന് അവകാശമുള്ളത്. ശശികലയെ പുറത്താക്കിയ സാഹചര്യത്തിൽ ഒപ്പമുള്ള എംഎൽഎമാരെ ചേർത്തുനിർത്തി സർക്കാരിനെ മറിച്ചിടാനും മടിക്കില്ലെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്.

അതേസമയം‍, ജയലളിതയെ പുറത്താക്കിയ തീരുമാനമുൾപ്പെടെ കൗണ്‍സില്‍ കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളിലും മദ്രാസ് ഹൈക്കോടതിയാവും അന്തിമ വിധി പുറപ്പെടുവിക്കുക. 24നു ഹർജി വീണ്ടും പരിഗണിക്കുമ്പോൾ യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജനറൽ കൗൺസിൽ തടയണമെന്ന് ആവശ്യപ്പെട്ട് ശശികല വിഭാഗം നൽകിയ ഹർജി തീർപ്പാക്കുമ്പോഴാണ് മദ്രാസ് ഹൈക്കോടതി ഈ നിർദ്ദേശങ്ങൾ നൽകിയത്

നേരത്തെ, രാത്രിവരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് അണ്ണാ ഡിഎംകെ ജനറൽ കൗൺസിൽ, എക്സിക്യൂട്ടീവ് യോഗങ്ങൾ തടയണമെന്ന ദിനകരൻ പക്ഷത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയത്. പി.വെട്രിവേൽ എംഎൽയുടെ ഹർജി രാവിലെ തന്നെ സിംഗിൾ ബെഞ്ച് തള്ളുകയും കോടതിയുടെ സമയം നഷ്ടമാക്കിയതിന് ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തിരുന്നു.