Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമാനത്തോടെ ഇന്ത്യൻ സേന; അമർനാഥ് ഭീകരാക്രമണത്തിന്റെ സൂത്രധാരനെ വധിച്ചു

abu-ismail

ശ്രീനഗർ∙ അമർനാഥ് തീർഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു. ലഷ്കർ കമാൻഡറും പാക്ക് പൗരനുമായ അബു ഇസ്മയിലിനെയാണ് സൈന്യം ഏറ്റുമുട്ടലിൽ വധിച്ചത്. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ടൽ. കശ്മീർ കേന്ദ്രമായി വർഷങ്ങളായി പ്രവർത്തിക്കുന്ന ലഷ്കർ നേതാവാണ് അബു ഇസ്മയിൽ. ഇയാളെ വധിച്ചത് സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിലെ ശ്രദ്ധേയ നേട്ടമാണ്.

ഇക്കഴിഞ്ഞ ജൂലൈയിൽ അനന്ത്നാഗിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേർക്കു പരുക്കേറ്റു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊലീസുകാർ തിരികെ വെടിവച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ തലങ്ങും വിലങ്ങും വെടിവയ്ച്ചു.

അമർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്ന തീർഥാടകരുമായി സോനാമാർഗിൽനിന്ന് എത്തിയ ബസിനു നേർക്കും ഭീകരർ വെടിയുതിർത്തപ്പോഴാണ് ഏഴുപേർ കൊല്ലപ്പെട്ടത്. അമർനാഥ് തീർഥാടകർക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ അബു ഇസ്മയിലാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഒരു പാക്ക് പൗരനും രണ്ട് ഇന്ത്യക്കാരും അബുവിനെ സഹായിച്ചെന്നും ഇന്റലിജൻസ് കേന്ദ്രങ്ങൾ വ്യക്തമാക്കി.

ഫോൺ സംഭാഷണത്തിന്റെ ചുവടുപിടിച്ചാണ് അബു ഇസ്മയിലിനുവേണ്ടി കശ്മീരിൽ തിരച്ചിൽ ശക്തമാക്കിയത്. ബഷിർ ലഷ്കരി ഉൾപ്പെടെ ഭീകര സംഘടനയുടെ പ്രമുഖർ കൊല്ലപ്പെട്ടതിനു പ്രതികാരമായാണു തീർഥാടകരെ ആക്രമിച്ചത്. അമർനാഥ് തീർഥാടകരെ ആക്രമിച്ച ഭീകരർക്കു സഹായം നൽകിയ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ബിലാൽ അഹമ്മദ് റിഷി, ഐസാജ് വാഗെ, സഹൂർ അഹമ്മദ് എന്നിവരാണു പിടിയിലായത്.