Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണൽ ഇറക്കുമതി ചെയ്യാൻ സർക്കാർ; നിർമാണ മേഖലയ്ക്ക് ആശ്വാസം

Representative Image

തിരുവനന്തപുരം∙ നിര്‍മ്മാണ മേഖലയ്ക്കാവശ്യമായ മണലിന്‍റെ ലഭ്യത ഉറപ്പുവരുത്താന്‍ വിദേശത്തുനിന്ന് മണല്‍ ഇറക്കുമതി ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് തീരുമാനമെടുത്തത്. മണലിന്‍റെ കടുത്ത ദൗര്‍ലഭ്യവും അമിതമായി മണല്‍ വാരുന്നതുമൂലമുളള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് വിദേശമണൽ കൊണ്ടുവരുന്നത്.

വിദേശത്തുനിന്ന് മണൽ ഇറക്കുമതി ചെയ്യുന്നതിന് ഇപ്പോള്‍ നിയമ തടസ്സങ്ങളില്ല. കൊച്ചി തുറമുഖം വഴി മണല്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്കു സംസ്ഥാന സര്‍ക്കാരിന്‍റെ മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ പെര്‍മിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാന്‍ താൽപര്യമുളളവര്‍ക്കു വകുപ്പ് പെര്‍മിറ്റ് നല്‍കും. മലേഷ്യ, വിയറ്റ്നാം, കംബോഡിയ മുതലായ രാഷ്ട്രങ്ങളില്‍ മണല്‍ വേണ്ടത്ര ലഭ്യമാണ്. കേരളത്തിന് പ്രതിവര്‍ഷം മൂന്ന് കോടി ടണ്‍ മണലാണ് ആവശ്യം.

ആവശ്യമുള്ളതിന്‍റെ ചെറിയ ശതമാനം മാത്രമേ പുഴകളില്‍നിന്നു ലഭിക്കുന്നുളളൂ. ഇതുകാരണം നിര്‍മാണ മേഖലയില്‍ പ്രതിസന്ധിയുണ്ട്. ദൗര്‍ലഭ്യം കാരണം വില കുത്തനെ ഉയരുകയും ചെയ്യുന്നു. ഇപ്പോള്‍ ക്യുബിക് അടിക്ക് 140 രൂപ വരെയാണ് വില. ഈ സാഹചര്യത്തിലാണ് മണൽ ഇറക്കുമതി ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. ഇറക്കുമതിക്കു ശേഷം മണലിന് ഗണ്യമായി വില കുറയുമെന്നാണ് സർക്കാർ കരുതുന്നത്.

യോഗത്തില്‍ വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി, തുറമുഖ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി.എസ്.സെന്തില്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി എം.ശിവശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. 

ഇതിനിടെ, നേരത്തെ കൊച്ചി തുറമുഖത്തെത്തിയ ലക്ഷക്കണക്കിനു ടണ്‍ മണല്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്നതു വാർത്തയായിരുന്നു. കംബോഡിയയില്‍നിന്ന് ഇറക്കുമതി ചെയ്ത മണലാണു കെട്ടിക്കിടക്കുന്നത്. ഇറക്കുമതി ചെയ്ത കമ്പനിക്കാര്‍ ഉയര്‍ന്ന വില ആവശ്യപ്പെട്ടതാണ് മണല്‍ വാങ്ങാന്‍ ആളില്ലാത്തതിന് കാരണമെന്നാണ് അന്നു പറഞ്ഞിരുന്നത്.

അതേസമയം, ക്ഷാമം രൂക്ഷമായതോടെ മണൽ ഇറക്കുമതി ചെയ്യാൻ തമിഴ്നാടിനും പദ്ധതിയുണ്ട്. മൂന്നിലൊന്നു നിരക്കിൽ മലേഷ്യയിൽനിന്നും കമ്പോഡിയയിൽനിന്നും പുഴമണൽ ലഭ്യമാക്കാനാണ് ചെന്നൈയിലെ നിർമാണ കമ്പനികൾ ലക്ഷ്യമിടുന്നത്. മലേഷ്യയിലെയും കമ്പോഡിയയിലെയും കയറ്റുമതി സ്ഥാപനങ്ങൾ എല്ലാ മാസവും രണ്ടുലക്ഷം ടൺ മണൽ ആണ് എത്തിക്കുക.