Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘സംവിധായകന്റെ സ്വപ്നസിനിമ, നല്ലതാണെങ്കിൽ കാണും’; ഹാഷ്ടാഗുകാരെ ട്രോളി ഡോ.ബിജു

dr-biju

കൊച്ചി∙ ആദ്യ സംവിധായകനെയും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തിനേയും സമൂഹമാധ്യമങ്ങളിൽ ‘സ്നേഹിച്ചു കൊല്ലുന്ന’വരെ ട്രോളി സംവിധായകൻ ഡോ. ബിജു. തിയറ്ററിൽ കയറി സിനിമ കാണാൻ ആഹ്വാനം ചെയ്യുന്ന ഇത്രയേറെ ‘കലാസ്നേഹികൾ’ ഈ നാട്ടിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ആദ്യ സംവിധായക സ്നേഹവും നല്ല സിനിമയാണെങ്കിൽ കാണും എന്ന ടാഗും ഒക്കെ എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാകുമെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

ദേശീയവും രാജ്യാന്തരവുമായ നിരവധി പുരസ്കാരങ്ങൾ നേടിയ സമീപകാല മലയാള ചിത്രങ്ങളുടെ പേരുകൾ ഉൾപ്പെടെ വിശദമായാണ് ബിജുവിന്റെ കുറിപ്പ്. ഈ സിനികളിൽ ഭൂരിഭാഗവും ആദ്യ സംവിധായകരുടേത് ആയിരുന്നു. മിക്ക സിനിമകളും മലയാളത്തിന്റെ അഭിമാനം ഉയർത്തി പുരസ്കാരങ്ങളും നേടി. പക്ഷേ, ഈ ചിത്രങ്ങൾ ഒക്കെ റിലീസ് ചെയ്യാൻ പോലും തിയറ്ററുകൾ കിട്ടാൻ പ്രയാസമായിരുന്നു. ഇപ്പോഴും റിലീസ് ചെയ്യാൻ സാധിക്കാത്ത ചിത്രങ്ങളുമുണ്ട്. കാണാൻ ആളുകൾ ചെല്ലാത്തതിനാൽ തിയറ്ററുകളിൽ കൂടുതൽ ദിവസങ്ങൾ പ്രദർശിപ്പിക്കാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചിരുന്നില്ലെന്നും ഡോ.ബിജു ചൂണ്ടിക്കാട്ടി.

കോടി ക്ലബ്ബ്‌ നിർമാതാക്കളുടെ പിന്തുണ ഒന്നുമില്ലാത്ത കുഞ്ഞു സ്വതന്ത്ര സിനിമകളാണ് ഇവയെല്ലാം. ഈ സിനിമകളോടെല്ലാം പ്രബുദ്ധ കേരളം പിൻതിരിഞ്ഞു നിന്നു. ഇനിയും അക്കാര്യത്തിൽ മാറ്റമുണ്ടാകില്ല. ആദ്യ സംവിധായക സ്നേഹവും നല്ല സിനിമയാണെങ്കിൽ കാണും എന്ന ടാഗും ഒക്കെ ഇപ്പോൾ പൊടുന്നനെ പ്രചരിക്കുന്നതിനു പിന്നിൽ മറ്റു ചില താൽപര്യങ്ങളാണ്. ഈ ഹാഷ് ടാഗ് ചങ്ങാതിമാർ ഇവിടെത്തന്നെ കാണുമല്ലോ എന്നും ഡോ. ബിജു ചോദിക്കുന്നു.

ഡോ. ബിജുവിന്റെ കുറിപ്പിന്റെ പൂർണരൂപം:

1. ഒറ്റാൽ (ദേശീയ, രാജ്യാന്തര, സംസ്ഥാന പുരസ്കാരങ്ങൾ)

2. പേരറിയാത്തവർ (ദേശീയ, രാജ്യാന്തര പുരസ്കാരങ്ങൾ)

3. കന്യക ടാക്കീസ് (ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്കാരം, നിരവധി ചലച്ചിത്ര മേളകൾ)

4. ക്രൈം നമ്പർ 89 (ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്കാരം)

5. ഐൻ (ദേശീയ പുരസ്‌കാരം)

6. മാൻഹോൾ (ആദ്യ സംവിധായിക, സംസ്ഥാന പുരസ്കാരം)

7. ആദിമധ്യാന്തം (ആദ്യ സംവിധായകൻ, ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ)

8. ഒഴിവുദിവസത്തെ കളി ( സംസ്ഥാന പുരസ്കാരം)

9. ചായില്യം ( ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്കാരം)

10. അസ്തമയം വരെ (ആദ്യ സംവിധായകൻ, നിരവധി ചലച്ചിത്ര മേളകൾ)

11. മൺറോ തുരുത്ത് (ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്കാരം)

12. ചിത്രസൂത്രം ( ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്കാരം, നിരവധി ചലച്ചിത്ര മേളകൾ)

