Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇർമയുടെ മറവിൽ തടവറയിൽനിന്നും രക്ഷപ്പെട്ടത് നൂറിലേറെ ക്രിമിനലുകൾ

BRITISH VIRGIN ISLANDS ഇർമ ചുഴലിക്കാറ്റിൽ തകർന്ന വെർജിൻ ദ്വീപ്.

ലണ്ടൻ ∙ ഫ്ലോറിഡയ്ക്കൊപ്പം കരീബിയൻ ദ്വീപുകളെയും ഇർമ കൊടുങ്കാറ്റ് ചുഴറ്റിയെറിഞ്ഞപ്പോൾ ബ്രിട്ടീഷ് അധീനതയിലുള്ള വെർജിൻ ദ്വീപുകളിലെ ജയിലിൽനിന്നും കാറ്റിന്റെ മറവിൽ രക്ഷപ്പെട്ടത് നൂറിലേറെ കൊടും ക്രിമിനലുകൾ. വിദേശകാര്യ മന്ത്രി സർ അലൻ ഡങ്കണാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ സാന്നിധ്യം ദ്വീപുകളിൽ ക്രമസമാധാനത്തിനുപോലും ഭീഷണിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്വീപുകളുടെ ഭരണച്ചുമതലയുള്ള ഗവർണറുടെ സംരക്ഷണത്തിനും ക്രമസമാധാനപാലനത്തിനുമായി 997 റോയൽ മറീനുകളെ ബ്രിട്ടീഷ് സർക്കാർ വെർജിൻ ദ്വീപുകളിലേക്ക് അയച്ചു. 47 പൊലീസുകാരും ഇവർക്കൊപ്പമുണ്ട്. സ്ഥിതിഗതികൾ നേരിട്ടു വിലയിരുത്താനും നിയന്ത്രിക്കാനുമായി  വിദേശകാര്യമന്ത്രി ബോറിസ് ജോൺസണും എത്തും.

BRITISH VIRGIN ISLANDS ഇർമ ചുഴലിക്കാറ്റിൽ തകർന്ന വെർജിൻ ദ്വീപ്. (സാറ്റ്‌ലൈറ്റ് ചിത്രം)

കരീബിയനിലെ വെർജിൻ ദ്വീപുകളിലുള്ള ബ്രിട്ടീഷുകാരെ കൊടുങ്കാറ്റിന്റെ കെടുതികളിൽനിന്നും രക്ഷിക്കാൻ ബ്രിട്ടീഷ് സർക്കാർ ഉണർന്നുപ്രവർത്തിച്ചില്ലെന്ന വിമർശനം ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് റോയൽ മറീനുകളെ അങ്ങോട്ടേയ്ക്കയച്ചതും വിദേശകാര്യമന്ത്രിതന്നെ നേരിട്ട് സന്ദർശനത്തിന് തയാറായതും. 87,000 ബ്രിട്ടീഷുകാരാണ് കരീബിയൻ ദ്വീപുകളിൽ കൊടുങ്കാറ്റിന്റെ കെടുതികൾക്കിരയായത്. 

ദ്വീപുനിവാസികൾക്കായി 32 മില്യൺ പൗണ്ടിന്റെ അടിയന്തര സഹായം ബ്രിട്ടീഷ് സർക്കാർ അനുവദിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. 2,300 സോളാർ വിളക്കുകളും 2,500 താൽകാലിക കൂടാരങ്ങളും അടക്കം 40 ടൺ അവശ്യസാധനങ്ങളുമായാണ് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥർ വെർജിൻ ദ്വീപുകളിൽ എത്തിയിട്ടുള്ളത്. 

വരുംദിവസങ്ങളിൽ 250 റോയൽ മെറീനുകളെ അധികമായി അയയ്ക്കാനും പദ്ധതിയുണ്ട്. വെർജിൻ ഗ്രൂപ്പ് ഉടമ സർ റിച്ചാർഡ് ബ്രാൻസന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ദ്വീപായ ‘’നെക്കറും’’ കൊടുങ്കാറ്റിൽ പൂർണമായും തകർന്നിരുന്നു