Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂള്‍ ജീവനക്കാർക്ക് മാനസികനില പരിശോധന; കർശന സുരക്ഷാനിർദേശങ്ങളുമായി സിബിഎസ്ഇ

  ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിൽ രക്ഷിതാക്കൾ പ്രതിഷേധവുമായി എത്തിയപ്പോൾ(ഫയൽ ചിത്രം)

ന്യൂഡൽഹി∙ സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ(സിബിഎസ്ഇ). എല്ലാ സ്കൂളുകളും പൊലീസിന്റെ സെക്യൂരിറ്റി/സേഫ്റ്റി ഓഡിറ്റ് പൂർത്തിയാക്കണം. ജീവനക്കാരും സ്കൂൾ പരിസരവും ഉൾപ്പെടെ ഓഡിറ്റിനു കീഴിൽ കൊണ്ടുവരണം. സ്കൂളിലെ എല്ലാ ജീവനക്കാരെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് പരിശോധനയ്ക്കു വിധേയമാക്കണം.

എല്ലാ ജീവനക്കാർക്കും മാനസികനില പരിശോധന നടത്തണം. അനധ്യാപക ജീവനക്കാരായ എല്ലാ സ്റ്റാഫ് അംഗങ്ങളുടെയും, പ്രത്യേകിച്ച് ബസ് ഡ്രൈവർമാർ, കണ്ടക്ടർ‌മാർ, പ്യൂണുമാർ തുടങ്ങിയവരുടെ, മാനസികനില പരിശോധന വളരെ സൂക്ഷ്മമായും വിശദമായും നടപ്പാക്കണമെന്നും സിബിഎസ്ഇ പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചു. ഗുരുഗ്രാമിലെ റയൻ ഇന്റർനാഷനൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമൻ ഠാക്കൂർ കഴുത്തറുത്തു കൊല്ലപ്പെട്ട സാഹചര്യത്തിലാണ് സിബിഎസ്ഇയുടെ ഇടപെടൽ.

ബോർഡിനു കീഴിൽ നിലവിൽ 19,000ത്തിലേറെ സ്കൂളുകളുണ്ട്. ഇവയ്ക്കെല്ലാം സർക്കുലർ ബാധകമാണ്. രണ്ടു മാസത്തിനകം സെക്യൂരിറ്റി ഓ‍ഡിറ്റ് പൂർത്തിയാക്കി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണം. ഇതുൾപ്പെടെയുള്ള എട്ട് നിർദേശങ്ങളാണ് സർക്കുലറിലുള്ളത്. സ്കൂളിലെ പ്രധാനപ്പെട്ടയിടങ്ങളിലെല്ലാം സിസിടിവി ക്യാമറകൾ സ്ഥാപിക്കണം. ഇവ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.

സ്കൂളിലെ സപ്പോർട്ടിങ് സ്റ്റാഫിനെ അംഗീകൃത ഏജൻസി വഴിയാണ് റിക്രൂട്ട് ചെയ്യുന്നതെന്ന് ഉറപ്പാക്കണം. ഇവരെക്കുറിച്ചുള്ള എല്ലാ രേഖകളും സൂക്ഷിക്കണം. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചേർന്ന ഒരു കമ്മിറ്റിക്ക് രൂപം നൽകണം. വിദ്യാർഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുകയായിരിക്കണം കമ്മിറ്റിയുടെ ചുമതല. മാതാപിതാക്കളുടെ അഭിപ്രായങ്ങളും നിരന്തരം തേടണം. പുറമെ നിന്നുള്ളവർ സ്കൂള്‍ കെട്ടിടത്തിലേക്കു കടക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണം. സന്ദർശകരെയെല്ലാം നിരീക്ഷണത്തിന് വിധേയമാക്കണം.

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയെക്കുറിച്ച് ബോധവാന്മാരാക്കാൻ സ്റ്റാഫംഗങ്ങൾക്ക് പരിശീലനം നൽകണം. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സമിതികൾ വേണം. ലൈംഗികാക്രമണങ്ങളുണ്ടായാൽ കുട്ടികൾക്കു പരാതി നൽകാൻ ആഭ്യന്തര പരാതി പരിഹാര സമിതി വേണം.

പോസ്കോ ആക്ട് പ്രകാരം കുട്ടികൾക്കെതിരെയുള്ള ആക്രമണം തടയാൻ നടപടിയെടുക്കാനും സമിതി വേണം. ഈ സമിതികളിലുള്ളവരുടെ വിവരങ്ങളും അവരുടെ ഫോൺ നമ്പറും മറ്റ് വിവരങ്ങളും ഉൾപ്പെടെ നോട്ടിസ് ബോര്‍ഡിലും സ്കൂൾ വെബ്സൈറ്റിലും നൽകണമെന്നും സർക്കുലർ നിർദേശിക്കുന്നു.

related stories