Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അയഞ്ഞ് ഉമ്മൻചാണ്ടി; അഭിപ്രായൈക്യത്തിലെത്തി തിരഞ്ഞെടുപ്പിന് കോൺഗ്രസ്

oommen-chandy-chennithala-hassan

തിരുവനന്തപുരം∙ കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് അഭിപ്രായൈക്യത്തിന്റെ അടിസ്ഥാനത്തിൽ നടത്താൻ ഉന്നതതല ധാരണ. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലും പുറത്തും കോൺഗ്രസ് നേതാക്കൾ നടത്തിയ കൂടിയാലോചനകളിലാണ് ഒത്തുതീർപ്പ് ഉരുത്തിരിഞ്ഞത്. തിരഞ്ഞെടുപ്പ് അതിന്റേതായ അർഥത്തിൽ നടക്കണമെന്നു തന്നെയാണു തന്റെ അഭിപ്രായമെന്ന് അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

പ്രായോഗിക പ്രശ്നമുണ്ടെങ്കിൽ പൊതു അഭിപ്രായത്തിനൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിപ്രായൈക്യത്തിനു വേണ്ടിയുള്ള വാദം രാഷ്ട്രീയകാര്യ സമിതിയിൽ മുറുകിയപ്പോൾ, അതു വീതംവയ്പ്പാകരുതെന്നു വി.എം.സുധീരൻ തുറന്നടിച്ചു. പ്രബലമായ ഇരുവിഭാഗങ്ങളും ചേർന്ന് എല്ലാം വീതംവച്ചെടുക്കാനാണു നീക്കമെങ്കിൽ യോജിക്കാനാകില്ലെന്നു സുധീരൻ പറഞ്ഞപ്പോൾ ചിലർ പിന്തുണച്ചു. ആ ഉദ്ദേശ്യമില്ലെന്നു തുടർന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

എല്ലാ വിഭാഗവുമായും സംസാരിച്ചു പ്രാതിനിധ്യം ഉറപ്പാക്കുമെന്ന് ഇരുവരും അറിയിച്ചു. ഇതിനായി കെപിസിസി പ്രസിഡന്റ് എം.എം.ഹസനെ ചുമതലപ്പെടുത്തി. കമ്മിറ്റികളിൽ 30% എങ്കിലും യുവാക്കളെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തണമെന്ന ധാരണയും രൂപപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഇതു നിർദേശിച്ചു. വനിതകൾക്കും പട്ടികവിഭാഗക്കാർക്കും പ്രാതിനിധ്യം നൽകും. വേങ്ങര ഉപതിരഞ്ഞെടുപ്പിനു മുമ്പായി പുതിയ കെപിസിസി പ്രസിഡന്റ് വരുമോയെന്ന ചോദ്യത്തിന്, ഒരു മണ്ഡലത്തിലെ തിരഞ്ഞെടുപ്പും സംഘടനാ തിരഞ്ഞെടുപ്പും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ഹസന്റെ മറുപടി.

∙നാച്ചിയപ്പൻ വന്നാൽ ധാരണയിലേക്ക്

കേരളത്തിന്റെ ചുമതലയുള്ള വരണാധികാരി സുദർശൻ നാച്ചിയപ്പൻ രണ്ടുമൂന്നു ദിവസത്തിനകം ഇവിടെയെത്തും. അതിനു മുമ്പായി രാഷ്ട്രീയകാര്യസമിതി അംഗങ്ങളും മുതിർന്ന നേതാക്കളുമായി ഹസൻ സംസാരിക്കും. തുടർന്നു ഹസനും ചെന്നിത്തലയും ഉമ്മൻചാണ്ടിയും ചേർന്ന് അന്തിമ ധാരണയുണ്ടാക്കി അതിനു നാച്ചിയപ്പന്റെ അംഗീകാരം തേടും. അഭിപ്രായൈക്യമെന്നു പറയുമ്പോൾത്തന്നെ തിരഞ്ഞെടുപ്പു പ്രക്രിയ എങ്ങനെ വേണമെന്ന ധാരണയായിട്ടില്ല. പ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് അവിടെ ധാരണ ഉണ്ടാക്കുകയാണോ അതോ നേതാക്കൾക്കിടയിൽ പട്ടികയെക്കുറിച്ചു ധാരണയാക്കിയശേഷം പ്രതിനിധികളുടെ അംഗീകാരം തേടുകയാണോ എന്നതിൽ വ്യക്തത വരാനുണ്ട്.

∙എഐസിസി നിർദേശം

പ്രതിനിധികളെ വിളിച്ചുചേർത്തു വോട്ടെടുപ്പിലൂടെ ഭാരവാഹികളെ നിശ്ചയിക്കാനാണ് എഐസിസി നിർദേശം. എന്നാൽ അത്തരം മത്സരം ഗ്രൂപ്പു തിരി‍ഞ്ഞുള്ള ചേരിപ്പോരിനും സംഘർഷത്തിനും വഴിവയ്ക്കുമെന്നതിനാൽ എല്ലാ വിഭാഗങ്ങളും യോജിച്ചു പട്ടിക തയാറാക്കി അതിനു സാങ്കേതികമായി മാത്രം ഒരു തിരഞ്ഞെടുപ്പിന്റെ സ്വാഭാവം നൽകാനാണ് ഇപ്പോൾ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.