Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വികസനത്തിനു പണം വേണം; ഇന്ധനവില വർധന ന്യായീകരിച്ച് അരുൺ ജയ്റ്റ്ലി

Arun Jaitley

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ പ്രസ്താവന വിവാദമായതിനു പിന്നാലെ ഇന്ധനവില വർധനയെ ന്യായീകരിച്ച് കേന്ദ്ര ധനമന്ത്രി അരുൺ‌ ജയ്റ്റ്ലിയും രംഗത്ത്. രാജ്യത്തിന്റെ വികസനത്തിനു ധാരാളം പണം ആവശ്യമാണ്. നികുതി വരുമാനമാണ് ആ പണം കണ്ടെത്താനുള്ള പ്രധാന മാർഗം. വിമർശനം ഉന്നയിക്കുന്ന കോൺഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയാറല്ല. അവർക്കും നികുതി വരുമാനം ആവശ്യമാണ്. യുഎസിൽ വീശിയടിച്ച ഇർമ കൊടുങ്കാറ്റും ഇവിടെ ഇന്ധനവില വർ‌ധിക്കാൻ കാരണമായെന്നു ജയ്റ്റ്ലി പറഞ്ഞു.

ഇന്ധനവില വർധന കേന്ദ്ര സർക്കാരിന്റെ മനഃപൂർവമുള്ള നടപടിയാണെന്നും വാഹനമുള്ളവർ പട്ടിണി കിടക്കുന്നവരല്ലെന്നുമാണ് അൽഫോൻസ് കണ്ണന്താനം പറഞ്ഞത്. പെട്രോൾ‌ ഉപയോഗിക്കുന്നത് അതിനുള്ള സമ്പാദ്യമുണ്ടായിട്ടാണ്. പാവപ്പെട്ടവർക്കുള്ള ക്ഷേമനിധിക്കു പണം കണ്ടെത്തുന്നതു പെട്രോൾ ഉൽപന്നങ്ങളുടെ നികുതിയിൽ‌നിന്നാണ്. രാജ്യത്തെ ഏറ്റവും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യമാക്കിയാണു മോദി സർക്കാർ പ്രവർത്തിക്കുന്നത്. അവർക്കു ഭക്ഷണം, വീട്, വിദ്യാഭ്യാസം, തൊഴിൽ ഇവ ഉറപ്പുവരുത്താനായി ലക്ഷക്കണക്കിനു കോടി രൂപ ആവശ്യമാണ്. പെട്രോളിയം വിലവർധന ഉൾപ്പടെയുള്ളവയിൽനിന്നു കിട്ടുന്ന പണം ഇതിനായാണു സർക്കാർ ഉപയോഗിക്കുന്നതെന്നും കണ്ണന്താനം പറഞ്ഞു.

സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാൽ ഇന്ധനം ചരക്ക്, സേവന നികുതിക്ക് (ജിഎസ്ടി) കീഴിൽ കൊണ്ടുവരുന്നതു പരിഗണിക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാൽ, പ്രധാന വരുമാനമാർഗമായ ഇന്ധനവിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ തയാറല്ല. ‌പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധനയിലൂടെ കേന്ദ്ര സർക്കാരിനു കിട്ടിയത് 6.2 ലക്ഷം കോടി രൂപയുടെ ലാഭമാണ്. മൻമോഹൻ സിങ് അധികാരമൊഴിഞ്ഞ 2014 ൽ ക്രൂഡോയിൽ ഇറക്കുമതിക്കു ചെലവ് 8.65 ലക്ഷം കോടി രൂപയായിരുന്നത്, നരേന്ദ്രമോദി അധികാരമേറ്റു മൂന്നു വർഷം കഴിയുമ്പോൾ (2017) 2.52 ലക്ഷം കോടിയായി കുറഞ്ഞിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകൾക്കെതിരെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ കുറിപ്പുകളും ട്രോളുകളും പോസ്റ്റ് ചെയ്തും പ്രതിഷേധം അരങ്ങേറുന്നുണ്ട്.