Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്മനാഭ സവിധത്തിൽ പാടിത്തൊഴാൻ ഗാനഗന്ധർവൻ; യേശുദാസിന് പ്രവേശനാനുമതി

kj-yesudas

തിരുവനന്തപുരം ∙ ഗായകൻ യേശുദാസിന്റെ ഏറെക്കാലമായുള്ള പ്രാർഥനയ്ക്കും സ്വപ്നത്തിനും സാഫല്യം. നവരാത്രി ദിനത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന് അനുവാദം തേടി കെ.ജെ.യേശുദാസ് ക്ഷേത്രം അധികൃതർക്ക് നൽകിയ കത്തിൽ അനുകൂല തീരുമാനം. ഗാനഗന്ധർവന് ക്ഷേത്രപ്രവേശനാനുമതി നൽകാൻ ക്ഷേത്ര ഭരണസമിതി യോഗം തീരുമാനിച്ചു.

ഗാനഗന്ധർവന് ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിയും നടനുമായ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. വിശ്വാസികളായ എല്ലാവര്‍ക്കും ക്ഷേത്രത്തിൽ പ്രവേശനം അനുവദിക്കണമെന്നാണു സർക്കാർ നിലപാടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. ക്ഷേത്രത്തിൽ ദർശനം നടത്താനുള്ള ആഗ്രഹം കാണിച്ച് യുഎസിൽനിന്നാണു യേശുദാസ് കത്തയച്ചത്.

താന്‍ ഹിന്ദുമത വിശ്വാസിയാണെന്നു രേഖാമൂലം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും കത്തിനൊപ്പം ചേർത്തിരുന്നു. സ്വാതിതിരുനാള്‍ രചിച്ച പത്മനാഭശതകം ക്ഷേത്രം കല്‍മണ്ഡപത്തിലോ നവരാത്രി മണ്ഡപത്തിലോ ഇരുന്ന് യേശുദാസ് ആലപിക്കും. വിജയദശമി ദിനമായ സപ്തംബര്‍ 30ന് ക്ഷേത്രദര്‍ശനത്തിന് അനുവാദം നൽകണമെന്നായിരുന്നു യേശുദാസിന്റെ ആവശ്യം.

2014 മുതൽ, ഹൈന്ദവധര്‍മവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരുന്ന വിശ്വാസിയാണെന്നു സ്വന്തം സത്യവാങ്മൂലം നൽകുന്ന ആർക്കും പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശനം നല്‍കിവരുന്നുണ്ട്.