Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ വിജയവഴിയിൽ തന്നെ; ചെന്നൈയിൽ ഓസീസിനെതിരെ ജയം 26 റൺസിന്

CRICKET-ODI-IND-AUS ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പുറത്തായപ്പോൾ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

ചെന്നൈ ∙ മുൻ ക്യാപ്റ്റൻ ധോണി ഒരിക്കൽ കൂടി രക്ഷകനായി അവതരിച്ചപ്പോൾ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 26 റൺസ് ജയം. മഴമൂലം 21 ഓവറായി വെട്ടിക്കുറച്ച മൽസരത്തിൽ 164 റൺസായിരുന്നു ഓസീസിന്റെ വിജയലക്ഷ്യം. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പതറിയ ഓസീസിന് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 83 റൺസെടുക്കുകയും രണ്ടു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഹാർദ്ദിക് പാണ്ഡ്യയാണ് കളിയിലെ കേമൻ.

ഇന്ത്യക്കു വേണ്ടി യുസ്‌വേന്ദ്ര ചഹൽ മൂന്നു വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും ബുംറയും ഭുവനേശ്വർ കുമാറും ഓരോ വിക്കറ്റുകൾ വീതവും പങ്കിട്ടു. ജയത്തോടെ അഞ്ച് മൽസരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1–0ത്തിനു മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 281 റൺസാണ് എടുത്തത്. തുടക്കത്തിലെ തകർച്ചയിൽനിന്നും കരകയറി ആറാം വിക്കറ്റിൽ ധോണി– ഹാർദ്ദിക് പാണ്ഡ്യ സഖ്യം കൂട്ടിച്ചേർത്ത 118 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. പാണ്ഡ്യ 83 റൺസും ധോണി 79 റൺസുമെടുത്തു.

എന്നാൽ ഓസ്ട്രേലിയ മറുപടി ബാറ്റിങ്ങിന് ഇറങ്ങും മുമ്പ് മഴ പെയ്തതോടെ മഴനിയമ പ്രകാരം 37 ഓവറിൽ 238 റൺസായി ലക്ഷ്യം പുനർനിർണയിച്ചു. പക്ഷെ, ഓസീസ് ബാറ്റിങ്ങിന് ഇറങ്ങിയെങ്കിലും ഒരു പന്തുപോലും എറിയുന്നതിനു മുമ്പ് മൽസരം വീണ്ടും നിർത്തിവയ്ക്കേണ്ടി വന്നു. ഇതേത്തുടർന്ന് വിജയലക്ഷ്യം 21 ഓവറിൽ 164 ആയി വീണ്ടും പുനർനിശ്ചയിച്ചു.

kohli പൂജ്യത്തിനു പുറത്തായ വിരാട് കോഹ്‌ലി നിരാശയോടെ.

ഹിൽട്ടൻ കാർട്ട്റൈറ്റ് (ഒന്ന്), ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (ഒന്ന്) ട്രവീസ് ഹെഡ് (അഞ്ച്), ഡേവിഡ് വാർണർ (25), ഗ്ലെൻ മാക്സ്‌വെൽ (39), മാർക്കസ് സ്റ്റോണിസ് (മൂന്ന്), മാത്യു വെയ്ഡ് (9), പാറ്റ് കുമ്മിൻസ് (9) എന്നിങ്ങനെയാണ് ഓസീസ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. തുടർച്ചയായി വിക്കറ്റുകൾ വീഴുന്നതിനിടെയിലും 18 പന്തിൽനിന്ന് നാലു സിക്സും മൂന്നു ഫോറും പറത്തിയാണ് മാക്സ്‌വെൽ 39 റൺസെടുത്തത്.

ഇന്ത്യക്കു രക്ഷയായത് ധോണി– പാണ്ഡ്യ സഖ്യം
തുടക്കത്തിലെ കൂട്ടത്തകർച്ചയിൽനിന്നു ഇന്ത്യയെ കരകയറ്റിയത് ധോണി– പാണ്ഡ്യ സഖ്യമാണ്. സിക്സറുകളുമായി കളം നിറഞ്ഞ് അർധ സെഞ്ചുറി കുറിച്ച ഹാർദ്ദിക് പാണ്ഡ്യയും മുൻ ക്യാപ്റ്റൻ ധോണിയും ചേർന്ന് നേടിയ 118 റൺ‌സിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. 66 പന്തിൽനിന്ന് അഞ്ച് വീതം ഫോറും സിക്സറും പായിച്ച പാണ്ഡ്യ 83 റൺ‌സെടുത്താണ് മടങ്ങിയത്. സ്ട്രൈക്ക് റേറ്റ് 125.76.

അവസാനം വരെ പൊരുതിയ ധോണി 88 പന്തിൽ നാലു ഫോറും രണ്ടു സിക്സറും ഉൾപ്പെടെ 79 റൺസെടുത്തു. സിംഗിളുകളും ഡബിളുകളുമായി മുന്നേറിയ ധോണി, അവസാന ഓവറുകളിലാണ് തകർപ്പനടികൾ പുറത്തെടുത്തത്.

