Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദ്ഘാടനത്തിന് തൊട്ടുമുൻപ് ബിഹാറിൽ 389 കോടിയുടെ കനാൽ ഭിത്തി തകർന്നു

Kohalgaon-dam ബിഹാറിൽ ഭഗൽപ്പൂരിൽ ജലസേചന പദ്ധതിയുടെ ഭാഗമായി നിർമിച്ച കനാൽ ഭിത്തി തകർന്നപ്പോൾ.

പട്‌ന∙ ബിഹാറിൽ ജലസേചന പദ്ധതിയുടെ ഭാഗമായി 389 കോടി രൂപ ചെലവിട്ടു നിർമിച്ച കനാൽ ഭിത്തി തകർന്നു. ഉദ്ഘാടനത്തിന് മണിക്കൂറുകൾക്കു മുൻപേയായിരുന്നു സംഭവം. ഭഗൽപ്പൂരിൽ നിർമിച്ച 11 കിലോമീറ്റർ നീളമുള്ള കനാലിന്റെ ഭിത്തിയുടെ ഒരു ഭാഗമാണു തകർന്നത്.

മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച പദ്ധതി ഉദ്‌ഘാടനം ചെയ്യാനിരുന്നതാണ്. അപകടത്തെ തുടർന്ന് ഉദ്‌ഘാടനം മാറ്റിവച്ചു. ബിഹാറിൽ നടപ്പാക്കുന്ന നിർമാണ പ്രവൃത്തികളിൽ അഴിമതി വ്യാപകമാണെന്ന പരാതി നിലനിൽക്കെയാണ് സംഭവം. 

ഗംഗാനദിയിൽനിന്നുള്ള വെള്ളം കനാലിലേക്കു പമ്പു ചെയ്‌തതിനു പിന്നാലെയാണ് ഭിത്തി തകർന്നത്. സമീപത്തെ റോഡുകളിലേക്കും ജനവാസകേന്ദ്രങ്ങളിലേക്കും വെള്ളം കുത്തിയൊലിച്ചെത്തിയത് ആശങ്കയുയർത്തി. മണൽചാക്കുകൾ നിരത്തിയാണു ജലപ്രവാഹം നിയന്തിച്ചത്.

ബിഹാറിലെയും ജാർഖണ്ഡിലെയും 27,603 ഹെക്ടറിലെ ജലസേചനം ലക്ഷ്യമിട്ടു തയാറാക്കിയ പദ്ധതിയാണിത്. 40 വർഷം മുൻപ് തയാറാക്കിയ പ്രോജക്ട് നീണ്ടുപോയതോടെ നിർമാണച്ചെലവും കുത്തനെ കയറുകയായിരുന്നു. സർക്കാരിനെ വിമർശിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി.

ഭിത്തി തകർന്നത് പുനർനിർമിച്ചെന്നും ശക്തിപ്പെടുത്തൽ നടപടികൾ പുരോഗമിക്കുകയാണെന്നും ജലവിഭവ വകുപ്പ് അറിയിച്ചു. കനാലിനു താഴെയുള്ള അണ്ടർപാസിന്റെ നിർമാണത്തിലുണ്ടായ പിഴവാണ് തകർച്ചയ്ക്കു കാരണമെന്നും അധികൃതർ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങളെല്ലാം രണ്ടു മാസത്തിനകം പരിഹരിച്ച് ശേഷം പുതിയ ഉദ്ഘാടന ദിവസം പ്രഖ്യാപിക്കും.

related stories