Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇടതു ജനപ്രതിനിധികൾ ദിലീപിനെ ജയിലിൽ സന്ദർശിച്ചത് വ്യക്തിപരം: കോടിയേരി

Kodiyeri Balakrishnan

കൊച്ചി∙ ഇടതു ജനപ്രതിനിധികൾ നടൻ ദിലീപിനെ ജയിലിൽ പോയി കണ്ടത് വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഏറ്റവും ഒടുവിൽ കെപിഎസി ലളിത ഉൾപ്പെടെ ദിലീപിനെ സന്ദർശിക്കാനെത്തിയതിനെപ്പറ്റി വാർത്താസമ്മേളനത്തിൽ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.

‘ജയിലിൽ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാൻ സാധിക്കില്ല. തടവുകാരെ ആർക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലിൽ കിടക്കുമ്പോൾ പാർട്ടി വിരുദ്ധന്മാരായ പലരും ഞങ്ങളെ വന്നു കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവർക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്നമായി കാണേണ്ടതില്ല’– കോടിയേരി പറഞ്ഞു.

പാർട്ടി സമ്മേളനങ്ങൾ തുടങ്ങിയ സമയത്ത് കഴിഞ്ഞ ദിവസം കെപിഎസി ലളിത ജയിലിൽ ദിലീപിനെ സന്ദർശിച്ചത് പാർട്ടിക്ക് തിരിച്ചടിയായിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കാണുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാൻ തയാറാകാത്ത ലളിത, കേസിലെ പ്രതിയായ ദിലീപിനെ കണ്ടതു പാർട്ടി വനിതാ നേതാക്കളിൽ അമർഷമുണ്ടാക്കിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി പോലുള്ളൊരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് ഇത്തരം പരസ്യ നിലപാടെടുത്തതിൽ സാംസ്കാരിക രംഗത്തുള്ള എതിർപ്പും ശക്തമാണ്. ദിലീപുമായി വ്യക്തി ബന്ധമുണ്ടെങ്കിലും ഇത്തരമൊരു പദവിയിൽ ഇരിക്കുമ്പോൾ അതു കാണിക്കേണ്ടതില്ലെന്നു സാംസ്കാരിക നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇരയ്ക്കു പകരം വേട്ടക്കാർക്കൊപ്പമാണു ലളിത നിന്നതെന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണവും പാർട്ടിക്കു തലവേദനയുണ്ടാക്കുന്നുണ്ട്.

നടനും എംഎല്‍എയുമായ കെ.ബി. ഗണേശ് കുമാര്‍ ദിലീപിനെ സന്ദർശിച്ചതും വിവാദമായിരുന്നു.