Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടുതല്‍ ഉപരോധവുമായി യുഎൻ; ‘വലിയ വില’ നൽകേണ്ടിവരുമെന്ന് ഉത്തര കൊറിയ

Kim-Jong-Un കിം ജോങ് ഉന്‍

ന്യൂയോർക്ക്∙ ആണവ പരീക്ഷണത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരകൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താന്‍ യുഎന്‍ രക്ഷാസമിതി തീരുമാനം. യുഎസ് അവതരിപ്പിച്ച പ്രമേയം രക്ഷാസമിതി അംഗീകരിച്ചു. ഉത്തര കൊറിയ ഒരാഴ്ച മുന്‍പു നടത്തിയ ശക്തിയേറിയ അണുപരീക്ഷണമാണു പുതിയ ഉപരോധ നടപടിക്കു വഴിവച്ചത്.

നിയന്ത്രിത അളവിലുള്ള എണ്ണ ഉപരോധം, വസ്ത്രക്കയറ്റുമതി, രാജ്യാന്തര തൊഴില്‍ കരാറുകള്‍, മറ്റു രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംരംഭങ്ങള്‍ എന്നിവയ്ക്കാണു പുതിയ ഉപരോധം. പൂർണമായും എണ്ണ ഉപരോധം ഏർപ്പെടുത്തണമെന്നും കിം ജോങ് ഉന്നിന്റെ സ്വത്തുക്കൾ മരവിപ്പിക്കണമെന്നുമായിരുന്നു യുഎസിന്റെ ആവശ്യം. എന്നാൽ ഈ ആവശ്യങ്ങളോട് ചൈനയും റഷ്യയും പൂർണമായും യോജിച്ചില്ല.

അതേസമയം, യുഎന്‍ ഉപരോധത്തെ ഉചിതമായ രീതിയില്‍ നേരിടുമെന്ന് ഉത്തര കൊറിയ പ്രതികരിച്ചു. യുഎസ് അതിനു വില നൽകേണ്ടിവരുമെന്ന് ഉറപ്പാക്കുമെന്നും ഉത്തര കൊറിയ ഔദ്യോഗിക വാർത്താ ഏജൻസി മുന്നറിയിപ്പു നൽകി.

ഇത്തവണ ഉപരോധം ഏർപ്പെടുത്തിയവ:

∙ ക്രൂഡ് ഓയിലിന്റെയും എണ്ണ ഉൽപ്പന്നങ്ങളുടെയും ഇറക്കുമതിയിൽ നിയന്ത്രണം. ഉത്തര കൊറിയയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിൽ കൂടുതലും നൽകുന്നത് ചൈനയാണ്.

∙ വസ്ത്രക്കയറ്റുമതി പൂർണമായും നിരോധിച്ചു. പ്യോങ്യാങ്ങിന്റെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിയാണിത്. വർഷത്തിൽ 700 മില്യണ്‍ യുഎസ് ഡോളർ വരുന്ന കച്ചവടം.

∙ വിദേശത്തു ജോലിചെയ്യുന്ന ഉത്തര കൊറിയക്കാരുടെ എണ്ണം പരിമിതപ്പെടുത്തും. ഇതോടെ 500 മില്യൺ യുഎസ് ഡോളർ നികുതി വരുമാനം വർഷാവർഷം ഉത്തര കൊറിയയ്ക്കു ഇല്ലാതാകുമെന്നാണു യുഎസിന്റെ കണക്കുകൂട്ടൽ.

ഉപരോധങ്ങൾക്കു മറുപടി ആയുധ പരീക്ഷണങ്ങൾ

ഉത്തര കൊറിയയെ ചുരുട്ടിക്കെട്ടാനുള്ള യുഎസിന്റെ ശ്രമങ്ങൾക്കു ശക്തമായ മറുപടിയുമായാണ് അവർ എപ്പോഴുമെത്തുക. ഇതുവരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കു മറുപടി മിസൈൽ പരീക്ഷണങ്ങളാണ്. ഇത്തവണത്തെ ഉപരോധത്തിനുള്ള മറുപടി എന്തെന്നു കാണാനിരിക്കുന്നതേയുള്ളൂ.

∙ 2016 നവംബർ 30: ഉത്തര കൊറിയയും ചൈനയുമായുള്ള കൽക്കരി ഇടപാടാണ് ഐക്യരാഷ്ട്ര സംഘടന ഉപരോധത്തിലൂടെ ലക്ഷ്യമിട്ടത്. ഇതോടെ 60% കയറ്റുമതി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. കോപ്പർ, നിക്കൽ, വെള്ളി, സിങ്ക്, പ്രതിമകളുടെ വിൽപ്പന തുടങ്ങിയവ നിരോധിക്കുകയും ചെയ്തു.

ഫലം: 2017 മേയ് 14 – അണ്വായുധം വഹിക്കാവുന്ന ബാലിസ്റ്റിക് റോക്കറ്റ് ഉത്തര കൊറിയ വിക്ഷേപിച്ചു.

∙ 2017 ജൂൺ 2: നാല് വസ്തുക്കൾക്കും 14 ഉദ്യോഗസ്ഥർക്കും ഐക്യരാഷ്ട്ര സംഘടനയുടെ യാത്രാ വിലക്കും സ്വത്തു മരവിപ്പിക്കലും. ലക്ഷ്യമിട്ടത് ഉത്തര കൊറിയയുടെ രാജ്യാന്തര ചാരപ്രവർത്തനം.

ഫലം: ജൂലൈ 4 – ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) പരീക്ഷണം.

∙ 2017 ഓഗസ്റ്റ് 6: കൽക്കരി, ഇരുമ്പയിര് തുടങ്ങിയ സംസ്കരിക്കാത്ത വസ്തുക്കളുടെ കയറ്റുമതി. മാത്രമല്ല, രാജ്യത്തെ നിക്ഷേപങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ലക്ഷ്യമിട്ടത് കയറ്റുമതി സമ്പദ്‍‌വ്യവസ്ഥയുടെ മൂന്നിലൊന്ന്. ഒരു ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടം പ്യോങ്യാങ്ങിനുണ്ടാകുമെന്നു കണക്കുകൂട്ടൽ

ഫലം: സെപ്റ്റംബർ 3 – ഹൈ‍ഡ്രജൻ ബോംബ് പരീക്ഷണം.  

related stories