Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണ്ണാഡിഎംകെയുടെ നാളുകൾ എണ്ണപ്പെട്ടു; കോടതിവിധി കാത്ത് ഡിഎംകെ

stalin ഡിഎംകെ എംഎൽഎമാരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്ന എം.കെ.സ്റ്റാലിൻ. ചിത്രം: എഎൻഐ

ചെന്നൈ∙ അണ്ണാഡിഎംകെയ്ക്ക് എതിരെ പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ തുറന്ന പോരാട്ടം പ്രഖ്യാപിച്ച് ഡിഎംകെ. പളനിസാമി സർക്കാരിനെതിരെ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി ബുധനാഴ്ച വിധി പറയാനിരിക്കെ അതിനു ശേഷം പാർട്ടി സമരപരിപാടികൾ വ്യക്തമാക്കുമെന്ന് വർക്കിങ് പ്രസിഡന്റ് കൂടിയായ സ്റ്റാലിന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ നേരിടാൻ വരെ പാർട്ടി സജ്ജമാണ്. ഡിഎംകെ സാമാജികരുടെ യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയലളിത അന്തരിച്ചതിനു ശേഷം അണ്ണാഡിഎംകെയിൽ സംഭവിച്ച പൊട്ടിത്തെറികൾക്കെല്ലാം മൂകസാക്ഷ്യം വഹിക്കുകയായിരുന്നു ഡിഎംകെ ചെയ്തത്. എന്നാൽ പാർട്ടിയിലെ 19 എംഎൽഎമാർ ടിടിവി ദിനകരനൊപ്പം വിമതപക്ഷത്തേക്ക് പോകുകയും അണ്ണാഡിഎംകെയിൽ പുതിയ സംഭവവികാസങ്ങൾക്ക് കളമൊരുങ്ങുകയും ചെയ്ത സാഹചര്യത്തിൽ അവസരം മുതലെടുക്കാനാണ് ‍ഡിഎംകെ തീരുമാനം. ഇക്കാര്യത്തിൽ തങ്ങളുടെ പൂർണപിന്തുണയുണ്ടാകുമെന്ന് എംഎൽഎമാരും സ്റ്റാലിനെ അറിയിച്ചു.

ഡിഎംകെ എംഎൽഎമാരുടെ കൂട്ടരാജി ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡിഎംകെയുടെ അരയും തലയും മുറുക്കിയുള്ള മുന്നോട്ടു വരവ്. ചൊവ്വാഴ്ച വൈകിട്ട് ചേർന്ന ഡിഎംകെ യോഗത്തിൽ സർക്കാരിനെതിരെ പ്രമേയവും പാസാക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും സ്പീക്കർ പി.ധനപാലനും രാജിവച്ചൊഴിയണമെന്നതാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

സംസ്ഥാനത്തെ അഴിമതികൾക്കു നേരെ കണ്ണടച്ച്,  എല്ലാം കണ്ട് വെറുതെയിരിക്കുന്ന കേന്ദ്രസർക്കാരും പളനിസാമിയെ കണ്ണടച്ചു പിന്തുണയ്ക്കുന്ന ഗവർണർ സി.വിദ്യാസാഗർ റാവുവുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്നും ഡിഎംകെ ആരോപിച്ചു. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും പളനിസാമി സർക്കാരിനെ ഒരു മാസത്തോളം തുടരാൻ ഗവർണർ അനുവദിച്ചത് ജനാധിപത്യത്തിലെ കറുത്ത ഏടാണ്.

19 അണ്ണാഡിഎംകെ എംഎൽഎമാരും വിമതപക്ഷത്തേക്കു പോയിട്ടും ഗവർണർ ഇടപെട്ട് വിശ്വാസവോട്ടെടുപ്പ് നടത്താതിരുന്നതാണ് ഇന്നു കാണുന്ന അനിശ്ചിതത്വങ്ങൾക്കെല്ലാം കാരണം. 18 എംഎൽഎമാരെ അയോഗ്യരാക്കിയ  നടപടി സ്പീക്കറുടെ ഏകാധിപത്യ മനോഭാവത്തെയാണു കാണിക്കുന്നത്– ഡിഎംകെ കുറ്റപ്പെടുത്തി.

ഡിഎംകെയും സഖ്യകക്ഷികളും പല തവണ ആവശ്യപ്പെട്ടിട്ടും വിശ്വാസ വോട്ടിന് ഗവർണർ തയാറായില്ല. 234 അംഗ മന്ത്രിസഭയിൽ പളനിസാമിപക്ഷത്തിന് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് ഉറപ്പായ സന്ദർഭമുണ്ടായിട്ടു കൂടി ഗവർണർ അനങ്ങിയില്ല. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.  കൂറുമാറ്റ നിരോധന നിയമത്തെ കൂട്ടുപിടിച്ചാണ് ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് സർക്കാരിനെ ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്. ഇത് ജനാധിപത്യ മര്യാദകൾക്ക് നിരക്കാത്തതാണെന്നും പ്രമേയത്തിൽ ഡിഎംകെ കുറ്റപ്പെടുത്തി.

ഇതുവഴി സ്പീക്കറുടെ നിഷ്പക്ഷസ്വഭാവം നഷ്ടപ്പെട്ടു. സ്പീക്കറും അധികാരം നിലനിർത്താനായി സകല കുറുക്കുവഴികളും പയറ്റുന്ന പളനിസാമിയും അടിയന്തരമായി രാജി വയ്ക്കണം. അണ്ണാഡിഎംകെ സ്ഥാപകൻ എംജിആറിന്റെ പിറന്നാൾ ശതാബ്ദി ആഘോഷങ്ങൾക്കു വിളിച്ചു കൂട്ടുന്ന സർക്കാർതല യോഗങ്ങളെല്ലാം ഡിഎംകെയ്ക്കെതിരെയുള്ള പ്രചാരണത്തിനായാണ് ഉപയോഗപ്പെടുത്തുന്നതെന്നും ഡിഎംകെ കുറ്റപ്പെടുത്തി.

18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിന് നിയമസാധുതയില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ബുധനാഴ്ച വരുന്ന ഹൈക്കോടതി വിധിക്കനുസരിച്ചായിരിക്കും ഭാവി പരിപാടികൾ. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാലിന്‍ പറഞ്ഞു.

അതിനിടെ ഗവർണർ വിദ്യാസാഗർ റാവു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടു. തമിഴ്നാട്ടിൽ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ മന്ത്രിയെ അറിയിക്കുകയായിരുന്നു സന്ദർശന ലക്ഷ്യമെന്ന് അറിയുന്നു. കൂടിക്കാഴ്ച 20 മിനിറ്റ് നേരം നീണ്ടു.