ധോണിക്ക് 100–ാം അർധ സെഞ്ചുറി
രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ ധോണിയുടെ 100 അർധ സെ‍ഞ്ചുറിയായിരുന്നു ഇത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ധോണി. സച്ചിൻ തെൻഡുൽക്കർ (164), രാഹുൽ ദ്രാവിഡ് (146), സൗരവ് ഗാംഗുലി (107) എന്നിവരാണ് ധോണിക്കു മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ള ഇന്ത്യക്കാർ. 302 ഏകദിനത്തിൽ 66, 90 ടെസ്റ്റുകളിൽനിന്ന് 33, 78 ട്വന്റി20 മൽസരങ്ങളിൽനിന്ന് ഒരു അർധ സെഞ്ചുറി എന്നിങ്ങനെയാണ് ധോണിയുടെ സമ്പാദ്യം.

Mahinder Singh Dhoni, Hardik Pandya ധോണിയും ഹാർദ്ദിക് പാണ്ഡ്യയും മൽസരത്തിനിടെ

11 റൺസിനിടെ മൂന്നു വിക്കറ്റ്
ശ്രീലങ്കൻ മണ്ണിൽ രചിച്ച ചരിത്ര ജയത്തിന്റെ ആത്മവിശ്വാസത്തിൽ കരുത്തരായ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യക്ക് അപ്രതീക്ഷിത തകർച്ചയാണ് നേരിടേണ്ടി വന്നത്. സ്കോർ ബോർഡിൽ വെറും 11 റൺസ് മാത്രമുള്ളപ്പോൾ നഷ്ടമായത് ക്യാപ്റ്റൻ കോഹ്‌ലിയുടേത് ഉൾപ്പെടെ മൂന്നു വിക്കറ്റുകൾ.

അജിങ്ക്യ രഹാനെയും രോഹിത് ശർമയുമായിരുന്നു ഇന്ത്യൻ ഓപ്പണർമാർ. ശിഖർ ധവാനു പകരമെത്തിയ രഹാനെയ്ക്ക് പക്ഷേ മികവു തെളിയിക്കാൻ ഓസീസ് ബോളർ അവസരം കൊടുത്തില്ല. ഇന്ത്യൻ സ്കോർ 11 ൽ എത്തിയപ്പോൾ അഞ്ച് റൺസുമായി രഹാനെ പുറത്ത്. പിന്നീടെത്തിയ ക്യാപ്റ്റൻ കോഹ്‌ലിക്ക് നേരിട്ട നാലാം പന്തിൽതന്നെ പിഴച്ചു, നഥാൻ കൗൾട്ടർ–നീലിന്റെ പന്തിൽ‌ മാക്സ്‌വെല്ലിന് ക്യാച്ചു നൽകി പൂജ്യത്തിനു പുറത്ത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെ ആകെ നേരിട്ടത് രണ്ടു പന്ത്, നഥാൻ കൗൾട്ടർ–നീലിന്റെ പന്തിൽ‌ മാത്യൂ വെയ്‌ഡിന് ക്യാച്ച് നൽകി പൂജ്യത്തിനു പുറത്ത്. ഇംഗ്ലണ്ടിൽ നടന്ന ചാംപ്യൻസ് ട്രോഫിക്കു ശേഷം ഇതാദ്യമായാണ് കോഹ്‌ലി പൂജ്യത്തിന് പുറത്താകുന്നത്.

പിന്നീട് കേദാർ ജാദവ്–രോഹിത് ശർമ കൂട്ടുകെട്ട് ഇന്ത്യയെ ഭദ്രമായ നിലയിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും മാർക്കസ് സ്റ്റോനിസിന്റെ പന്തിൽ രോഹിത് (28) പുറത്തായി. 40 റൺസെടുത്ത കേദാർ ജാദവ്, ഇന്ത്യൻ സ്കോർ 87 ൽ എത്തിയപ്പോൾ ഓസീസ് ബോളർമാർക്കു മുന്നിൽ കീഴടങ്ങി.

പിന്നീടായിരുന്നു ധോണി– പാണ്ഡ്യ കൂട്ടുകെട്ട്. പതിയെ തുടങ്ങിയ സഖ്യം പിന്നീട് വിശ്വരൂപം കാട്ടി. 37–ാം ഓവർ എറിയാൻ വന്ന ആദം സാംബയുടെ ഓരോവറിൽ തുടർച്ചയായി മൂന്നു സിക്സറുകൾ പറത്തിയാണ് പാണ്ഡ്യ അർധ സെഞ്ചുറി ആഘോഷിച്ചത്. ഈ ഓവറിൽ ഒരു ഫോറും നേടിയ പാണ്ഡ്യ ആകെ അടിച്ചുകൂട്ടിയത് 24 റൺസാണ്. മൽസരത്തിൽ ഇന്ത്യ തിരിച്ചുവന്നതും ഈ ഓവറിലൂടെയാണ്. സാംബയെ ഉയർത്തിയടിക്കാനുള്ള ശ്രമത്തിനിടെ പാണ്ഡ്യ പുറത്തായെങ്കിലും മറുവശത്ത് ധോണി ഉറച്ചുനിന്നതോടെ ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തി. 30 പന്തിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 32 റൺസെടുത്ത ഭുവനേശ്വർ കുമാറും അവസാന നിമിഷത്തെ ഇന്ത്യൻ കുതിപ്പിന് ഊർജം നൽകി.