Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം ജോങ് ഉൻ ‘റോക്കറ്റ് മാൻ’; ഉത്തര കൊറിയയെ നശിപ്പിക്കുമെന്നും ട്രംപ്

USA-VIETNAM/

ന്യൂയോർക്ക്∙ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിലെ കന്നി പ്രസംഗത്തിൽ ‘ശത്രുക്കൾക്ക്’ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലോകം ദുഷ്ടശക്തികളിൽനിന്ന് വലിയ ഭീഷണിയാണ് നേരിടുന്നതെന്നും ഇവരെ അമർച്ച ചെയ്യാൻ യുഎൻ മുൻകൈ എടുക്കണമെന്നും ട്രംപ് പറഞ്ഞു.

ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ലോകത്തിന് ഭീഷണി സൃഷ്ടിക്കുന്നത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ലോകം നേരിടുന്ന വെല്ലുവിളി. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂർണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാൻ’ (കിം ജോങ് ഉൻ) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ഉത്തര കൊറിയയ്ക്ക് എതിരായി ഉപരോധം നടപ്പാക്കുന്നതിൽ യുഎൻ വഹിച്ച പങ്കിനെ ട്രംപ് പ്രകീർത്തിച്ചു. അമേരിക്കയ്ക്ക് എത്രത്തോളം ശക്തിയുണ്ടോ അത്രത്തോളം ക്ഷമയുമുണ്ട്. രമ്യമായ പരിഹാരത്തിന് സാധ്യതയുണ്ടോ എന്നാണ് നോക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.

ഫ്ലോറിഡ. ടെക്സസ്, വിർജിൻ ഐലൻഡ്സ് എന്നിവിടങ്ങളിൽ അടുത്തിടെ ആഞ്ഞുവീശിയ ചുഴലിക്കാറ്റുകളിൽനിന്ന് യുഎസിനെ രക്ഷിക്കാൻ സഹായിച്ചതിന് ഏവർക്കും നന്ദി അറിയിച്ച ശേഷമാണ് ട്രംപ് പ്രസംഗം അവസാനിപ്പിച്ചത്.

പാക്ക് പങ്ക് അന്വേഷിക്കണമെന്ന് ഇന്ത്യ

ആണവപദ്ധതികളുമായി ബന്ധപ്പെട്ട് ഉത്തര കൊറിയയും പാക്കിസ്ഥാനുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഇന്ത്യ. യുഎൻ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി ന്യൂയോർക്കിലുള്ള വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ, ജപ്പാൻ വിദേശകാര്യമന്ത്രി താരോ കോനോ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് പാക്കിസ്ഥാന്റെ പേരു നേരിട്ടു പറയാതെ ആവശ്യമുന്നയിച്ചത്. വെള്ളിയാഴ്ച ജപ്പാനു മുകളിലൂടെ ഉത്തര കൊറിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച പശ്ചാത്തലത്തിലാണിത്.