Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിയും ആ ആയിരം പേരും ചേർന്ന് ദിവസേന അപവാദങ്ങൾ പടച്ചുവിടുന്നു: രാഹുൽ ഗാന്ധി

Rahul Gandhi

വാഷിങ്ടൻ∙ നരേന്ദ്ര മോദി സർക്കാരിനു കീഴിൽ, അക്രമസംഭവങ്ങൾ ഇന്ത്യൻ ദേശീയതയുടെ മുഖ്യധാരയിലേക്കു കടന്നുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തിയും ഇന്ത്യയിൽ കോൺഗ്രസിന്റെ ശിഥിലീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് ആത്മവിചിന്തനം നടത്തിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനത്തിനു തുടക്കം. 2012–ഓടെ പാർട്ടിക്കുള്ളിലേക്കു നുഴഞ്ഞുകയറിയ ധാർഷ്ഠ്യ മനോഭാവമാണു കോൺഗ്രസിനെ ജനങ്ങളിൽനിന്ന് അകറ്റിയതെന്നു രാഹുൽ അഭിപ്രായപ്പെട്ടു. രണ്ടാഴ്ച നീളുന്ന യുഎസ് പര്യടനത്തിനായി എത്തിയ രാഹുൽ, കലിഫോർണിയ സർവകലാശാലയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുവാക്കളുടേയും മുതിര്‍ന്നവരുടേയും കൃത്യമായ കൂട്ടായ്മയാണ് കോണ്‍ഗ്രസ്. കൂടുതല്‍ യുവാക്കളെ മുഖ്യധാരയിലേക്കും മുന്‍നിരയിലേക്കും എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടി നേതൃത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നും രാഹുൽ വ്യക്തമാക്കി.

ധ്രുവീകരണ രാഷ്ട്രീയം അപകടം

സംഘർഷം ഇന്ത്യയുടെ മുഖ്യധാരയിലേക്കു വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളതെന്നു രാഹുൽ ചൂണ്ടിക്കാട്ടി. ഇതു തീർത്തും അപകടകരമായ പ്രവണതയാണ്. അക്രമത്തിന്റെ ഫലമായി മുത്തശ്ശിയെയും പിതാവിനെയും നഷ്ടമായ ആളാണു ഞാൻ. അക്രമ രാഷ്ട്രീയത്തിന്റെ അപകടങ്ങൾ എനിക്കു മനസിലായില്ലെങ്കിൽ വേറെ ആർക്ക് മനസ്സിലാക്കാനാകും? അഹിംസ എന്ന ആശയം വലിയ പ്രതിസന്ധി നേരിടുന്ന സമയമാണിത്. മനുഷ്യകുലത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്ന പ്രധാന ആശയം അഹിംസയാണെന്നു ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു – സർവകലാശാലയിലെ വിദ്യാർഥികളോടായി രാഹുൽ പറഞ്ഞു.

ധ്രുവീകരണ രാഷ്ട്രീയം വളരെ അപകടം പിടിച്ച ഒന്നാണ്. വിദ്വേഷം, കോപം, ഹിംസ എന്നിവയ്ക്കെല്ലാം നമ്മെ വേരോടെ പിഴുതെറിയാൻ സാധിക്കും. സ്വതന്ത്ര പത്രപ്രവർത്തനം നടത്തുന്നവർ കൊല്ലപ്പെടുന്നു. ബീഫ് കൊണ്ടുപോകുന്നതിന്റെ പേരിൽ പൗരൻമാർ മർദ്ദനത്തിന് ഇരയാവുകയും ദലിത് വിഭാഗക്കാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ബീഫ് കഴിക്കുന്നതിന്റെ പേരിൽ മുസ്‍ലിംകളും വധിക്കപ്പെടുന്നു. ഇതെല്ലാം ഇന്ത്യയെ സംബന്ധിച്ചിടത്തോളം പുതിയ കാഴ്ചകളാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.

മോദിക്കു കീഴിൽ ‘വെല്ലുവിളികളുടെ ഇന്ത്യ’

കോൺഗ്രസ് ഭരണകാലത്ത് വളരെ സുതാര്യമായിരുന്ന വിവരാവകാശ നിയമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ വലിയ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി മികച്ച പ്രഭാഷകനാണെന്നു തുറന്നു സമ്മതിക്കാനും രാഹുൽ മനസ്സു കാട്ടി. എന്റെ കൂടി പ്രധാനമന്ത്രിയാണ് അദ്ദേഹം. മികച്ച പ്രഭാഷകനായ അദ്ദേഹത്തിന് ആശയങ്ങൾ ഏറ്റവും കൃത്യമായി ശ്രോതാക്കളിൽ എത്തിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ, ഭരണം സുതാര്യമാക്കുന്ന കാര്യത്തിൽ അദ്ദേഹത്തിനു വീഴ്ച സംഭവിക്കുന്നുമുണ്ട് – രാഹുൽ പറഞ്ഞു.

