Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളുടെ വിവാഹത്തിനും ആധാർ നിർബന്ധം; ശുപാർശ സമർപ്പിച്ചു

Indian Wedding

ന്യൂഡൽഹി∙ പ്രവാസികളുടെ വിവാഹത്തിന് ആധാർ നിർബന്ധമാക്കാൻ കേന്ദ്രം ഒരുങ്ങുന്നു. പ്രവാസികൾ ഇന്ത്യയിൽ നടത്തുന്ന വിവാഹങ്ങൾക്കാണ് ഈ നിബന്ധന. വിവാഹശേഷം ഭാര്യമാരെ ഉപേക്ഷിക്കുന്നത്, സ്ത്രീധന പീഡനം തുടങ്ങിയവയ്ക്കൊപ്പം സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാർഗമായിക്കൂടിയാണ് ആധാർ നിർബന്ധമാക്കാനുള്ള ശുപാർശ നൽകിയിരിക്കുന്നത്. വിവിധ മന്ത്രാലയങ്ങളിലെ അംഗങ്ങൾ ഉൾപ്പെടുന്നസമിതിയാണ് വിദേശകാര്യ മന്ത്രാലയത്തിനു ഇക്കാര്യം ശുപാർശ ചെയ്തു റിപ്പോർട്ട് നൽകിയത്. ഓഗസ്റ്റ് 30ന് റിപ്പോർട്ട് വിദേശകാര്യമന്ത്രാലയത്തിനു സമർപ്പിച്ചിരുന്നു.

അതിനിടെ, പ്രവാസികളുടെ ആധാർ എൻറോൾമെന്റ് നടപടികളുമായി യുഐഡിഎഐ മുന്നോട്ടുപോകുകയാണ്. എൻആർഐ, ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ, പഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ എന്നിവർക്കെല്ലാം ഇന്ത്യയിൽ വച്ചു നടത്തുന്ന വിവാഹങ്ങൾക്ക് ആധാർ നിർബന്ധമാക്കും. നിലവിൽ, ഇന്ത്യയിൽ താമസിക്കുന്നവർക്കും, വീസയുള്ള വിദേശികൾക്കും ആധാർ നമ്പർ ലഭിക്കാൻ എൻറോൾ ചെയ്യാന്‍ സൗകര്യമുണ്ട്.

ഗാർഹിക പീഡനക്കേസുകളിലും മറ്റും കുറ്റവാളിയുടെ കസ്റ്റഡി മറ്റു രാജ്യങ്ങളിൽനിന്നു വിട്ടുകിട്ടുന്നതിനുള്ള കരാറുകളിൽ ഇന്ത്യ ഭേദഗതി വരുത്തണമെന്നും സമിതി ശുപാർശ ചെയ്യുന്നു. വിവാഹശേഷം വിദേശത്തേക്കു പോകുന്ന പലരെയും ഏതെങ്കിലും കുറ്റത്തിനു പിന്നീടു കണ്ടെത്തുന്നതിനു നിലവിൽ ബുദ്ധിമുട്ടാണെന്നു വനിതാ ശിശുക്ഷേമ മന്ത്രാലയ വക്താവും അറിയിച്ചു.