Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാഹചര്യത്തിൽ കാതലായ മാറ്റം ഉണ്ടെങ്കിലേ ജാമ്യം പരിഗണിക്കൂ: ഹൈക്കോടതി

dileep

കൊച്ചി ∙ നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതിയില്‍ ജാമ്യത്തിനു ശ്രമിച്ച ദിലീപിന് വീണ്ടും തിരിച്ചടി. കേസിന്റെ സാഹചര്യങ്ങളില്‍ കാതലായ മാറ്റം ഉണ്ടായാല്‍ മാത്രമേ ജാമ്യം പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. കുറച്ചുദിവസം ജയിലില്‍ കിടന്നതുകൊണ്ടുമാത്രം സാഹചര്യങ്ങള്‍ മാറിയെന്ന് കരുതാനാകില്ല. അന്വേഷണം കാര്യമായി പുരോഗമിച്ചിട്ടില്ലെന്നും കാവ്യ മാധവനേയും നാദിര്‍ഷയേയും ചോദ്യം ചെയ്യാനുണ്ടെന്നും ജസ്റ്റിസ് സുനില്‍ തോമസ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുതവണയും ജാമ്യാപേക്ഷ തള്ളിയപ്പോള്‍ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും കോടതി പറഞ്ഞു.

പുതിയ ജാമ്യാപേക്ഷയില്‍ ദിലീപിന്റെ അഭിഭാഷകരുടെ വാദം കേട്ടില്ല. കേസ് ബെഞ്ചിന്റെ പരിഗണനയ്ക്കു വന്നപ്പോൾ തന്നെ സാഹചര്യത്തിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോയെന്നാണ് കോടതി ആരാഞ്ഞത്. 25നു തിങ്കളാഴ്ച നാദിർഷായുടെയും കാവ്യാ മാധവന്റെയും മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുകയാണെന്നും അതിനുശേഷം 26നു ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും പറഞ്ഞ് കോടതി പുതിയ ഹർജി മാറ്റിവയ്ക്കുകയായിരുന്നു.

ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷയുമായി എത്തുന്നത്. മുൻപ് രണ്ടു തവണയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിങ്കളാഴ്ച അങ്കമാലി മജിസ്ട്രേട്ട് കോടതിയും ദിലീപിന്‍റെ ജാമ്യാപേക്ഷ തള്ളി. ഇതിനു പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ദിലീപ് വീണ്ടും ഹൈക്കോടതിയിൽ എത്തിയത്.

സോപാധിക ജാമ്യം ലഭിക്കാനുള്ള സാഹചര്യമായിട്ടില്ലെന്നു വിലയിരുത്തിയാണ് ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയത്. പ്രതിക്കെതിരെ അതീവ ഗുരുതരമായ കുറ്റമാണ് ആരോപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു മജിസ്ട്രേട്ട് കോടതി ചൂണ്ടിക്കാട്ടി.

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രമാണു തനിക്കെതിരെ ചുമത്തിയിട്ടുള്ളത്. 10 വർഷത്തിൽ താഴെ മാത്രം ശിക്ഷ കിട്ടാവുന്ന കേസിൽ 65 ദിവസമായി ജുഡീഷ്യൽ കസ്റ്റഡിൽ കഴിയുന്ന തനിക്കു ജാമ്യം അനുവദിക്കണമെന്നാണു ജാമ്യാപേക്ഷയിൽ ദിലീപ് ആവശ്യപ്പെട്ടത്. ഈ വാദം കോടതി അംഗീകരിച്ചില്ല.

related stories