പൊതുരംഗത്ത് തന്നെ കഴിവുകെട്ടയാളായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. മോദിയുടെ ആശയവിനിമയശേഷി മികച്ചതാണെങ്കിലും പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒപ്പമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്താറില്ലെന്നും രാഹുല്‍ പരിഹസിച്ചു.

പ്രധാനമന്ത്രി മോദിയും ആ ‘ആയിരം പേരും’

തന്നെക്കറിച്ച് അപവാദങ്ങൾ പ്രചരിപ്പിക്കാൻ ബിജെപിയുടെ ഒരു ടീം സ്ഥിരം ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ബിജെപിക്ക് ഇതിനായി ഒരു സംവിധാനമുണ്ട്. ഏകദേശം ആയിരത്തോളം ആളുകൾ കംപ്യൂട്ടറിനു മുന്നിലിരുന്ന് എന്നെക്കുറിച്ച് അപവാദങ്ങളും അഭ്യൂഹങ്ങളും പടച്ചുവിടുകയാണ്. എന്നും ഇതു തന്നെയാണ് അവരുടെ ജോലി.

എന്നെ കഴിവുകെട്ടവനായി ചിത്രീകരിക്കാനാണ് അവരുടെ ശ്രമം. ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത് രാജ്യത്തെ നയിക്കുന്ന ആ മാന്യദേഹം തന്നെയാണെന്നും രാഹുൽ പറഞ്ഞു.

കുടുംബവാഴ്ച ഇന്ത്യയിൽ സാധാരണം

ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെക്കുറിച്ചും രാഹുൽ മനസ്സു തുറന്നു. ഇന്ത്യയുടെ ഭൂരിഭാഗവും ഇത്തരത്തിൽ തന്നെയാണു ഭരിക്കപ്പെടുന്നതെന്നു രാഹുൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഒരു പൊതു രീതിയാണിത്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും തന്നെ ഇത്തരം കുടുംബാധിപത്യം ഒരു പ്രശ്നമാണ്. അഖിലേഷ് യാദവ്, എ.കെ. സ്റ്റാലിൻ, നടൻ അഭിഷേക് ബച്ചൻ തുടങ്ങിയവരെല്ലാം ഇത്തരത്തിൽ പിന്തുടർച്ചക്കാരായി എത്തിയവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ എന്നെ മാത്രം ലക്ഷ്യമിടുന്നതിൽ കാര്യമില്ല – രാഹുൽ പറഞ്ഞു.

ലോക്സഭാ സീറ്റുകളുടെ എണ്ണം പിഴച്ച് രാഹുൽ

വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ രാഹുൽ ഗാന്ധിക്ക് നാക്കു പിഴച്ചു. 545 ലോക്സഭാ സീറ്റുകള്‍ എന്നതിനു പകരം 546 സീറ്റുകൾ എന്നാണ് രാഹുൽ പറഞ്ഞത്. സംഭവം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതോടെ ഇതേക്കുറിച്ച് ട്രോളുകളും വ്യാപകമായി.

രണ്ട് ആഴ്ച നീളുന്ന സന്ദർശനം

ലോസാഞ്ചൽസിൽ അസ്പെൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രമുഖരുമായും വാഷിങ്ടനിൽ നയരൂപീകരണ വി‌ദഗ്ധരും രാഷ്ട്രീയ നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ വംശജരുടെ സമ്മേളനത്തിലും പങ്കെടുക്കും. ജനാധിപത്യവും മതനിരപേക്ഷതയും ഭീഷണി നേരിടുമ്പോൾ ഇന്ത്യയുടെ കരുത്തും മൂല്യങ്ങളും ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണു രാഹുൽ ഗാന്ധിയുടെ യാത്രാലക്ഷ്യമെന്നു കോൺഗ്രസ് വക്താവ് പറഞ്ഞു. രാഹുലിന്റെ വിദേശ പര്യടനങ്ങളെ ബിജെപി വിമർശിച്ച സാഹചര്യത്തിലാണു കോൺഗ്രസിന്റെ വിശദീകരണം.

related stories