Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ കനത്തു; സംഭരണശേഷിയും കടന്ന് അണക്കെട്ടുകള്‍; നെയ്യാർ, മലങ്കര ഡാം തുറന്നു

kallarkutty കനത്ത മഴയിൽ കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നപ്പോള്‍.

തിരുവനന്തപുരം/ഇടുക്കി∙ സംസ്ഥാനത്ത് കനത്ത മഴയെത്തുടർന്ന് അണക്കെട്ടുകൾ നിറഞ്ഞു കവിയുന്നു. മൂന്നു ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പൊലീസ്, അഗ്നിശമന– ദുരന്ത നിവാരണ അതോറിറ്റി, റവന്യൂ വിഭാഗങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജാഗ്രതാ നിർദേശം നൽകി.

മുല്ലപ്പെരിയാർ ജലനിരപ്പ് 124.7 അടിയായി. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് സെക്കൻഡിൽ 1135 ഘനയടിയാണ്, ഡിസ്ചാർജ്‌ 218 ഘനയടി. ഇടുക്കി കല്ലാർകുട്ടി, മലങ്കര, പാംബ്ല അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും തുറന്നു.

നെയ്യാർഡാം തുറന്നു. ആറ്റിലേക്കുള്ള നാലു ഷട്ടറുകൾ മൂന്ന് ഇഞ്ച് വീതമാണ് തുറന്നത്. 84.75 മീറ്ററാണ് ഡാമിന്റെ ശേഷി. പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നെയ്യാറിന്റെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷൻ വകുപ്പ് അറിയിച്ചു. പേപ്പാറ ഡാമിൽ ഏതു സമയത്തും ഷട്ടർ തുറന്ന് വിടാൻ സാധ്യതയുണ്ട്. കരമനയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു.

malankara-dam മലങ്കര ഡാം തുറന്നപ്പോൾ.

ഇടുക്കിയിൽ മലങ്കര ഡാമും തുറന്നു. നീരൊഴുക്ക് ശക്തമായതോടെ പൊന്മുടി അണക്കെട്ട് സംഭരണ ശേഷിയുടെ പരമാവധിയിലെത്തി. ഏത് നിമിഷവും അണക്കെട്ട് തുറന്നു വിടാൻ സാധ്യതയുള്ളതിനാൽ അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതബോർഡ് അധികൃതർ അറിയിച്ചു. 707.3 മീറ്ററാണ് അണക്കെട്ടിലെ ശനിയാഴ്ചത്തെ ജലനിരപ്പ്. 707.7 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. നീരൊഴുക്ക് ശക്തമായതിനാൽ ശനിയാഴ്ച മാത്രം 20 സെന്റീമീറ്റർ ജലനിരപ്പുയർന്നു.

പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ പൊന്മുടി അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് പരമാവധി വൈദ്യുതി നിർമിക്കാനുള്ള ശ്രമത്തിലാണ് വൈദ്യുത ബോർഡ്. 20 മെഗാവാട്ട് വീതം ഉൽപാദിപ്പിക്കുന്ന രണ്ട് ജനറേറ്ററുകളിൽ നിന്ന് ഒരു മാസത്തോളമായി 18 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.

കേരളത്തിലെ ഒന്നോ അതിലധികമോ സ്ഥലങ്ങളിൽ 18നു രാവിലെ വരെ മഴയുണ്ടാകും. കനത്ത മഴയ്ക്കും സാധ്യത.

related stories