Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിന് ജാമ്യമില്ല; ചുമത്തിയത് 20 വര്‍ഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റം

Dileep

അങ്കമാലി∙ യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയ കേസിൽ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലെന്ന് കോടതി. 20 വര്‍ഷം വരെ കഠിനതടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. രണ്ടുമാസം പിന്നിട്ടതിനാല്‍ സ്വാഭാവിക ജാമ്യം വേണമെന്ന ദിലീപിന്‍റെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. നടിയെ ആക്രമിച്ച കേസിൽ രണ്ടു മാസമായി ദിലീപ് ജയിലിലാണ്.

ഇതു നാലാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ കോടതികൾ തള്ളുന്നത്. ആദ്യം വിചാരണക്കോടതിയായ അങ്കമാലി മജിസ്ട്രേട്ട് കോടതിയും പിന്നീട് രണ്ടു തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപ് അറസ്റ്റിലായത്. നാദിർഷായുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം പരിഗണിച്ചപ്പോൾ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ ദിലീപിന് അനുകൂലമാകുമെന്ന് ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പ്രതീക്ഷിച്ചിരുന്നെങ്കിലും വിഫലമായി.

ജാമ്യഹർജിയിൽ ഉന്നയിച്ചത്

നടിയുടെ നഗ്നചിത്രങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു പൊലീസ് ഉന്നയിച്ചതെന്നും അതിൽ അന്വേഷണം പൂർത്തിയായെന്നും ദിലീപ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കുറ്റമായതിനാൽ 65 ദിവസങ്ങളായി റിമാൻഡിൽ കഴിയുന്ന പ്രതിക്കു സോപാധിക ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗം വാദം. കൂട്ടമാനഭംഗക്കുറ്റം ദിലീപിനെതിരെ ആരോപിക്കാനാകില്ലെന്ന വാദവും പ്രതിഭാഗം ഉയർത്തിയിരുന്നു.

എന്നാൽ കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നും ദിലീപിനു ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ കാരണമാകുമെന്നും പ്രോസിക്യൂഷൻ നിലപാടെടുത്തു. മാത്രമല്ല രണ്ടു മാസത്തിലധികമായി ജയിലിൽ കിടന്നിട്ടും ദിലീപിന് ഇപ്പോഴും സിനിമാ മേഖലയിൽ നല്ല പിടിപാടാണെന്നും സിനിമാ മേഖലകളിൽനിന്നുള്ളവർ ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നത് ഇതിന്റെ തെളിവാണെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

ഇരയുടെ അഭിമാനം സംരക്ഷിക്കുന്നതിനും പ്രോസിക്യൂഷന്റെ കൈവശമുള്ള രഹസ്യസ്വഭാവമുള്ള രേഖകൾ പുറത്താകാതിരിക്കാനും അടച്ചിട്ട കോടതി മുറിയിൽ ശനിയാഴ്ചയാണു കേസിന്റെ വാദം നടന്നത്. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദ പ്രതിവാദങ്ങൾക്കൊടുവിൽ കോടതി വിധി പറയാൻ തിങ്കളാഴ്ചത്തേയ്ക്കു മാറ്റുകയായിരുന്നു.

related stories