Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിനകരൻപക്ഷത്തിന് തിരിച്ചടി; 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി

TTV Dinakaran

ചെന്നൈ∙ തമിഴ്നാട്ടിൽ വിശ്വാസവോട്ടെടുപ്പിനായുള്ള ദിനകരൻപക്ഷത്തിന്റെ ശ്രമങ്ങൾക്ക് തിരിച്ചടി. അണ്ണാ ഡിഎംകെ വിമത നേതാവ് ടി.ടി.വി.ദിനകരനൊപ്പം ചേർന്ന 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കി. പാർട്ടി മാറുന്നവരെ അയോഗ്യരാക്കാൻ അനുശാസിക്കുന്ന 1986ലെ നിയമസഭാചട്ടം അനുസരിച്ചാണ് നടപടി. എന്നാൽ ഇതിനെ നിയമപരമായി നേരിടുമെന്ന് ദിനകരൻ അറിയിച്ചു. 

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയിൽ അവിശ്വാസം രേഖപ്പെടുത്തി നേരത്തേ 18 എംഎൽഎമാർ ഗവർണർക്കു കത്തു നൽകിയിരുന്നു. അതിന്മേൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാന്‍ ആവശ്യപ്പെട്ട് സ്പീക്കർ പി.ധനപാൽ നോട്ടിസും അയച്ചു. സെപ്റ്റംബർ 14നായിരുന്നു ഹാജരാകേണ്ടിയിരുന്നത്. എംഎൽഎമാർ പാർട്ടി നിലപാടിനു വിരുദ്ധമായി പ്രവർത്തിച്ചതിനു നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണു നിർദേശം. എന്നാൽ 14നു ഹാജരായില്ലെന്നു മാത്രമല്ല അഞ്ചു ദിവസം കൂടി സമയം നീട്ടി നൽകണമെന്നും ദിനകരൻ പക്ഷം ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയാണ് സ്പീക്കറുടെ ‘അയോഗ്യരാക്കൽ’ നടപടി. 

തമിഴ്നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ എത്രയും പെട്ടെന്നു തീരുമാനമെടുക്കണമെന്ന് നേരത്തേ ദിനകരൻപക്ഷം ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷമായ ഡിഎംകെയും സഖ്യകക്ഷികളും സമാനമായ ആവശ്യം ഉന്നയിച്ച് മദ്രാസ് ഹൈക്കോടതിയെയും രാഷ്ട്രപതിയെയും സമീപിച്ചിരുന്നു. എടപ്പാടി സർക്കാരിനോട് ഉടൻ വിശ്വാസ വോട്ട് തേടാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ ഗവർണർക്ക് കത്തുമയച്ചു. 

ഗവർണർ സി.വിദ്യാസാഗർ റാവു ഇന്ന് തമിഴ്നാട്ടിലേക്കെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറുടെ നടപടിയെന്നാണ് കരുതുന്നത്. അയോഗ്യരാക്കിയതിനെതിരെ കോടതിയെ സമീപിക്കുക എന്നതാണ് ഇനി ദിനകരൻപക്ഷത്തിനു മുന്നിലുള്ള വഴി. നേരത്തേ ഒപ്പമുണ്ടായിരുന്ന 19 പേരിൽ ഒരു എംഎൽഎ എതിർചേരിയിലേക്കു മാറിയിരുന്നു. തനിക്കൊപ്പമുള്ള എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിൽ നിന്ന് കൂർഗിലേക്കു മാറ്റിയിരിക്കുകയാണ് ദിനകരനിപ്പോൾ.

18 എംഎൽഎമാർ അയോഗ്യരായ സാഹചര്യത്തിൽ ഇനി ദിനകരനൊപ്പം മൂന്ന് എംഎൽഎമാർ മാത്രമാണുള്ളത്. ഈ സാഹചര്യത്തിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയാൽ ഔദ്യോഗിക പക്ഷത്തിന് എളുപ്പം ജയിക്കാം.നിയമസഭയിൽ സർക്കാരിനു ഭൂരിപക്ഷമുറപ്പിക്കാൻ അണ്ണാ ഡിഎംകെ ഔദ്യോഗിക ‌പക്ഷം മറ്റൊരു തന്ത്രവും മെനയുന്നുണ്ട്.

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെ പ്ര‌‌തിഷേധത്തിന്റെ ഭാഗമായി പാൻമസാല പാക്കറ്റുകൾ ഉയർത്തിക്കാട്ടിയ 20 പ്ര‌‌തിപക്ഷ എംഎൽഎമാർക്കെതിരായ നടപടി ആലോചിക്കാൻ നിയമസഭാ സമിതി യോഗം ചേരാനൊരുങ്ങുകയാണ്. ഇവരെ നിശ്ചിതകാലത്തേക്കു സഭയിൽ നിന്നു സസ്‌പെൻഡ് ചെ‌യ്തേക്കും. അ‌ങ്ങനെയെങ്കിൽ സസ്‌‌പെൻഷൻ കാലാവധിക്കിടെ സർ‌ക്കാരിനു വിശ്വാസ വോട്ട് ജയിക്കാം. 

വെല്ലുവിളിച്ച് ദിനകരൻ

എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രിപദം രാജിവച്ച് എംഎൽഎമാരുടെ യോഗം വിളിക്കണമെന്ന് ടി.ടി.വി.ദിനകരൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ശശികല നൽകിയ മുഖ്യമന്ത്രിപദവി ആവശ്യമില്ലെന്നു പറയാനുള്ള ധൈര്യം പളനിസാമി കാണിക്കണം. എംഎൽഎമാരുടെ യോഗം വിളിക്കുന്ന പക്ഷം തനിക്കൊപ്പമുള്ള സാമാജികരെയും പങ്കെടുപ്പിക്കുമെന്നും അവർ പളനിസാമിക്കു പിന്തുണ നൽകിയില്ലെങ്കിൽ താൻ ഉത്തരവാദിയല്ലെന്നും ദിനകരൻ പറഞ്ഞു.

അതിനിടെ, ദിനകരൻ കള്ളനാണെന്നും മതിൽ ചാടി കളവു നടത്തുന്ന കള്ളൻ പിടിക്കപ്പെടാതിരിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കു തുല്യമാണു ദിനകരന്റെ പ്രവൃത്തികളെന്നും മന്ത്രി ജയകുമാർ തിരിച്ചടിച്ചു. പാർട്ടി കൈപ്പിടിയിലൊതുക്കാൻ ശശികല കുടുംബത്തിലെ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഒരുകാരണവശാലും ദിനകരനോടു മിണ്ടരുതെന്നും ജയലളിത തന്നോടു നിർദേശിച്ചിരുന്നതായി ഉപമുഖ്യമന്ത്രി ഒ.പനീർസെൽവവും ആഞ്ഞടിച്ചു.