Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ ഇന്ത്യൻ ഡോക്ടറെ പിന്തുടർന്ന് കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ‌

Achutha-Reddy യുഎസിലെ കാൻസസിൽ കൊല്ലപ്പെട്ട ഇന്ത്യൻ ഡോക്ടർ അച്ചുത റെഡ്ഢി.

കാൻസസ്∙ യുഎസിലെ കാൻസസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ രോഗിയായ യുവാവിന്റെ കുത്തേറ്റ് മരിച്ചു. തെലങ്കാന നാല്‍ഗൊണ്ട സ്വദേശിയും മനോരോഗ വിദഗ്ധനുമായ അച്ചുത റെഡ്ഢിയാണ് (57) കൊല്ലപ്പെട്ടത്. മേഖലയിലെ പ്രശസ്ത യോഗ പരിശീലകനും ഫിറ്റ്നസ് വിദഗ്ധനുമാണ് ഇദ്ദേഹം. സംഭവവുമായി ബന്ധപ്പെട്ട് ഉമർ റാഷിദ് ദത്തിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.

റെഡ്ഢിയുടെ കീഴില്‍ ചികിത്സയില്‍ കഴിയുന്ന ആളാണ് ഉമർ റാഷിദ് ദത്ത് എന്നു പൊലീസ് പറഞ്ഞു. ഡോക്ടറുമായുള്ള സംഭാഷണത്തിനു പിന്നാലെ ഇയാൾ കുത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പിന്തുടർന്ന് ദേഹമാസകലം മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു. കാൻസസിൽ റെഡ്ഢിയുടെ ക്ലിനിക്കിനു പിന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി തവണ കുത്തേറ്റിരുന്നതായി പൊലീസ് അറിയിച്ചു.

ഈ വർഷം യുഎസിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അച്ചുത റെഡ്ഢി. ഫെബ്രുവരിയിൽ ശ്രീനിവാസ കുച്ചിബോട്‌ല എന്ന തെലങ്കാന സ്വദേശി വെടിയേറ്റു മരിച്ചിരുന്നു. ബുധനാഴച രാത്രി 7.20നാണ് പൊലീസിന് ഫോൺ സന്ദേശം ലഭിച്ചത്. ശബ്ദം കേട്ട് ക്ലിനിക്കിലെ മാനേജർ എത്തിയപ്പോൾ ഉമർ അദ്ദേഹത്തെ കുത്തുന്നതാണ് കണ്ടത്. ഉടൻ കാറിൽ രക്ഷപ്പെട്ട ഉമറിനെ ഒരു ക്ലബിൽനിന്നാണ് പിടികൂടിയത്. സംശയാസ്പദ സാഹചര്യത്തിൽ, വസ്ത്രം നിറയെ രക്തവുമായി ഒരു യുവാവ് കാറിലിരിക്കുന്നത് ചിലർ പൊലീസിനെ അറിയിക്കുകയായിരുന്നു.

കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഹോളിസ്റ്റിക് സൈക്യാട്രിക് സർവീസ് ക്ലിനിക് എന്ന സ്ഥാപനമാണ് അച്ചുത റെഡ്ഢി നടത്തിയിരുന്നത്. അബ്സല്യൂട്ട് യോഗ എന്ന പേരിൽ യുട്യൂബിൽ നിരവധി യോഗാപഠന വിഡിയോകളും ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ബീന റെഡ്ഡിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി കൻസാസിലാണ് ഇദ്ദേഹവും കുടുംബവും കഴിഞ്ഞിരുന്നത്.