Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്യാർഥി ചോദിക്കുന്നു: കേരളത്തിൽ നിന്നു കാണാതായ 20,000 കുട്ടികളെവിടെ?

kailash-sathyarthi

തിരുവനന്തപുരം ∙ സാമൂഹികരംഗത്തെ നേട്ടങ്ങളുടെ പേരിൽ അഭിമാനിക്കുന്ന മലയാളികളുടെ ചങ്കിൽക്കൊള്ളുന്ന മുന്നറിയിപ്പുമായി നൊബേൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി. രണ്ടുവർഷത്തിനിടെ 20,000 കുട്ടികളെ കേരളത്തിൽനിന്നു കാണാതായിട്ടുണ്ടെന്നും ഈ കുട്ടികൾ എവിടെയെന്നു കണ്ടെത്തേണ്ടതു സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സത്യാർഥി മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി. 

സത്യാർഥിയുമായി നടത്തിയ സംഭാഷണത്തിൽനിന്ന്:

∙   സാമൂഹിക വികസനത്തിൽ കേരളം മുന്നിലാണ്. കുട്ടികളുടെ സുരക്ഷയ്ക്കു കേരളം എന്തൊക്കെയാണു ചെയ്യേണ്ടത്? 

സാക്ഷരതയും സാമൂഹികബോധവും കൂടുതലുള്ള സമൂഹമാണു കേരളത്തിലേത് എന്നതു ശരിയാണ്. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കേരളവും അപകടകരമായ ദിശയിലാണു നീങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഇവിടെ വർധിക്കുകയാണ്. വീടിനുള്ളിലാണ് കൂടുതലും ചൂഷണമെന്നതു ഞെട്ടിക്കുന്ന കാര്യം. 2013–15 കാലയളവിൽ കേരളത്തിൽനിന്ന് 20,000 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവർ എവിടെപ്പോയി? കുട്ടിക്കടത്തു സംഘങ്ങൾ ഇവിടെയും സജീവമാണെന്നല്ലേ ഇതിനർഥം? ലൈംഗിക ചൂഷണം ഉൾപ്പെടെ ക്രൂരതകൾക്കാണ് ഈ കുട്ടികൾ ഇരകളാകുന്നത്. 

കൗമാരക്കാരുടെ ആത്മഹത്യയാണ് ഇവിടത്തെ മറ്റൊരു ഗുരുതര പ്രശ്നം. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ കൂടുന്നു. ഇതെല്ലാം കേരള സർക്കാരും സമൂഹവും ഗൗരവത്തോടെ കാണണം.  

∙ ഇന്ത്യ കുട്ടികൾക്ക് എത്രമാത്രം സുരക്ഷിതമാണ്? 

ഇന്ത്യയിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. സർക്കാർ ഒട്ടേറെ ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും പൂർണ ഫലം ആയിട്ടില്ല. ഒരു കുട്ടിയെങ്കിലും സുരക്ഷിതയല്ലെങ്കിൽ നാം ആശങ്കപ്പെടണം. സ്കൂളുകളിൽ പോലും കുട്ടികൾ അക്രമങ്ങൾക്കിരയാകുന്നു.  കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിയമത്തിനായുള്ള ശ്രമങ്ങളിലാണു ഞങ്ങൾ. 

പോക്സോ ഉൾപ്പെടെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നുണ്ടെങ്കിലും 10% കേസുകളിൽ മാത്രമാണു നടപടി വരുന്നത്. ചില കേസുകൾ 40 വർഷം വരെ നീളുന്നു എന്നതു കയ്പേറിയ യാഥാർഥ്യമാണ്. മത, രാഷ്ട്രീയഭേദമില്ലാതെ ജനങ്ങൾ ഒന്നിച്ചാൽ മാത്രമേ കുട്ടികളെ സുരക്ഷിതരാക്കാനാകൂ. ആ ദൗത്യത്തിന്റെ തുടക്കമാണു ഭാരത് യാത്ര. 

∙ കുട്ടികളുടെ മാനസികമായ സുരക്ഷയും കണക്കിലെടുക്കേണ്ടതല്ലേ? 

അനാവശ്യ മൽസരങ്ങളും കരിയറിനെക്കുറിച്ചുള്ള ആധിയും പണം സമ്പാദിക്കാനുള്ള ആർത്തിയുമൊക്കെ രക്ഷിതാക്കൾ അടിച്ചേൽപിക്കുന്നതോടെ കുട്ടികൾ മാനസിക സമ്മർദത്തിന് അടിമകളാകുന്നു. നമുക്കു നേടാൻ കഴിയാതിരുന്നതെല്ലാം കുട്ടികൾ നേടണമെന്നാണു രക്ഷിതാക്കളുടെ അത്യാഗ്രഹം ബാല്യത്തിന്റെ ആനന്ദമാണു നഷ്ടപ്പെടുത്തുന്നത്.  

∙ കുട്ടികളുടെ ഓൺലൈൻ സുരക്ഷയാണ് ഇപ്പോഴത്തെ വലിയൊരു ആശങ്ക. 

ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഓൺലൈൻ ഗെയിമുകളാണു പ്രചരിക്കുന്നത്. കുട്ടികൾ സൈബർ ചതിക്കുഴികളിൽപെടുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്. വീട്ടിൽനിന്നു മാനസിക പിന്തുണ ലഭിക്കാതെ വരുമ്പോഴാണ് അവർ മറ്റു മേഖലകൾ തേടുക. വഴിതെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്താനും തിരുത്താനും ആദ്യം കഴിയേണ്ടതു രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.

∙ സാമൂഹിക ബോധത്തിന്റെ കുറവ് പുതുതലമുറയെ വഴിതെറ്റിക്കുന്നുണ്ടോ? 

കുട്ടികളിൽ സാമൂഹികബോധവും ഉത്തരവാദിത്തവും വളർത്തേണ്ടതു നമ്മുടെ കടമയാണ്. മലയാള മനോരമയുടെ നല്ലപാഠം ഉൾപ്പെടെ പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ മികച്ച മാതൃകയാണ്. രണ്ടുവർഷം മുൻപു മനോരമയുടെ കുടുംബ സംഗമത്തിനു വന്നപ്പോൾ ഞാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ കുട്ടികളോടു സംസാരിച്ചിരുന്നു. എത്ര ആത്മാർഥതയോടെയാണ് അവർ സാമൂഹിക വിഷയങ്ങളെ സമീപിക്കുന്നത് എന്ന് അന്നു മനസ്സിലായി. ഇത്തരം പ്രവർത്തനങ്ങൾക്ക് എന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.