Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെയ്ക് ഇൻ ഇന്ത്യക്ക് തിരിച്ചടി; യുദ്ധവിമാനങ്ങളിലെ പിഴവ് ഏറ്റെടുക്കില്ലെന്ന് യുഎസ്

Lockheed Martin US

ന്യൂഡൽഹി∙ ഇന്ത്യക്ക് തിരിച്ചടിയാകുന്ന തീരുമാനവുമായി യുഎസ് പ്രതിരോധ കമ്പനികൾ. മെയ്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യക്കു വേണ്ടി ഇവിടെത്തന്നെ നിർമിക്കുന്ന യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യ കൈമാറില്ലെന്ന് കമ്പനികൾ അറിയിച്ചു. മാത്രമല്ല, നിർമാണ സമയത്തോ ശേഷമോ ഉണ്ടാകാവുന്ന പിഴവുകളുടെ ബാധ്യത ഏറ്റെടുക്കില്ലെന്നും കമ്പനികൾ വ്യക്തമാക്കി. കരാറിന്റെ ഭാഗമായി നൂറുകണക്കിന് കോടി രൂപയുടെ നേട്ടമാണ് അമേരിക്കൻ കമ്പനികൾക്ക് ഉണ്ടാവുക.

യുഎസ് ആയുധ നിർമാണ കമ്പനികൾ യുഎസ്–ഇന്ത്യ ബിസിനസ് കൗൺസിൽ (യുഎസ്ഐബിസി) മുഖേന പ്രതിരോധ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിമാന പദ്ധതിയാണ് മെയ്ക് ഇൻ ഇന്ത്യ. മനുഷ്യശേഷി ഉൾപ്പെടെ രാജ്യത്തെ വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗവും വിതരണവുമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നത്. എന്നാൽ യുഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിക്കുന്ന ഉൽപന്നങ്ങളുടെ പിഴവുകളിൽ ബാധ്യതയില്ലെന്ന പ്രഖ്യാപനം പദ്ധതിക്ക് വലിയ തിരിച്ചടിയാണെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

ലോക്ഹീഡ് മാർട്ടിൻ, ബോയിങ് എന്നീ കമ്പനികളാണ് ഇന്ത്യൻ സേനയ്ക്കായി യുദ്ധ വിമാനങ്ങൾ നിർമിക്കാൻ സന്നദ്ധത അറിയിച്ചത്. സോവിയറ്റ് കാലത്തെ മിഗ് വിമാനങ്ങളാണ് ഇന്ത്യയുടെ പക്കൽ കൂടുതലും. ഇവ മാറ്റി കരുത്തുറ്റ വിമാനങ്ങൾ സേനയിലേക്ക് ചേർക്കാനാണ് യുഎസ് കമ്പനികളുമായി  സഹകരിക്കാൻ കേന്ദ്രം തീരുമാനിച്ചത്. കമ്പനികൾ സമ്മതം അറിയിച്ചത് ഇന്ത്യയുടെ, പ്രത്യേകിച്ച് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശന ദൗത്യങ്ങളുടെ വിജയമായാണ് അടയാളപ്പെടുത്തിയത്.

വിഖ്യാതമായ എഫ് 16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും കയറ്റുമതി ചെയ്യാനും യുഎസ് എയ്റോസ്പേസ് കമ്പനി ലോക്ഹീഡ് മാർട്ടിനും ടാറ്റാ ഗ്രൂപ്പും ഇക്കഴിഞ്ഞ ജൂണിൽ ധാരണയായി. പാരിസ് എയർഷോ വേദിയിലാണ് ടാറ്റ ആഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡും ലോക്ഹീഡ് മാർട്ടിനും വ്യോമയാന രംഗത്തെ വലിയ ധാരണയിൽ എത്തിയത്. മെയ്ക് ഇൻ ഇന്ത്യയിലെ ഏറ്റവും വലിയ പദ്ധതിയാണിത്.

ഇന്ത്യൻ വ്യോമസേനയ്ക്ക് മീഡിയം വെയ്റ്റ് വിഭാഗത്തിൽ ഒറ്റ എൻജിനുള്ള ഇരുന്നൂറോളം യുദ്ധ വിമാനങ്ങൾ ആവശ്യമുണ്ടെന്നാണു പ്രതിരോധ വിദഗ്ധർ കണക്കാക്കുന്നത്. ഈ ഇനത്തിൽ പെടുന്ന എഫ് 16 വിമാനങ്ങൾ വ്യോമസേന നിലവിൽ ഉപയോഗിക്കുന്നുമില്ല. തങ്ങളുടെ എഫ്16 നിർമാണ കേന്ദ്രം ഇന്ത്യയിലേക്കു മാറ്റാൻ തയാറാണെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ലോക്ഹീഡ് മാർട്ടിൻ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇന്ത്യൻ വ്യോമസേന എഫ് 16 വാങ്ങാൻ തയാറാണെങ്കിൽ മാത്രമേ ഇതു സാധ്യമാകൂ എന്ന വ്യവസ്ഥയും ഉന്നയിച്ചു.

ടെക്സസിലുള്ള വിമാന നിർമാണ പ്ലാന്റ്, ധാരണപ്രകാരം ലോക്ഹീഡ് മാർട്ടിൻ ഇന്ത്യയിലേക്കു മാറ്റാമെന്ന് അറിയിച്ചു. 49 ശതമാനം ഓഹരി ലോക്ഹീഡും ബാക്കി ഇന്ത്യൻ കമ്പനിക്കും എന്നതായിരുന്നു ധാരണ. യുഎസ്ഐബിസി കഴിഞ്ഞമാസം അവസാനമാണ് ഇങ്ങനെയൊരു കത്ത് പ്രതിരോധ മന്ത്രിക്ക് അയച്ചത്. സാങ്കേതിക വിദ്യയുടെ നിയന്ത്രണം തങ്ങൾക്കുതന്നെ വേണമെന്നും പങ്കാളികളായ ജൂനിയർ കമ്പനികൾക്ക് കൈമാറാൻ ഉദ്ദേശിക്കുന്നില്ലെന്നും കത്തിൽ ആവശ്യപ്പെട്ടു. കത്തിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

related stories