Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോഗ്യനില മോശം: നാദിർഷായെ ചോദ്യം ചെയ്യാനായില്ല, നിയമോപദേശം തേടി പൊലീസ്

Nadirshah

കൊച്ചി∙ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയ സംവിധായകൻ നാദിർഷായെ പൊലീസിന് ചോദ്യം ചെയ്യാനായില്ല. നാദിർഷായുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ ചോദ്യം ചെയ്യുന്നത് ഒഴിവാക്കി. ഡോക്ടർമാരെത്തി നാദിർഷായെ പരിശോധിച്ചു. ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ ഇന്നുതന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നാദിർഷാ പൊലീസിനെ അറിയിച്ചു. ചില വൈദ്യ പരിശോധനകൾ കൂടി കഴിയാനുണ്ടെന്നും അതു കഴിഞ്ഞാൽ എത്താമെന്നുമാണ് സന്ദേശം. എന്നാൽ നാദിർഷായെ ഇന്നുതന്നെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.

കോടതിയുടെ നിർദ്ദേശ പ്രകാരം രാവിലെ ഒൻപതരയോടെയാണ് നാദിർഷാ പൊലീസ് ക്ലബിൽ എത്തിയത്. ആരോഗ്യനില മെച്ചപ്പെടുമ്പോൾ ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. രാവിലെ ചോദ്യം ചെയ്യലിനു മുൻപുതന്നെ നാദിർഷായുടെ രക്തസമ്മർദ്ദവും പ്രമേഹവും കൂടിയ അളവിലായിരുന്നു. തുടർന്നു വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചോദ്യംചെയ്യൽ ഉപേക്ഷിക്കുകയായിരുന്നെന്ന് ആലുവ റൂറൽ എസ്പി എ.വി.ജോർജ് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും എസ്പി മാധ്യമങ്ങളോടു വിശദീകരിച്ചു. കഴിഞ്ഞയാഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന നാദിർഷാ ഞായറാഴ്ചയാണു ഡിസ്ചാർജ് ആയത്.

നടിയെ ആക്രമിക്കാൻ ദിലീപിനുവേണ്ടി ക്വട്ടേഷൻ തുക കൈമാറിയതു നാദിർഷായാണെന്നു കേസിലെ മുഖ്യപ്രതി സുനിൽകുമാർ എന്ന പൾസർ സുനി മൊഴി നൽകിയിരുന്നു. ഇതോടെയാണു നാദിർഷായെ ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചത്. തുടർന്നു മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച നാദിർഷായോടു ചോദ്യം െചയ്യലിനു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്ന് അന്വേഷണസംഘവും കോടതിയെ അറിയിച്ചു.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുൻപ് നാദിർഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ഒരുമിച്ചും വെവ്വേറെയും പൊലീസ് ചോദ്യം ചെയ്തത്. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികൾ അന്വേഷണം സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിർഷായുടെ മൊഴികളും പരിശോധിച്ചപ്പോൾ പൊരുത്തക്കേടുകൾ ഉണ്ടെന്നു വ്യക്തമായി. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി ഹൈക്കോടതി മാറ്റിയിരിക്കുകയാണ്.

related stories