Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിൽ ഭൂഗർഭ ട്രെയിൻ സ്ഫോടനം; ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

london-blast-1

ലണ്ടൻ∙ പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിലുണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്). ‘ബക്കറ്റ് ബോംബ്’ആണു പൊട്ടിത്തെറിച്ചതെന്നും ഭീകരാക്രമണമാണെന്നും സ്കോട്‌ലൻഡ് യാർഡും അറിയിച്ചു. ലണ്ടൻ സമയം രാവിലെ 8.20 നായിരുന്നു സ്ഫോടനം. ഈ വർഷം ബ്രിട്ടനിലുണ്ടായ അഞ്ചാമത്തെ ഭീകരാക്രമണമാണിത്.  

സ്ഫോടനത്തിൽ 29 പേർക്കു പരുക്കേറ്റു. സ്ഫോടനത്തെത്തുടർന്നുള്ള അഗ്നിബാധയിൽ ഏറെപ്പേർക്കും മുഖത്താണു പൊള്ളലേറ്റത്. തിക്കിലും തിരക്കിലും പെട്ടും ചിലർക്കു പരുക്കേറ്റു. ട്രെയിനിന്റെ വാതിലിനോടു ചേർന്നു സൂപ്പർമാർക്കറ്റ് ബാഗിൽവച്ച ബക്കറ്റിൽനിന്ന് തീജ്വാലകൾ പുറത്തേക്കു വരുന്നതു കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. നഗരത്തിൽ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 

2005ൽ ബ്രിട്ടനിൽ മൂന്നു ഭൂഗർഭ ട്രെയിനുകളിലും ബസിലുമുണ്ടായ സ്ഫോടന പരമ്പരയിൽ 52 പേരാണു കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി തെരേസ മേ യുടെ അധ്യക്ഷതയിൽ അടിയന്തര സുരക്ഷായോഗം ചേർന്നു.