Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിശദീകരണം ത‍ൃപ്തികരം, നടപടി വേണ്ട; വിവാദമൊഴിവാക്കാൻ സിപിഎം

Kadakampally Surendran Guruvayur

തിരുവനന്തപുരം ∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂര്‍ സന്ദര്‍ശനം വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും യോഗം വിലയിരുത്തി. ക്ഷേത്രാചാരങ്ങള്‍ ചിലര്‍ അനാവശ്യമായി വിവാദമാക്കുകയായിരുന്നുവെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ വിശദീകരണം. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടു ചെയ്തു. തുടർന്നു നടന്ന ചർച്ചയിൽ മന്ത്രിക്കെതിരെ വിമർശനമുയർന്നു. എങ്കിലും കൂടുതൽ വിവാദങ്ങൾക്ക് പോകേണ്ടതില്ലെന്ന പൊതുനിലപാടാണ് യോഗം സ്വീകരിച്ചത്.

വേങ്ങര ഉപതിരഞ്ഞെടുപ്പ് വരുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിലെ കൂടുതൽ ചർച്ചകൾ പൊതുസമൂഹത്തിനു മുന്നിൽ തെറ്റായ സന്ദേശം നൽകുമെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

അതേസമയം, ഗുരുവായൂര്‍ ദര്‍ശനത്തിന്റെ പേരില്‍ ദേവസ്വം മന്ത്രിയോട് വിശദീകരണം ചോദിക്കാനുള്ള പാര്‍ട്ടി നീക്കം ആരാധനാ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. ക്രൈസ്തവരും മുസ്‌ലിംകളുമായുള്ള എത്രയോ സിപിഎമ്മുകാര്‍ അവരുെട മതവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നു. ഇവര്‍ക്കെതിരെയൊന്നും നടപടിയെടുക്കാതെ കടകംപള്ളിയോട് വിശദീകരണം ചോദിക്കുന്നത് ഇരട്ടത്താപ്പാണെന്നും കുമ്മനം കാഞ്ഞിരപ്പള്ളിയില്‍ പറഞ്ഞു.

വിഷയം ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് സിപിഎം കടകംപള്ളിയോടുള്ള നിലപാട് മയപ്പെടുത്തിയത്.

ഗുരുവായൂരിൽ തൊഴുത് കടകംപള്ളി

ദേവസ്വം മന്ത്രി കൂടിയായ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ അഷ്ടമിരോഹിണി ദിവസമാണ് ഗുരുവായൂര്‍ ക്ഷേത്രദർശനം നടത്തിയത്. മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ട് സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു പൊതുയോഗത്തില്‍ പിന്നീട് പ്രസംഗിക്കുകയും ചെയ്തു. മന്ത്രിയുടെ ക്ഷേത്രദർശനത്തെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്തതോടെയാണു സിപിഎമ്മിൽ അതൃപ്തി പുകഞ്ഞത്.

ദേവസ്വം മന്ത്രിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ അസഹിഷ്ണുതയുള്ളവരാണു വിവാദങ്ങളുണ്ടാക്കുന്നതെന്നാണു കടകംപള്ളി സുരേന്ദ്രന്‍ ഇതിനോടു പ്രതികരിച്ചത്. കുടുംബാംഗങ്ങള്‍ പണ്ടേ ഭക്തിപ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവരാണ്. അവരെ തിരുത്താന്‍ പോയിട്ടില്ലെന്നും കടകംപള്ളി പറഞ്ഞു.

എന്നാൽ, മന്ത്രി ജി.സുധാകരന്‍ മുൻപ് ദേവസ്വം മന്ത്രിയായിരുന്നപ്പോൾ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനമോ വഴിപാടോ നടത്തിയിരുന്നില്ല. സിപിഎം നേതാക്കള്‍ പൊതുവെ വിശ്വാസങ്ങളില്‍നിന്ന് അകലം പാലിക്കുമ്പോള്‍ പ്രധാനപ്പെട്ട നേതാവുതന്നെ ക്ഷേത്രദര്‍ശനം നടത്തിയതാണു ചൂടേറിയ ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.