Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം കരാർ: അവകാശവാദങ്ങളിൽ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

Vizhinjam വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശം (ഫയൽ ചിത്രം)

കൊച്ചി∙ വിഴിഞ്ഞം കരാറിന്റെ അവകാശവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. സിഎജി റിപ്പോര്‍ട്ടനുസരിച്ചു പദ്ധതി കേരളത്തിനു നഷ്ടമാണെന്നും ആദ്യ 40 വര്‍ഷം ഒന്നും ലഭിക്കില്ലെന്നും കോടതി പറഞ്ഞു. ഏകപക്ഷീയമായി കരാര്‍ ഒപ്പിട്ടതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ഈ മാസം 25ന് സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാരിന്റെ കാലത്തു വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അദാനി ഗ്രൂപ്പുമായുണ്ടാക്കിയ കരാറിൽ സംസ്ഥാന താൽപര്യത്തിന് അനുസൃതമായി തിരുത്തൽ വരുത്തണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശി എം.കെ. സലിം നൽകിയ പൊതുതാൽപര്യ ഹർജിയാണു കോടതി പരിഗണിക്കുന്നത്. സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കുന്ന തരത്തിൽ കരാറുണ്ടാക്കിയതിനു പിന്നിൽ സാമ്പത്തിക ഇടപാടുണ്ടോ എന്നു സിബിഐ / മറ്റു ദേശീയ ഏജൻസികൾ അന്വേഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാന താൽപ്പര്യത്തിനു വിരുദ്ധമെന്നു സിഎജി

വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യങ്ങൾക്കു വിരുദ്ധമാണെന്നു സിഎജി റിപ്പോർട്ട്. പൊതു, സ്വകാര്യ പദ്ധതികളിലെ നിർമാണ, നടത്തിപ്പു കാലാവധി 30 വർഷമായി സർക്കാർ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറിൽ 40 വർഷമാക്കി ഉയർത്തി. ഇതുമൂലം, കരാറുകാരായ അദാനി പോർട്സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.

10 വർഷത്തിനു പകരം 20 വർഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താൽ 61,095 കോടി രൂപയുടെ അധിക വരുമാനം കരാറുകാർക്കു കിട്ടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പൊതു–സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായി പുറമെനിന്നുള്ള ഏജൻസികൾ ചെലവു റിപ്പോർട്ട് തയാറാക്കുമ്പോൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ പരിശോധിച്ച ശേഷം മാത്രമേ അംഗീകരിക്കാവൂ എന്നും പിപിപി കരാറുകളിൽ സർക്കാർ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സിഎജി ശുപാർശ ചെയ്തിട്ടുണ്ട്.

വിഴിഞ്ഞത്തു സർക്കാർ ചെലവിൽ നിർമിക്കുന്ന മൽസ്യബന്ധന തുറമുഖം ഉപയോഗിക്കുന്ന തൊഴിലാളികളിൽനിന്നു യൂസർ ഫീസ് പിരിക്കാനുള്ള അവകാശം കരാറുകാർക്കു ലഭിച്ചതു കരാർ നിബന്ധനയിലെ പാകപ്പിഴ മൂലമാണ്. ഇതു കരാറുകാർക്ക് അർഹതയില്ലാത്ത സാമ്പത്തിക സഹായം നൽകുന്നതിനു തുല്യമാണ്. ഇതു പരിഹരിക്കാൻ കരാറിൽ ഭേദഗതി വരുത്തണമെന്നും റിപ്പോർട്ടിൽ നിർദേശിച്ചു.