Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രോഹിൻഗ്യ’കളെന്നു പറയാതിരുന്നത് വിശദീകരിച്ച് ഓങ് സാൻ സൂ ചി

aung-san-suu-kyi ഓങ് സാൻ സൂ ചി. ചിത്രം കടപ്പാട്: എഎൻഐ, ട്വിറ്റർ

നയ്ചിദോ∙ രോഹിൻഗ്യ വിഷയത്തിൽ ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ രോഹിൻഗ്യകളെന്നു പറയാതിരുന്നതിൽ വിശദീകരണവുമായി മ്യാൻമർ സ്റ്റേറ്റ് കൗൺസിലർ ഓങ് സാൻ സൂ ചി. പ്രശ്നബാധിതമായ സമൂഹത്തിൽ വീണ്ടും വൈകാരികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന പദങ്ങൾ ഉപയോഗിക്കേണ്ടെന്ന തീരുമാനമാണ് ആ പേരുപയോഗിക്കാതിരുന്നതിനു കാരണമെന്നു സൂ ചി വ്യക്തമാക്കി. വാർത്താ ഏജൻസിയായ എഎൻഐക്കു നൽകിയ അഭിമുഖത്തിലാണു സൂ ചി ഇക്കാര്യം പറഞ്ഞത്.

Read More: രോഹിൻഗ്യ: കാര്യമായ പലായനമില്ല; റാഖൈൻ സൈനിക ഇടപെടലും തള്ളി സൂ ചി

റാഖൈനിലെ മുസ്‌ലിംകളെ ഏതു പേരുപയോഗിച്ചു അഭിസംബോധന ചെയ്യണമെന്ന വിവാദം നിലനിൽക്കുകയാണെന്നു സൂ ചി പറയുന്നു. ചിലര്‍ രോഹിൻഗ്യകളെന്നു വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. മറ്റു ചിലർക്ക് അങ്ങനെ വിളിക്കപ്പെടാൻ താൽപ്പര്യമില്ല. ചിലർക്കു ബംഗാളികളെന്നു വിളിക്കപ്പെടാനാണു താൽപ്പര്യം. റാഖൈന്‍ വംശജരല്ലാത്തതുകൊണ്ടാണത്. ഈ പ്രശ്നങ്ങളുള്ളതിനാലാണ് അവരെ മുസ്‌ലിംകൾ എന്നു മാത്രം വിളിച്ചത്. അതു നിഷേധിക്കാന്‍ ആർക്കും കഴിയുകയില്ല. റാഖൈനിലെ മുസ്‌ലിം സമൂഹത്തെക്കുറിച്ചാണു താൻ പറയുന്നത്. പ്രശ്നങ്ങൾ ഇനിയും വഷളാക്കുന്ന പദങ്ങൾ ഉപയോഗിക്കുന്നതിൽ ഒരർഥവും കാണുന്നില്ലെന്നും സൂ ചി വ്യക്തമാക്കി.

രോഹിൻഗ്യ വിഷയം മാനുഷികപരമാണോ സാമൂഹിക – സാമ്പത്തിക പ്രശ്നമാണോ എന്ന ചോദ്യത്തിനു സൂ ചി നൽകിയ മറുപടി മാനുഷികപരമാണെന്നും അതു ദീർഘകാല സാമൂഹിക – സാമ്പത്തിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുമാണ്. റാഖൈൻ സംസ്ഥാനത്തെ പ്രശ്നങ്ങൾ 19–ാം നൂറ്റാണ്ടു മുതൽ ആരംഭിച്ചതാണ്. അതിനെ നേരിടണം, അതു പരിഹരിച്ചേ മതിയാകൂ. ഒരു രാത്രി കൊണ്ടു പെട്ടെന്ന് ഇതു പരിഹരിക്കാനാകില്ല. ഇരു വിഭാഗങ്ങളെയും ഒരുപോലെ വിശ്വാസത്തിലെടുത്തുവേണം പ്രശ്നം പരിഹരിക്കാൻ. റാഖൈൻ സംസ്ഥാനത്തെ പലയിടത്തും ഇരു വിഭാഗങ്ങളും സമാധാനത്തോടെയാണു കഴിയുന്നത്. ചിലയിടത്ത് എന്തുകൊണ്ട് അതു സാധിക്കുന്നില്ലെന്നു കണ്ടെത്തണം.

സൂ ചി നടത്തിയ പ്രസ്താവനയിൽ ഒരിക്കൽ മാത്രമേ രോഹിൻഗ്യ എന്ന പദം ഉപയോഗിച്ചുള്ളൂ. രോഹിൻഗ്യകൾക്കിടയിലെ സായുധ സേനയായ അരാക്കൻ രോഹിൻഗ്യ സാൽവേഷൻ ആർമി എന്ന സംഘടനയെക്കുറിച്ചു പറഞ്ഞിടത്തു മാത്രം. മനുഷ്യാവകാശ ലംഘനങ്ങളെ വിമർശിച്ചു സംസാരിച്ച സൂ ചി പക്ഷേ, സൈന്യത്തെ കുറ്റപ്പെടുത്താൻ തയാറായില്ല. മാത്രമല്ല, വംശീയ ഉന്മൂലനമെന്ന ആരോപണത്തെക്കുറിച്ചു സംസാരിക്കാനും അവർ തയാറായില്ല.

രോഹിൻഗ്യകളെന്നു പറയാതെ സൂ ചി നടത്തിയ പ്രസ്താവന ആഗോള തലത്തിൽ രോഷം ക്ഷണിച്ചുവരുത്തിയിരുന്നു. ഇതേത്തുടർന്നാണ് അവർ ബുധനാഴ്ച നിലപാടു വിശദീകരിച്ചത്. സൂ ചിയുടെ നൊബേൽ തിരിച്ചെടുക്കണമെന്നും ആവശ്യമുയർന്നിരുന്നു.

ഓഗസ്റ്റ് അവസാനം മുതൽ ആരംഭിച്ച പലായനത്തിൽ നാലു ലക്ഷത്തിലധികം രോഹിൻഗ്യകൾ ബംഗ്ലദേശിലേക്കു രക്ഷപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകൾ പറയുന്നത്.