Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുപിയിൽ യോഗിയുടെ ‘ശുദ്ധികലശം’; 420 ഏറ്റുമുട്ടൽ, കൊല്ലപ്പെട്ടത് 15 ക്രിമിനലുകൾ

Yogi Aditiyanath

ലക്നൗ∙ ക്രിമിനലുകളെ അമർച്ച ചെയ്യാൻ ഉത്തർ പ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ പൊലീസ് നടത്തിയത് 420 ഏറ്റുമുട്ടലുകൾ. കൊല്ലപ്പെട്ടത് 15 ക്രിമിനലുകളും. സർക്കാർ ആറുമാസം തികയാനിരിക്കെ പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ക്രിമിനലുകളെ അമർച്ച ചെയ്യാനാണ് ഏറ്റുമുട്ടലുകൾ നടത്തിയതെന്നാണ് ഡിജിപി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇങ്ങനെയൊരു ഏറ്റുമുട്ടലിലാണ് എസ്ഐ ജയ് പ്രകാശ് സിങ് കൊല്ലപ്പെട്ടതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. 88 പൊലീസുകാർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റു. മാർച്ച് 20നും സെപ്റ്റംബർ 14നും ഇടയിലുള്ള കാലത്തെ ഏറ്റുമുട്ടലുകളെക്കുറിച്ചാണു റിപ്പോർട്ടിൽ‌ കണക്കുകൾ സഹിതം വിശദീകരിക്കുന്നത്.

യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ സംസ്ഥാനത്ത് ക്രമസമാധാനം മോശമായെന്ന് കടുത്ത വിമർശനമുണ്ട്. ഇതിനു മറുപടിയായാണു ഡിജിപി ഏറ്റുമുട്ടലിന്റെ കണക്കുകൾ വെളിപ്പെടുത്തിയത്. ആക്രമങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ ഏറ്റുമുട്ടലുകളെന്ന് ക്രമസമാധാന ചുമതലയുള്ള ഐജി ഹരി രാം ശർമ പറഞ്ഞു. ഡിജിപിയുടെ ഓഫിസ് വക്താവ് കൂടിയാണ് ഹരി രാം ശർമ.

ക്രിമിനലുകളോടു ദയാദാക്ഷിണ്യമില്ലാത്ത നിലപാടാണ് യുപി പൊലീസ് സ്വീകരിച്ചിരിക്കുന്നതെന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി അനന്ത് കുമാറും പറഞ്ഞു. സമൂഹത്തിന് ഭീഷണിയായ എല്ലാ ക്രിമിനലുകളെയും പൊലീസ് അറസ്റ്റ് ചെയ്യും. ഏറ്റുമുട്ടലുകൾ മുൻകൂട്ടി തീരുമാനിച്ച് നടത്തുന്നതല്ല. പൊലീസ് കൃത്യനിർവഹണം നടത്തുമ്പോൾ ഏറ്റുമുട്ടലിന് സാധ്യതയുണ്ടാകുന്നതാണെന്നും എഡിജിപി പറഞ്ഞു.

സർക്കാരിനെതിരെ വിമർശനങ്ങൾ കടുത്തപ്പോൾ, ‘അവർ ആക്രമങ്ങൾ കാണിച്ചാൽ തിരിച്ചടി കിട്ടിയിരിക്കും’ എന്ന് ടിവി ചാനൽ അഭിമുഖത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പറയേണ്ടി വന്നു. ഇതോടെയാണ് ആക്രമികൾക്കെതിരെ യുപി പൊലീസ് ഉണർന്നത്. ട്വിറ്ററിൽ ഏറ്റുമുട്ടലിന്റെ വിവരങ്ങൾ പങ്കുവയ്ക്കാനും പൊലീസ് ഉത്സാഹം കാണിച്ചു. എന്നാൽ പൊലീസിന്റെ ഏറ്റുമുട്ടലിനെതിരെ വിമർശനങ്ങളുമുണ്ട്.

അതിനിടെ, യുപിയിൽ ബിജെപി സർക്കാർ അധികാരം ഏറ്റെടുത്തശേഷം ക്രിമിനൽ കേസുകളിൽ വൻ വർധനയാണുണ്ടായത്. രണ്ട്‌ മാസത്തിനുള്ളിൽ 803 മാനഭംഗ കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്തത്‌. 729 കൊലപാതക കേസുകളും, 799 കവർച്ചക്കേസുകളും, 2682 തട്ടിക്കൊണ്ടുപോകൽ കേസുകളും റിപ്പോർട്ട് ചെയ്തു.