Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം പിൻവലിച്ച് നാദിർഷാ

Nadirsha ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ നാദിർഷാ മാധ്യമങ്ങളോട് പ്രതികരിക്കുന്നു

കൊച്ചി∙ ദിലീപിനെതിരെ മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം പിന്‍വലിച്ച് നാദിര്‍ഷ. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞ കാര്യങ്ങള്‍‌ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയതാണെന്ന് നാദിര്‍ഷ ആരോപിച്ചു. താനും ദിലീപും നിരപരാധികളാണെന്നും ആലുവ പൊലീസ് ക്ലബില്‍ ചോദ്യംചെയ്യലിന് ഹാജരായശേഷം നാദിര്‍ഷ മാധ്യമങ്ങളോട് പറഞ്ഞു. പള്‍സര്‍ സുനിയുമായി നേരിട്ട് ബന്ധമില്ല. തന്റെ കയ്യില്‍ നിന്ന് പണം കൈപ്പറ്റിയെന്ന സുനിയുടെ മൊഴി തെറ്റാണെന്ന് പൊലീസിനെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും നാദിര്‍ഷ അവകാശപ്പെട്ടു.

ആലുവ പൊലീസ് ക്ലബിൽ രാവിലെ 10.15ന് എത്തിയ നാദിർഷായെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷമാണു ചോദ്യം ചെയ്യൽ തുടങ്ങിയത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചാണ് അന്വേഷണസംഘം നാദിർഷായിൽനിന്ന് വിവരങ്ങൾ ആരാഞ്ഞത്.

ഹൈക്കോടതി നിർദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പൊലീസിനു മുന്നിൽ ഹാജരായ നാദിർഷായുടെ ആരോഗ്യനില മോശമായതിനെത്തുടർന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവാൻ നാദിർഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. കേസിലെ പ്രധാന തൊണ്ടിയായ മൊബൈൽ ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ നാദിർഷായ്ക്ക് അറിയാമെന്ന നിഗമനത്തിലാണു പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ‘കട്ടപ്പനയിലെ ഹൃത്വിക് റോഷൻ’ എന്ന സിനിമയുടെ സെറ്റില്‍വച്ചു തനിക്കു നാദിർഷാ പണം നൽകിയതായി കേസിലെ മുഖ്യപ്രതി എൻ.എസ്. സുനിൽകുമാർ (പൾസർ സുനി) മൊഴി നൽകിയിരുന്നു. നടിയെ ആക്രമിച്ചതിനുള്ള പ്രതിഫലമാണതെന്നായിരുന്നു പറഞ്ഞത്. നാദിർഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.

ജാമ്യം തേടി സുനി

പൾസർ സുനി ഹൈക്കോടതിയിൽ ജാമ്യഹർജി നൽകി. കേസിൽ ഏപ്രിൽ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ റിമാൻഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയിൽ പറയുന്നു. കേസിൽ കുടുക്കിയതാണെന്നും കുറ്റകൃത്യത്തിൽ പങ്കില്ലെന്നും ഹർജിയിലുണ്ട്.

അറസ്റ്റിലായ ശേഷം അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും നിഷേധിച്ചു. ഏഴു പ്രതികൾക്കുമെതിരെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ച ശേഷം നൽകിയ ജാമ്യാപേക്ഷയും മജിസ്ട്രേട്ട് കോടതി തള്ളി. പിന്നീട്, കഴിഞ്ഞ 11ന് എറണാകുളം സെഷൻസ് കോടതിയും ജാമ്യഹർജി തള്ളിയതിനാലാണു ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരിൽനിന്നു കൊച്ചിയിലേക്കു കാറിൽ വരികയായിരുന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഉപദ്രവിച്ചുവെന്നാണു കേസ്.

related stories