Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേരറിവാളന്‍റെ പരോള്‍ ഒരു മാസം കൂടി നീട്ടണമെന്ന് അമ്മ; ജയില്‍ വകുപ്പ് മന്ത്രിയെ കണ്ടു

Perarivalan

ചെന്നൈ∙ രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എ.ജി.പേരറിവാളന്‍റെ പരോള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് അമ്മ അര്‍പ്പുതാമ്മാള്‍ അപേക്ഷ നല്‍കി. തമിഴ്നാട് ജയില്‍ വകുപ്പ് മന്ത്രി സി.വി.ഷണ്‍മുഖനെ കണ്ട് ഒരു മാസം കൂടി പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തു നല്‍കിയത്.

കഴിഞ്ഞ ഓഗസ്റ്റ് 24നാണ് അച്ഛൻ ടി. ജ്ഞാനശേഖരന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പേരറിവാളന് തമിഴ്നാട് സര്‍ക്കാര്‍ 30 ദിവസത്തെ പരോള്‍ അനുവദിച്ചത്. പരോൾ കാലാവധി 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ അപേക്ഷ. കനത്ത പൊലീസ് സുരക്ഷയില്‍ ജോലാര്‍പ്പേട്ടിലെ വീട്ടിലാണ് പേരറവാളനിപ്പോള്‍. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പേരറിവാളന് 25 വർഷങ്ങൾക്കിടെ ആദ്യമായാണ് ഒരു മാസത്തെ പരോൾ ലഭിക്കുന്നത്.

തനിക്കും ഭർത്താവിനു വാർധക്യസഹജമായ അസുഖങ്ങളും മകൾ എ.ജി.അൻപുമണിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളുമുള്ള സാഹചര്യത്തിൽ പേരറിവാളന്റെ വീട്ടിലെ സാന്നിധ്യം സഹായകരമാകുമെന്നാണ് അപേക്ഷയിലുള്ളത്.

അതിനിടെ പേരറിവാളനെ നടൻ സത്യരാജ് സന്ദർശിച്ചു. കേസിൽ ശിക്ഷിക്കപ്പെട്ട എല്ലാവരെയും മോചിപ്പിക്കാൻ സർക്കാർ തീരുമാനിക്കണമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം സത്യരാജ് മാധ്യമങ്ങളോടു പറഞ്ഞു. കുറ്റവാളികളാണെന്നു കോടതി കണ്ടെത്തിയ എല്ലാവരും 25 വർഷത്തോളം ശിക്ഷ അനുഭവിച്ചതു പരിഗണിച്ച് എല്ലാവരെയും മോചിപ്പിക്കുന്ന തീരുമാനം സർക്കാർ കൈക്കൊണ്ടാൽ താൻ അതിൽ ഏറെ സന്തോഷിക്കുമെന്നും സത്യരാജ് കൂട്ടിച്ചേർത്തു.