Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടുക്കിയിൽ കനത്ത മഴ; പീരുമേട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; മുണ്ടക്കയത്ത് ഉരുൾപൊട്ടൽ

Rain മുണ്ടക്കയത്ത് ഇളങ്കാട്, മ്ലാങ്ങര, ഏന്തയാറിലുണ്ടായ ഉരുൾപൊട്ടൽ. ചിത്രം: റിജോ ജോസഫ്

തൊടുപുഴ∙ കനത്ത മഴയെത്തുടർന്ന് പീരുമേട് താലൂക്കിലെ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള, അങ്കണവാടി ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. 

ഇടുക്കി ജില്ലയിൽ രണ്ടുദിവസമായി കനത്ത മഴ തുടരുകയാണ്. പീരുമേട് താലൂക്കിൽ മാത്രം 174 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയപാതയിൽ പലയിടത്തും മണ്ണിടിഞ്ഞും മരം കടപുഴകിവീണും ഗതാഗതം സ്തംഭിച്ചു.

ഇടുക്കി 50.2 മില്ലീമീറ്റർ, ഉടുമ്പൻചോല 37 മില്ലീമീറ്റർ, തൊടുപുഴ 34.9 മില്ലീമീറ്റർ, ദേവികുളം 28.5 മില്ലീമീറ്റർ എന്നിങ്ങനെയാണു മറ്റു താലൂക്കുകളിൽ ഇന്നലെ രാത്രി മുതൽ ഇന്നു രാവിലെ വരെ പെയ്ത മഴയുടെ അളവ്.

 മുണ്ടക്കയത്ത് ഇളങ്കാട്, മ്ലാങ്ങര, ഏന്തയാറിലുണ്ടായ ഉരുൾപൊട്ടലിൽ റോഡിലേക്ക് പാറകൾ വീണപ്പോൾ. ചിത്രം: റിജോ ജോസഫ്

അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയിൽ കോട്ടയത്ത് മലയോര മേഖലകളിൽ ഏഴിടത്ത് ഉരുൾപൊട്ടി. നിരവധി കൃഷിയിടങ്ങൾ ഒലിച്ചുപോയി. ഏന്തയാർ കൂട്ടിക്കൽ വഴി ഒഴുകുന്ന പുല്ലകയാർ, മണിമലയാർ എന്നിവ നിറഞ്ഞൊഴുകി. മണ്ണിടിച്ചിൽ മൂലം റോഡുകൾ തകർന്നത് കനത്ത നാശനഷ്ടമാണ് മേഖലയിൽ ഉണ്ടായത്. പല സ്ഥലങ്ങളിലും ഗതാഗതം പുനസ്ഥാപിക്കുവാനായില്ല. മലയോര മേഖലയിൽ അടുത്തിടെ ലഭിച്ച ഏറ്റവും കൂടുതൽ മഴയാണ് ബുധനാഴ്ച്ച പകൽ രണ്ടു മുതൽ രാത്രി 10.30 വരെ പെയ്തിറങ്ങിയത്. ആളപായമില്ല. 

landslide-2 മുണ്ടക്കയത്ത് ഉരുൾപൊട്ടലിൽ റോഡ് ഇടിഞ്ഞപ്പോൾ. ചിത്രം: റിജോ ജോസഫ്

മലമുകളിൽ നിന്നു വെള്ളത്തിനൊപ്പം കൂറ്റൻ പാറകൂട്ടങ്ങൾ ഒഴുകിയെത്തി മ്ലാക്കര റോഡ് പൂർണ്ണമായും അടഞ്ഞു. മ്ലാക്കരറോഡിന് സമീപം  ഉരുൾപൊട്ടി ഒരു കിലോമീറ്ററോളം വെള്ളം മലമുകളിൽ നിന്നു കുത്തിയൊലിച്ചു വല്യേന്ത റോഡിലേക്കു പതിച്ചു. കൊക്കയാർ മുക്കുളം പള്ളികവലയ്ക്ക് സമീപമുള്ള റോഡിൽ നിന്ന് ഉരുൾ പൊട്ടി താഴേയ്ക്ക് ഒഴുകി പുതിയപാറ റോഡിൽ എത്തി. ചെറുവള്ളികുളം പ്രദേശത്തും, കൂട്ടിക്കൽ വല്യേന്തയിലും മണ്ണിടിച്ചിലിൽ കൃഷിനാശവും സംഭവിച്ചു. 

rain-heavy മുണ്ടക്കയത്തുണ്ടായ ഉരുൾപൊട്ടലിൽ കൃഷിയിടത്തിലേക്ക് പാറകൾ വീണപ്പോൾ. ചിത്രം: റിജോ ജോസഫ്

രാത്രിയിൽ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപൊക്കത്തിൽ നിന്നും ഇനിയും തീരദേശ വാസികൾ മുക്തി നേടിയിട്ടില്ല. ശക്തിയായി പെയ്യുന്ന മഴയേക്കാൾ നിലയ്ക്കാതെ പെയ്യുന്ന ചാറ്റൽ മഴയാണ് ജനങ്ങൾക്ക് പേടി. മലയോര മേഖലയിലെ കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് ഉൾപെടെയുള്ള പ്രദേശങ്ങളും, പെരുവന്താനം കൊക്കയാർ പഞ്ചായത്ത് പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലകളാണ്. ഇടുക്കി ജില്ലകളോടെ ചേർന്ന് മലനിരകളാൽ ചുറ്റപെട്ട് കിടക്കുന്ന പ്രദേശത്ത് നിലയ്ക്കാതെ പെയ്യുന്ന മഴയിൽ ഉരുൾ പൊട്ടൽ സാധ്യത ഏറെയാണ്. മുൻ വർഷങ്ങളിലും സമാനമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലയോര മേഖലയിൽ ഉണ്ടായിട്ടുണ്ട്.