Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുഗ്രാം സ്കൂൾ കൊലപാതകം: സിബിഐ അന്വേഷണത്തിന് ശുപാർശ

Ryan Student Death

ന്യൂഡൽഹി ∙ ഗുരുഗ്രാം റയൻ ഇന്റർനാഷനൽ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥി പ്രദ്യുമ്നൻ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം സിബിഐ അന്വേഷിക്കണമെന്നു കേന്ദ്രത്തിന് ഹരിയാന സർക്കാരിന്റെ ശുപാർശ. സംഭവം നടന്ന ഭോണ്ഡ്സി റയൻ സ്കൂളിന്റെ ഉത്തരവാദിത്തം മൂന്നു മാസത്തേക്കു സർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. സ്കൂളിലെ പിഴവുകൾ നികത്താനാണു നടപടിയെന്നും ഗുരുഗ്രാം ഡപ്യൂട്ടി കമ്മിഷണർക്കാകും ചുമതലയെന്നും അറിയിച്ചു.

നിയമം ലംഘിച്ച് ഓടിക്കുന്ന സ്കൂൾ ബസുകൾക്ക് എതിരായുള്ള നടപടിയുടെ ഭാഗമായി റയൻ ഇന്റർനാഷനൽ ഗ്രൂപ്പിന്റെ 10 വാഹനങ്ങൾ ഡൽഹി ഗതാഗത വകുപ്പ് പിടിച്ചെടുത്തു. മറ്റു സ്കൂളുകളുടെ 240 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. സെപ്റ്റംബര്‍ എട്ടിനായിരുന്നു പ്രദ്യുമ്‌നനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിദ്യാർഥിയുടെ മാതാപിതാക്കളെയും ഇന്നലെ മുഖ്യമന്ത്രി സന്ദർശിച്ചു.

അതിനിടെ, സ്കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച ഹർജിയിൽ കേന്ദ്രത്തിനും സംസ്ഥാന സർക്കാരുകൾക്കും സുപ്രീംകോടതി നോട്ടിസ് അയച്ചു. ഗുരുഗ്രാം സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു വനിതാ അഭിഭാഷകർ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. സ്കൂളുകളിൽ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടോ എന്നു നോട്ടിസിൽ ചോദിക്കുന്നു.

അതേസമയം, സ്കൂൾ ബസുകളിൽ ഡ്രൈവർമാരായും കണ്ടക്ടർമാരായും വനിതകളെ നിയോഗിക്കണമെന്ന് കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു.

related stories