13. ഒറ്റയാൾ പാത (സംസ്ഥാന പുരസ്കാരം)

14. ആലിഫ് ( ആദ്യ സംവിധായകൻ, സംസ്ഥാന പുരസ്കാരം)

15. ആറടി (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം)

16. നഖരം (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം)

17. പതിനൊന്നാം സ്ഥലം (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം )

18. കരി (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം)

19. ഗപ്പി (ആദ്യ സംവിധായകൻ, നിരൂപക ശ്രദ്ധ നേടിയ ചിത്രം )

കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ചിത്രങ്ങളുടെ പേരുകൾ വെറുതേ ഒന്ന് സൂചിപ്പിച്ചതാണ്. ഭൂരിഭാഗവും ആദ്യ സംവിധായകരുടേത് ആയിരുന്നു. മിക്ക സിനിമകളും മലയാളത്തിന്റെ അഭിമാനം ഉയർത്തി ദേശീയ, രാജ്യാന്തര, സംസ്ഥാന തലത്തിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രങ്ങൾ ആയിരുന്നു. ഈ ചിത്രങ്ങൾ ഒക്കെ റിലീസ് ചെയ്യാൻ പോലും തിയറ്ററുകൾ കിട്ടാൻ ഏറെ ബുദ്ധിമുട്ട് ആയിരുന്നു. (ഇപ്പോഴും റിലീസ് ചെയ്യാൻ സാധിക്കാത്ത ചിത്രങ്ങളും ഇതിൽ ഉണ്ട്). ഈ ചിത്രങ്ങളുടെ എല്ലാം പിന്നണിയിൽ നിരവധി ആളുകൾ പ്രവർത്തിച്ചിരുന്നു. മലയാളത്തിന്റെ അഭിമാനം ഉയർത്തിയ ഈ ചിത്രങ്ങൾ കാണാൻ ആളുകൾ ചെല്ലാത്തതിനാൽ പ്രബുദ്ധ കേരളത്തിലെ തിയറ്ററുകളിൽ കൂടുതൽ ദിവസങ്ങൾ പ്രദർശിപ്പിക്കാൻ ഈ ചിത്രങ്ങൾക്ക് സാധിച്ചിരുന്നില്ല.

അപ്പോ പറഞ്ഞു വന്നത് ഇത്രയേ ഉള്ളൂ. ആദ്യ സംവിധായകനെയും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ അധ്വാനത്തിനേയും ഒക്കെ ഇങ്ങനെ സ്നേഹിച്ചു കൊല്ലുന്ന, തിയറ്ററിൽ കയറി കാണാൻ ആഹ്വാനം ചെയ്യുന്ന ഇത്രയേറെ ‘കലാ സ്നേഹികൾ’ ഈ നാട്ടിൽ ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഈ ഉത്തമ സിനിമാ പിന്തുണക്കാരെ ഒന്നും ഇതിനു മുൻപ്, മുകളിൽ സൂചിപ്പിച്ച സിനിമകളുടെ വഴിയേ കണ്ടിട്ടില്ല. വെറുതെ ഓർമിച്ചു എന്നേയുള്ളൂ. ഇപ്പോൾ ഈ ആദ്യ സംവിധായക സ്നേഹവും നല്ല സിനിമയാണെങ്കിൽ കാണും എന്ന ടാഗും ഒക്കെ എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാകും. അപ്പോ, ഇവിടെയൊക്കെ തന്നെ കാണുമല്ലോ ഈ ഹാഷ് ടാഗ് ചങ്ങാതിമാർ.

കുറച്ച് ആദ്യ സംവിധായകർ പിന്നാലെ വരാനുണ്ട്. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും മലയാള സിനിമയുടെ യശസ്സ് ഉയർത്താൻ പ്രാപ്തിയുള്ളവർ. കോടി ക്ലബ്ബ്‌ നിർമാതാക്കളുടെ പിന്തുണ ഒന്നുമില്ലാത്ത ചില കുഞ്ഞു സ്വതന്ത്ര സിനിമകൾ. ആദ്യം അക്കമിട്ടു സൂചിപ്പിച്ച സിനിമകളെ പോല ഇനി വരുന്ന സിനിമകളോടും പ്രബുദ്ധ കേരളം പിൻതിരിഞ്ഞു നിൽക്കും എന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. അപ്പോ "നല്ല സിനിമയാണേൽ കാണും", "ആദ്യ സംവിധായകന്റെ സ്വപ്നം" "പിന്നണിയിൽ പ്രവർത്തിച്ച ഒട്ടേറെ ആളുകളുടെ കഷ്ടപ്പാടാണ് സിനിമ" തുടങ്ങിയ പേരുകളിൽ ഇപ്പോൾ നടന്നു വരുന്ന നാടകങ്ങളുടെ സംഘാടകർ സെപ്റ്റംബർ 28ന് ശേഷവും ഇവിടെയൊക്കെ ഉണ്ടാകുമല്ലോ.

related stories