Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുചിത്വ പദ്ധതിക്ക് പിന്തുണ വേണം; മോഹൻലാലിന് പ്രധാനമന്ത്രി മോദിയുടെ കത്ത്

Narendra Modi, Mohanlal

ന്യൂഡൽഹി∙ ഒക്ടോബർ രണ്ടു വരെ രാജ്യത്ത് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ട് നടൻ മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. സെപ്റ്റംബർ 15ന് ആരംഭിച്ച് രണ്ടാഴ്ച നീളുന്ന സ്വച്‌‌ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പ്രചാരണ പരിപാടിക്ക് പിന്തുണ തേടിയാണ് മോദി കത്തയച്ചത്. മഹാത്മാഗാന്ധിയുടെ ഹൃദയത്തോടു ചേർന്നു നിന്നിരുന്ന ‘സ്വച്ഛതാ’ പദ്ധതിയുമായി ബന്ധപ്പെട്ടാണ് താൻ ഇതെഴുതുന്നതെന്ന വാക്കുകളോടെയാണ് കത്തിന്റെ തുടക്കം.

വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്തിന് വൃത്തി സാധ്യമാകൂവെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതിൽ പങ്കാളിയാകണം. ഇക്കാര്യം മനസ്സിൽ വച്ചുകൊണ്ട് ശുചിത്വവിഷയത്തിൽ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്. ‘ശുചിത്വം സേവനമാണ്’ എന്ന വാക്കുകൾ മനസിലോർത്തു കൊണ്ടായിരിക്കണം വരുംനാളുകളിലെ നമ്മുടെ പ്രവർത്തനങ്ങൾ. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചാരണ പരിപാടികൾ നടത്താനാണു തീരുമാനം.

വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുർബല വിഭാഗത്തെയാണ് ഏറ്റവും ബാധിക്കുക. അവർക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹിമയുള്ള സേവനവും ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയെന്നതാണ്. വൻതോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹൻലാലിന് ജനങ്ങളുടെ ജീവിതത്തിൽ ക്രിയാത്മകമായ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും കത്തിൽ പറയുന്നു.

പ്രധാനമന്ത്രി മോദി നടൻ മോഹൻലാലിന് അയച്ച കത്ത്– പൂർണരൂപം

സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ ഈ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകും. ഈ സാഹചര്യത്തിലാണ് ലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി ആവശ്യപ്പെടുന്നു. നരേന്ദ്രമോദി മൊബൈൽ ആപ്പിലൂടെ ലാലിന്റെ പ്രതികരണവും തന്നെ അറിയിക്കാമെന്ന് കത്തിൽ മോദിയുടെ വാക്കുകൾ.

ശുചിത്വ സന്ദേശം രാജ്യമൊട്ടുക്ക് എത്തിക്കുക എന്ന ആഹ്വാനവുമായിട്ടാണ് രണ്ടാഴ്ച നീളുന്ന സ്വച്‌‌ഛ്ത ഹി സേവ പ്രചാരണ പരിപാടി നടപ്പാക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായുള്ള പ്രചാരപരിപാടികളും ക്യാംപെയ്നുകളും സംഘടിപ്പിക്കുന്നുണ്ട്. പദ്ധതിയുടെ കേരളത്തിലെ പ്രചാരണത്തിനാണ് മോഹൻലാലിന്റെ പിന്തുണ തേടിയത്.

ഉത്തർപ്രദേശിലെ ഇശ്വരി ഗഞ്ജ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു. ആരാധനാലയമുണ്ടാകുന്നതിലും പ്രധാനം വീടുകളിൽ ശുചിമുറികൾ നിർമിക്കുന്നതാണെന്നു ചടങ്ങിൽ യുപി മുഖ്യമന്ത്രി യോഗി ആതിഥ്യനാഥ് പറഞ്ഞു. തുറസ്സായ സ്ഥലത്തു വിസർജനമില്ലാത്ത രാജ്യമായി 2019 ഒക്ടോബറിൽ ഇന്ത്യയെ മാറ്റുമെന്നു കേന്ദ്ര ശുദ്ധജല, മാലിന്യ നിർമാർജന വകുപ്പുമന്ത്രി ഉമാ ഭാരതി പറഞ്ഞു.

related stories