Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടകംപള്ളിയുടെ ക്ഷേത്രദർശനം: സിപിഎം തീരുമാനം ആശയ പാപ്പരത്തമെന്ന് കുമ്മനം

kummanam-rajasekharan കുമ്മനം രാജശേഖരൻ

കോട്ടയം∙ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോട് വിശദീകരണം ചോദിക്കാനുള്ള സിപിഎം തീരുമാനം ആശയ പാപ്പരത്തമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഇത് സിപിഎമ്മിന്‍റെ ഹിന്ദു വിരുദ്ധ മനോഭാവത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. സിപിഎമ്മിൽ പ്രവര്‍ത്തിക്കണമെങ്കിൽ ഭൂരിപക്ഷ സമുദായാംഗങ്ങൾ ആത്മാഭിമാനം പണയം വെക്കണമെന്ന അവസ്ഥ പരിതാപകരമാണ്. 

സമ്മേളനങ്ങളോടനുബന്ധിച്ച് അംഗങ്ങൾക്ക് നിസ്കരിക്കാൻ പ്രത്യേക സംവിധാനമൊരുക്കുന്ന പാർട്ടിയാണ് ഇപ്പോൾ ക്ഷേത്രദർശനത്തിന്‍റെ പേരിൽ സംസ്ഥാന കമ്മിറ്റിയംഗത്തോട് വിശദീകരണം ചോദിക്കാൻ തയാറെടുക്കുന്നത്. ഇതര മതസ്ഥരായ മറ്റ് സിപിഎം നേതാക്കൾ സ്വന്തം മതാചാര ചടങ്ങ് പിന്തുടരുമ്പോൾ വിശദീകരണം ചോദിക്കാൻ പാർട്ടിക്ക് ധൈര്യപ്പെട്ടിട്ടില്ല. ഇപ്പോൾ കടകംപള്ളിക്കെതിരെ അച്ചടക്ക നടപടിയെന്ന വാളുമായി രംഗത്തെത്തുന്നത് ഇരട്ടത്താപ്പാണ്.

വൈരുദ്ധ്യാത്മക ഭൗതിക വാദം അവതരിപ്പിച്ച കാറൽ മാർക്സിന്‍റെ മൂലധനം പുറത്തിറങ്ങിയതിന്‍റെ 150 –ാം  വർഷത്തിൽ തന്നെ ഇത്തരമൊരു വിവാദമുണ്ടായത് പാർട്ടിയുടെ പ്രത്യയശാസ്ത്ര പ്രതിസന്ധിയേയും അന്തർ സംഘർഷത്തേയുമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം.

related stories