Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഫോടനത്തിന് കുത്തിനിറച്ച് ആണികൾ; ലണ്ടനിലെ ‘ബക്കറ്റ് ബോംബ്’ അതീവഭീകരം

london-bomb

ലണ്ടൻ∙ പശ്ചിമ ലണ്ടനിലെ തിരക്കേറിയ പാർസൻസ് ഗ്രീൻ സ്റ്റേഷനിൽ ഭൂഗർഭ ട്രെയിനിൽ ഇന്നലെയുണ്ടായ സ്ഫോടനം അതീവ ഭീകരമായി മാറേണ്ടതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സാധാരണ രീതിയിൽ തയാറാക്കിയ ‘ബക്കറ്റ് ബോംബ്’ ആണ് സ്ഫോടനത്തിന് ഉപയോഗിച്ചത് എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തുടർന്നു നടത്തിയ വിശദപരിശോധയിൽ ഭീകരസംഘടനകൾ തയാറാക്കുന്ന സ്ഫോടക വസ്തുക്കളുമായി പല സമാനതകളും ഇവയ്ക്കുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

2005 ജൂലൈ ഏഴിന് ബ്രിട്ടണിലുണ്ടായ ഭീകരാക്രമണത്തിൽ ഉപയോഗിച്ച ബോംബുകളേക്കാൾ മാരകമായിരുന്നു ഇത്. 2005ൽ 53 പേരാണ് മൂന്ന് ഭൂഗർഭ ട്രെയിനുകളിലും ഒരു ബസിലുമുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇത്തവണ 29 പേർക്കാണ് പരുക്കേറ്റത്. ബോംബ് ഡിറ്റണേറ്റ് ചെയ്യുന്നതിലുണ്ടായ പിഴവാണ് വൻദുരന്തം ഒഴിവാക്കിയത്. ഇന്നേവരെ കാണാത്ത രീതിയിൽ, ബോംബിൽ ഘട്ടം ഘട്ടമായി സ്ഫോടനം നടത്താനുള്ള ടൈമർ സംവിധാനം ഒരുക്കിയിരിക്കുന്നതും അന്വേഷണ സംഘത്തിൽ ഞെട്ടൽ ഉളവാക്കിയിട്ടുണ്ട്.

ബോംബിൽ വൻ സ്ഫോടനത്തിനായി തയാറാക്കിയ സംവിധാനം ഡിറ്റണേറ്റ് ചെയ്യാതിരുന്നതാണ് രക്ഷയായത്. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അത് മരണസംഖ്യ വൻതോതിൽ കൂട്ടിയേനെ. ബോംബിൽ ടൈമറും ഘടിപ്പിച്ചിട്ടുണ്ട്. ഭീകരൻ ബോംബ് ട്രെയിനിൽ ഉപേക്ഷിച്ച ശേഷം കടന്നുകളയാനുള്ള സാധ്യതയും ഇതുവഴി തിരിച്ചറിഞ്ഞിട്ടുണ്ട്.തിരക്കേറിയ സ്റ്റേഷനിൽ എത്തുമ്പോൾ പൊട്ടിത്തെറിക്കും വിധമായിരുന്നു ടൈമർ സെറ്റ് ചെയ്തിരുന്നതും.

ബക്കറ്റ് നിറയെ ആണികളായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഇവ ചിതറിത്തെറിക്കാനുള്ള സ്ഫോടന സംവിധാനം ഹെക്സാമെഥിലിൻ ട്രൈപെറോക്സൈഡ് ഡയാമിൻ എന്ന മാരക രാസവസ്തു ഉപയോഗിച്ചാണ് തയാറാക്കിയത്. സ്ഫോടനങ്ങളുടെ ‘തുടക്കം’ കുറിക്കുന്നതിനുപയോഗിക്കുന്ന രാസവസ്തുവായാണ് ഇത് അറിയപ്പെടുന്നതു തന്നെ. 2005ൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഉപയോഗിച്ച ബോംബുകളേക്കാള്‍ വലുതായിരുന്നു ഇതെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമിക നിഗമനത്തിനു വിരുദ്ധമായി തികച്ചും പ്രഫഷണൽ ആയ രീതിയിലാണ് ‘ബക്കറ്റ് ബോംബ്’ തയാറാക്കിയിരിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഇസ്‌ലാമിക് സ്റ്റേറ്റ് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ‘നിർണായക’ അറസ്റ്റുണ്ടായി എന്നാണ് ഇതു സംബന്ധിച്ച് അന്വേഷണ സംഘത്തിന്റെ വിശദീകരണം. ബോംബ് സ്ഥാപിച്ച ഭീകരന്റെ ചിത്രം സിസിടിവിയിൽ നിന്നു ലഭിച്ചതായും പൊലീസ് പറയുന്നു. നഗരത്തിൽ കനത്ത പരിശോധനയും ആരംഭിച്ചിട്ടുണ്ട്.