Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസ് കൊട്ടാരം വക ഭൂമിയിൽ: പരാതിയുമായി കൊച്ചിൻ ദേവസ്വം ബോർഡ്

d-cinemas

കൊച്ചി∙ നടന്‍ ദിലീപിന്റെ ചാലക്കുടി ഡി സിനിമാസിനെതിരെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കൊട്ടാരം വക ഭൂമിയിലാണു ഡി സിനിമാസ് പണിതതെന്നു കാട്ടി തൃശൂര്‍ ജില്ലാ കലക്ടര്‍ക്കു മുമ്പാകെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. ചാലക്കുടി ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടുണ്ടെന്ന പരാതി പരിഹരിക്കാന്‍ ജില്ലാ കലക്ടര്‍ നടത്തിയ തെളിവെടുപ്പിലാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്.

ചാലക്കുടി കൊട്ടാരം വക ഭൂമി അനധികൃതമായി കൈമാറിയാണു നടന്‍ ദിലീപിന്റെ കൈവശം എത്തിയത്. രണ്ടു സര്‍വേ നമ്പറുകളിലുള്ള ഭൂമിയാണു കൊട്ടാരം വക ഭൂമിയാണെന്നു കാട്ടി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി കലക്ടര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത്. ദേശീയപാതയ്ക്കു സ്ഥലം ഏറ്റെടുത്തതിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ടു ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചിട്ടുമുണ്ട്.

ബാങ്കില്‍നിന്ന് ഒന്‍പതു കോടി വായ്പയെടുത്താണു ഡി സിനിമാസ് പണിതത്. ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ പരിശോധിക്കാതെ വായ്പ അനുവദിച്ചെന്നു കാട്ടി ബാങ്കിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണു പരാതിക്കാരുടെ നീക്കം. ഈ മാസം 27നു ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കലക്ടര്‍ ഡി സിനിമാസ് അധികൃതരോടു നിര്‍ദ്ദേശിച്ചു. നേരത്തെ, ജില്ലാ സര്‍വേയറുടെ റിപ്പോര്‍ട്ടില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നു കണ്ടെത്തിയിരുന്നു.  

related stories