Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടക്കാല തിരഞ്ഞടുപ്പ്: തെരേസ മേ നഷ്ടമാക്കിയത് 140 മില്യൺ പൗണ്ട് നികുതിപ്പണം

Theresa May

ലണ്ടൻ∙ അമിത ഭൂരിപക്ഷം ലക്ഷ്യമിട്ടു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ നടത്തിയ ഇടക്കാല തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടന് നഷ്ടമായത് 140 മില്യൺ പൗണ്ട് നികുതിപ്പണം. വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ടോറി സർക്കാരിനു കലാവധി തീരാൻ മൂന്നുവർഷത്തിലേറെ ബാക്കിനിൽക്കെ എല്ലാവരെയും ഞെട്ടിച്ചു പ്രധാനമന്ത്രി തെരേസ മേ ജൂൺ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പു നടത്താൻ തീരുമാനിക്കുകയായിരുന്നു.

ബ്രെക്സിറ്റിന്റെ പേരിൽ ഉണ്ടായ അനുകൂല തരംഗം വോട്ടാക്കി, വൻ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ച് അഞ്ചുവർഷം പ്രധാനമന്ത്രിക്കസേരയിൽ തുടരുകയായിരുന്നു ലക്ഷ്യം. എന്നാൽ ഉണ്ടായിരുന്ന ഭൂരിപക്ഷം നഷ്ടപ്പെട്ടു ഭൂരിപക്ഷ സർക്കാരിനെ ന്യൂനപക്ഷ സർക്കാരാക്കി മാറ്റാൻ മാത്രമാണു തെരേസയ്ക്കു കഴിഞ്ഞത്. ഡിയുപി പിന്തുണയോടെ വീണ്ടും പ്രധാനമന്ത്രിയായെങ്കിലും ഏതുസമയവും താഴെവീഴാവുന്ന അവസ്ഥയിലാണു സർക്കാർ.

രാഷ്ട്രീയ ചൂതാട്ടത്തിനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിനു വരുത്തിവച്ചതു ഭരണതലത്തിലെ അസ്ഥിരതയ്ക്കൊപ്പം 140 മില്യൺ പൗണ്ടിന്റെ നഷ്ടംകൂടിയാണ്. തിരഞ്ഞെടുപ്പു സംബന്ധിച്ച ലഘുലേഖകളും മറ്റു വിവരങ്ങളും ബാലറ്റും ജനങ്ങളിലെത്തിക്കാനായിരുന്നു ഇതിൽ 42 മില്യണും ചെലവഴിച്ചത്. കോൺസ്റ്റിസ്റ്റ്യൂഷൻ മിനിസ്റ്റർ ക്രിസ് സ്കിഡ്മോറാണ് ഇതുസംബന്ധിച്ച കണക്കുകൾ കഴിഞ്ഞദിവസം പുറത്തുവിട്ടത്.

ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങിൽ റിട്ടേണിങ് ഓഫിസർമാക്കും പോളിങ് ബൂത്തുകളുടെ ക്രിമീകരണത്തിനുമായി മാത്രം 98,310,000 പൗണ്ട് ചെലവായി.

നഴ്സുമാർക്കും ഡോക്ടർമാക്കും പൊലീസുകാർക്കുംപോലും ശമ്പള വർധന നൽകാതെ ടോറി സർക്കാർ ചെലവു ചുരുക്കൽ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടെയാണു വെറും രാഷ്ട്രീയ നേട്ടത്താനായി മാത്രം ഇത്രയും തുക നഷ്ടമാക്കിയത്. നഴ്സുമാർക്കു ശമ്പളം കൂട്ടിനൽകാൻ സർക്കാരിന്റെ പക്കൽ പണം കായ്ക്കുന്ന മരമില്ലെന്നു പറഞ്ഞ പ്രധാനമന്ത്രിക്ക് ഇത്രയും തുക സ്വന്തം രാഷ്ട്രീയ ലാഭത്തിനായി എങ്ങനെ കണ്ടെത്താനായി എന്നാണു പ്രതിപക്ഷത്തിന്റെ വിമർശനവും പരിഹാസവും.