Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാമലീല: തിയേറ്റർ തകർക്കണമെന്ന ആഹ്വാനത്തിന് എതിരെ പരാതി; പോസ്റ്റ് പിൻവലിച്ചതെന്ന് രാമചന്ദ്രൻ

ramaleela-fb

കൊച്ചി∙ ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദർശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിനെതിരെ നിർമാതാവ് ടോമിച്ചൻ മുളകുപാടത്തിന്റെ പരാതി. ചലച്ചിത്ര അക്കാദമി എക്സിക്യൂട്ടീവ് അംഗം ജി.പി.രാമചന്ദ്രനെതിരെയാണ് ഐജി പി.വിജയന് ടോമിച്ചൻ പരാതി നൽകിയത്. പൈറസി പ്രോത്സാഹിപ്പിക്കുന്ന വിധത്തിൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതായും പരാതിയിൽ പറയുന്നു. പരാതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അമിതാവേശവും വികാരത്തള്ളിച്ചയും മൂലമാണ് ചില അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവ പെട്ടെന്നു തന്നെ പിൻവലിച്ചതായും രാമചന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ ചിലർ പ്രചരിപ്പിച്ചു വരുന്നതിൽ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

കലാപത്തിന് ആഹ്വാനം നൽകുന്നതിന് തുല്യമാണ് തിയേറ്ററുകൾ തകർക്കുക എന്ന ആഹ്വാനത്തിലൂടെ രാമചന്ദ്രൻ നടത്തിയിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ‘രാമലീല’യുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ‘സെപ്റ്റംബർ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകൾ തകർക്കണം’ എന്ന് രാമചന്ദ്രൻ പോസ്റ്റ് ചെയ്തത്. #BoycottRaamleela എന്ന ഹാഷ്ടാഗോടെയായിരുന്നു പോസ്റ്റ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു.

‘രാം ലീലലോയ രാംകഥയോ എന്താണെങ്കിലും വേണ്ടില്ല, അശ്ലീലമനസ്കന്റെ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കണ്ട. വിവരമറിയും’ എന്നും രാമചന്ദ്രൻ പോസ്റ്റിട്ടിരുന്നു. ‘തമിഴ് റോക്കേഴ്സ് അഡ്മിന്റെ നമ്പർ ആരുടെയെങ്കിലും കയ്യിലുണ്ടോ? ഏതായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയന്റെ പള്ളക്ക് കുത്താനാണേ...’ എന്ന പോസ്റ്റ് ആണ് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 14നായിരുന്നു ഈ പോസ്റ്റ്. 

ദിലീപിന്റെ അറസ്റ്റിനെ തുടർന്ന് പലതവണ മാറ്റിയതിനു ശേഷമാണ് രാമലീല’യുടെ റിലീസ് 28ന് നിശ്ചയിച്ചത്. ചിത്രം തിയറ്ററിൽ പോയി കാണണം എന്നും കാണരുത് എന്നവിധത്തിലുമുള്ള ക്യാംപെയ്‌നുകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഒട്ടേറെ പ്രമുഖരും അനുകൂല–പ്രതികൂല പോസ്റ്റുകളും അഭിപ്രായങ്ങളുമായി രംഗത്തു വന്നിരുന്നു.

related stories