Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധുനിയമന കേസിനു പിന്നിൽ ഡിജിപി ജേക്കബ് തോമസ്: ഇ.പി. ജയരാജൻ

EP Jayarajan

കണ്ണൂർ∙ ഹൈക്കോടതി തള്ളാനിരുന്ന കേസാണ് വിജിലൻസ് ഇപ്പോൾ തള്ളിയതെന്ന് ബന്ധുനിയമന വിവാദത്തിൽപ്പെട്ട സിപിഎം നേതാവ് ഇ.പി. ജയരാജൻ. ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനുള്ള വിജിലൻസിന്റെ നടപടിയുടെ പശ്ചാത്തലത്തിലാണു ജയരാജന്റെ പ്രതികരണം. മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിനെക്കുറിച്ചു ചിന്തിക്കുന്നില്ല. കേസിനു പിന്നിൽ മുൻ വിജിലൻസ് ഡിജിപി ജേക്കബ് തോമസാണ്, കേസ് നിലനിൽക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചിട്ടും വഴങ്ങിയില്ല. ഇടതുപക്ഷ മാധ്യമങ്ങൾ അടക്കം 13 ദിവസം തന്നെ തേജോവധം ചെയ്തു. ശരിയായ നിലപാടാണ് താൻ സ്വീകരിച്ചത്. നിയമിക്കപ്പെട്ടവർക്കു ബന്ധുത്വമുണ്ടാകാം എന്നാല്‍ നിയമം വിട്ടൊന്നും ചെയ്തിട്ടില്ലെന്നും ജയരാജൻ അറിയിച്ചു.

കേസ് നിലനിൽക്കില്ലെന്നു കോടതി പറഞ്ഞു

മാസങ്ങൾക്കുമുൻപുതന്നെ കേസ് നിലനിൽക്കില്ലെന്നു ഓപ്പൺ കോർട്ടിൽ കോടതി പറഞ്ഞിരുന്നു. കേസ് എന്ത് അടിസ്ഥാനത്തിലാണ് എടുത്തതെന്നും ചോദിച്ചു. കേസിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. ബന്ധുവാകണമെങ്കിൽ രക്തബന്ധം വേണം. കീഴ്‌വഴക്കങ്ങളും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് ഒരു തരത്തിലും കേസ് നിലനിൽക്കുന്നതല്ല. എന്തടിസ്ഥാനത്തിലാണു വിജിലൻസ് കേസെടുത്തതെന്നു കോടതി ചോദിച്ചിട്ടുണ്ട്. വിശദമായി പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കുകയാണെന്നും ഉത്തരവു പിന്നീടിറക്കാമെന്നും അന്നു പറഞ്ഞിരുന്നു.

കേസിനു പിന്നിൽ ജേക്കബ് തോമസ്

വിവാദത്തിൽ ഒരു തെറ്റുമില്ലെന്നു ഞങ്ങൾക്കറിയാമെന്ന് അന്വേഷണ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ദിവസം ഡിജിപി ജേക്കബ് തോമസ് വിളിച്ചുവരുത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. അധികാര ദുർവിനിയോഗം, ബന്ധുനിയമനം എന്നിവ കണക്കിലെടുത്തു കേസെടുക്കണമെന്ന് ‍ഡിജിപി ആവശ്യപ്പെട്ടു. കോടതിയിൽ എത്തിയാൽ കേസ് നിലനിൽക്കില്ലെന്ന് അറിയിച്ചപ്പോൾ അതു കോടതിയുടെ പണിയാണ്. അവർ നോക്കിക്കോളും എന്നാണ് ജേക്കബ് തോമസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്.

വിജിലൻസ് തന്നെ തയാറാക്കിയ കേസ് അവരിപ്പോൾ പിൻവലിച്ചു. കേസ് സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

related stories